ചപ്പനും കിഴങ്ങനും കൊഞ്ഞനം കുത്തിയാല്‍ കൊലപാതകം; പാലക്കാട് ഹര്‍ത്താലിന്റെ അരാഷ്ട്രീയ കാരണങ്ങളറിയുക

ഒരു കൊഞ്ഞനം കാണിക്കലില്‍ തുടങ്ങി കൊലപാതകവും പിന്നെ ഹര്‍ത്താലും; രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള അടിയ്ക്ക് കാവലൊരുക്കി പാലക്കാട്ടെ രാഷ്ട്രീയ നേതൃത്വം

ചപ്പനും കിഴങ്ങനും കൊഞ്ഞനം കുത്തിയാല്‍ കൊലപാതകം; പാലക്കാട് ഹര്‍ത്താലിന്റെ അരാഷ്ട്രീയ കാരണങ്ങളറിയുക

പാലക്കാട്: അക്രമത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനുഭാവിയുടെ മരണത്തില്‍ പ്രതിഷേധിച്ചു ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതീക്ഷിച്ച പോലെ പൂര്‍ണ്ണവും ഈ വാര്‍ത്ത തയ്യാറാക്കി കൊണ്ടിരിക്കുന്നതു വരെ ശാന്തവുമാണ്. പക്ഷെ ഇന്നത്തെ പാലക്കാട്ടെ ഹര്‍ത്താല്‍ പകല്‍ ശാന്തമായാലും രാത്രിയില്‍ വീണ്ടും ഇരുസംഘങ്ങളും ആയുധങ്ങള്‍ക്കു രക്ത പൂജ നടത്താനുള്ള ഗൂഢാലോചന നടത്തുന്നുണ്ടെന്നു ഭയക്കുന്നവരുണ്ട്. കാരണം കേവലം എഴുപതില്‍ താഴെ കുടുംബങ്ങള്‍ താമസിക്കുന്ന പുതുശ്ശേരി പഞ്ചായത്തിലെ മുക്രോണി എന്ന ചെറിയ സ്ഥലത്തെ രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ് ഇന്നു ജില്ല മുഴുവന്‍ ബാധിക്കുന്ന ഹര്‍ത്താലായി മാറിയത്.


ഇന്നലെ രാധാകൃഷ്ണന്റെ ജീവിതം പൊലിഞ്ഞതും നിരവധി വാഹനങ്ങളും വീടുകളും തകര്‍ത്തതും ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്നതും പാര്‍ട്ടികളുടെ പേരില്‍ വേഷം കെട്ടിയ രണ്ടു ഗുണ്ടാ സംഘങ്ങളാണ്. ഈ ഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിർത്തുന്നതിനു പകരം ഈ ഗുണ്ടാ സംഘങ്ങള്‍ ഉണ്ടെങ്കിലേ, ഈ മേഖലയില്‍ രാഷ്ടീയ പ്രവര്‍ത്തനം നടത്താന്‍ കഴിയൂ എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുകയാണ് ഇരു പാര്‍ട്ടികളും. പാര്‍ട്ടികളുടെ പേരില്‍ ക്വട്ടേഷന്‍ സ്വീകരിച്ച് അഴിഞ്ഞാടുന്ന ഈ സംഘങ്ങളെ നിലയ്ക്കു നിർത്താന്‍ ഇരു പാര്‍ട്ടികളും പൊലിസും തയ്യാറാകുന്നില്ലെങ്കില്‍ പാലക്കാട് ഇനിയും കലാപത്തിന്റെ ഭൂമിയായി മാറും.

എന്താണു പാലക്കാട് നടക്കുന്നത്?


പുതുശ്ശേരി പഞ്ചായത്തിലെ ചെറിയ പ്രദേശമാണ് മുക്രോണി. എഴുപതിനടുത്തു കുടുംബങ്ങള്‍ മാത്രമാണ് ഈ സ്ഥലത്തു താമസിക്കുന്നത്. ബി ജെ പി യിലെ രണ്ടു പ്രാദേശിക നേതാക്കളായ ചപ്പന്‍ ബിനുവും കിഴങ്ങന്‍ രാജേഷും ഇവിടെ അടുത്തടുത്തായി താമസിച്ചു വരുന്നുണ്ട്. ചപ്പന്‍, കിഴങ്ങന്‍ തുടങ്ങിയ പേരുകള്‍ കണ്ട് ഇതെന്താ ഇങ്ങനെയെന്നു സംശയിക്കേണ്ട. പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കിഴങ്ങന്‍ എന്നു പറഞ്ഞാല്‍ 'വില്ലന്‍, അടുക്കാന്‍ പറ്റാത്തവന്‍' തുടങ്ങി ധീരതയുടെ പര്യായങ്ങളാണ്. ചപ്പന്‍, കിഴങ്ങന്‍ തുടങ്ങിയ പര്യായങ്ങള്‍ ഇവര്‍ക്ക് ഇങ്ങിനെ ചാര്‍ത്തപ്പെട്ടു കിട്ടിയതാണ്.

രണ്ടുപേരും ബിജെപിയിലെ തന്നെ ഇരുവിഭാഗമായിരുന്നു. ഇരുവിഭാഗം എന്നു പറയുമ്പോള്‍ ബിജെപിയിലും മറ്റു പാര്‍ട്ടികളിലും കണ്ടു വരുന്ന പോലെ ആദര്‍ശത്തിന്റെ പേരിലും നേതാക്കളുടെ പേരിലും രണ്ടു വിഭാഗമായതല്ല. രണ്ടു കൂട്ടരും ഒരേ തൊഴില്‍ ചെയ്യുന്നതിനാല്‍ പരസ്പരം ശത്രുക്കളായതാണ്. രണ്ടു പേരുടേയും പ്രധാന തൊഴില്‍ പലിശയ്ക്കു പണം കൊടുക്കലും കൂലിത്തല്ലും ക്വട്ടേഷനുമൊക്കെയാണ്.

രണ്ടു സംഘങ്ങളും കുറച്ചു പേരെ തങ്ങള്‍ക്കൊപ്പം നിർത്തി രണ്ടു ഗ്രൂപ്പായി ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തമ്മില്‍ തല്ലാന്‍ തുടങ്ങിയതാണ്. നാഗമാണിക്യം കയ്യിലുണ്ടെന്നു പറഞ്ഞ ഒരു തമിഴനെ കൊന്ന കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചപ്പന്‍ ബിനു. അന്നു ബിനുവിനെ ജാമ്യത്തിലിറങ്ങാനും മറ്റും സഹായിച്ചത് സുഹൃത്തായ രാജേഷായിരുന്നു. പിന്നീടാണ് ശത്രുക്കളായി മാറിയത്. നിരവധി കേസുകള്‍ അലങ്കാരമായി സ്വീകരിച്ചയാളാണു കിഴങ്ങന്‍ രാജേഷ്. ഇരു കൂട്ടരും തമ്മിലുള്ള അടി ഒത്തുതീർപ്പാക്കുക എന്നതായിരുന്നു ഇവിടത്തെ ആര്‍ എസ് എസ്, ബി ജെ പി നേതൃത്വത്തിന്റെ അന്നത്തെ പ്രധാന ജോലി.

ചപ്പന്‍ ബിനുവും സംഘവും സി പി ഐഎമ്മിലേക്കു മാറുന്നു


സ്വന്തം പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷം രൂക്ഷമായപ്പോഴാണു ചപ്പന്‍ ബിനുവും മുപ്പതോളം പേര്‍ വരുന്ന സംഘവും സി പി ഐഎമ്മിലേക്കു മാറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുമ്പായിരുന്നു ചപ്പന്റെ പാര്‍ട്ടി മാറ്റം. എന്നാല്‍ ഇതിനു ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ കുറെ കാലത്തേയ്ക്കു പ്രശ്‌നങ്ങളില്ലായിരുന്നു.

ഒരു കൊഞ്ഞനം കാണിക്കലില്‍ തുടങ്ങി കൊലപാതകത്തിലേയ്ക്കും പിന്നെ ഹര്‍ത്താലും


കഴിഞ്ഞ മാസം ഡിസംബറില്‍ ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണു കഞ്ചിക്കോട് സംഘര്‍ഷം തുടങ്ങുന്നത്. ചപ്പന്‍ ബിനുവിന്റെ സംഘത്തില്‍ പെട്ട ഒരാള്‍ രാജേഷിന്റെ സംഘത്തിലെ ഒരാളെ കൊഞ്ഞനം കാണിച്ചു. രണ്ടു തവണ ഇതാവര്‍ത്തിച്ചു. പരാതിയായപ്പോള്‍ കിഴങ്ങനും സംഘവും ചോദിക്കാന്‍ ചെന്നു. കൊഞ്ഞനം കാട്ടിയ ആള്‍ ചപ്പന്റെ അടുത്ത് ഇരിക്കുന്നതാണു കിഴങ്ങന്‍ രാജേഷ് കണ്ടത്. ഇതിനു മറുപടിയെന്നോണം ചപ്പന്റെ കൈ വെട്ടുന്നു. ചപ്പന്റെ അമ്മയ്ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.

രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള അടിക്ക് രാഷ്ട്രീയ നിറം


അക്രമങ്ങള്‍ക്കു രാഷ്ട്രീയ പരിവേഷം കിട്ടുന്നതിനുള്ള ശ്രമങ്ങളാണു പിന്നീട് ഇരു വിഭാഗവും നടത്തുന്നത്. രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള അടിക്കു രാഷ്ട്രീയ നിറം വരുന്നത് സി പി ഐഎം ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കൃഷ്ണന്റെ ബൈക്ക് കത്തിക്കുന്നത് മുതലാണ്. തുടര്‍ന്നു പല രാത്രികളിലായി കഞ്ചിക്കോട് മേഖലയില്‍ ഇരു വിഭാഗങ്ങളും ആക്രമിക്കപ്പെട്ടു. സി പി ഐഎമ്മിന്റേയും ബി ജെ പിയുടേയും ജില്ലാ ഓഫീസുകള്‍ക്കു നേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്നു. ഡിസംബര്‍ 28 വരെ 20 ലേറെ വാഹനങ്ങളും അഞ്ചോളം വീടുകളും തകര്‍ക്കുകയോ തീയിടുകയോ ചെയ്തു. ആക്രമണത്തിന് ഇരയായവരെല്ലാം നിരപരാധികളാണ് എന്നതാണ് വാസ്തവം.

കഴിഞ്ഞ മാസം 28 ന് പുതുശ്ശേരി ചെടയന്‍കലായില്‍ ബി ജെ പി പ്രവര്‍ത്തകന്റെ സഹോദരന്റെ വീടാണ് അക്രമികള്‍ തീയിട്ടത്. വീട്ടിലുണ്ടായിരുന്ന കണ്ണന്‍ (40 ), രാധാകൃഷ്ണന്‍ (46) കണ്ണന്റെ ഭാര്യ വിമല (32) ആദര്‍ശ് (20) എന്നിവര്‍ക്കു പൊള്ളലേറ്റിരുന്നു. വീടിനു മുന്നിലെ ബൈക്കുകളും തൊഴുത്തും കത്തി നശിച്ചു. ബൈക്കിലെ തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ഇവര്‍ക്കു പൊള്ളലേറ്റത്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാധാകൃഷ്ണന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇന്നു ബി ജെ പി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വെറുമൊരു ബി ജെ പി അനുഭാവി മാത്രമായിരുന്ന രാധാകൃഷ്ണന്റെ വീട് ആളു മാറി ആക്രമിച്ചതാണെന്നും സംശയമുണ്ട്. ബിജെപിയില്‍ നിന്നു വിട്ടു വരുന്നവരുടെ പശ്ചാത്തലവും ഉദ്ദേശവും മനസ്സിലാക്കിയിരുന്നെങ്കില്‍ രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു ഭാഗത്ത് സി പി ഐഎം വരില്ലായിരുന്നുവെന്നു വിശ്വസിക്കുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ധാരാളമുണ്ട്.

കഞ്ചിക്കോട് രാഷ്ട്രീയ സംഘര്‍ഷം നടക്കുന്നതു വര്‍ഷങ്ങള്‍ക്കു ശേഷം


1987 മുതല്‍ 1991 വരെ സി പി ഐഎം- ബി ജെ പി സംഘട്ടനങ്ങളില്‍ ഇവിടെ ഏഴുപേരാണ് മരിച്ചിരുന്നത്. നാലു സി പി ഐഎം പ്രവര്‍ത്തകരും മൂന്നു ബി ജെ പി പ്രവര്‍ത്തകരും എന്നിങ്ങനെയായിരുന്നു കണക്ക്. അതിനു ശേഷം മൂന്നു വര്‍ഷം മുമ്പാണ് കഞ്ചിക്കോട് വീണ്ടും രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. രതീഷ് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ സി പി ഐഎമ്മുകാര്‍ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. രാഷ്ട്രീയ കൊലപാതകമെന്നു പുറത്തു പറയപ്പെട്ട കൊലപാതകത്തിനു പിന്നില്‍ യഥാർത്ഥത്തിൽ രാഷ്ട്രീയം ഇല്ലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. ഒരു പെണ്‍കുട്ടിയെ കമന്റ് ചെയ്തത് സി പി ഐഎം പ്രവര്‍ത്തകനായ  സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് രതീഷ് കൊല്ലപ്പെട്ടത്.

Read More >>