'നാവടപ്പിക്കുമെന്നു പറയുന്നവരുടെ മുന്നില്‍തന്നെ ജനങ്ങളെക്കൊണ്ടു സംസാരിപ്പിച്ചിട്ടേ അടങ്ങൂ എന്ന വാശിയായിരുന്നു എനിക്ക്'; ഇന്ത്യ ഒരു താമരക്കു കീഴിലും ഒതുങ്ങേണ്ടതല്ലെന്നു തുറന്നടിച്ച് അ�

എംടി വാസുദേവന്‍ നായര്‍ക്കും കമലിനും എതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ഏകാംഗ നാടകത്തിലൂടെ പ്രതിഷേധിച്ച അലന്‍സിയര്‍ മാധ്യമം ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംഘപരിവാറിനെതിരെയും രാജ്യത്തെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെയും വീണ്ടും രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യ ഒരു രാഷ്ട്രീയകക്ഷിക്കും താമരക്കു കീഴിലും ഒതുങ്ങേണ്ടതല്ലെന്നു തുറന്നടിച്ച് നടന്‍ അലന്‍സിയര്‍. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും എതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ഏകാംഗ നാടകത്തിലൂടെ പ്രതിഷേധിച്ച അലന്‍സിയര്‍ മാധ്യമം ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംഘപരിവാറിനെതിരെയും രാജ്യത്തെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെയും വീണ്ടും രംഗത്തുവന്നിരിക്കുന്നത്.

മുമ്പ് നാടകക്കാരനായിരുന്നപ്പോഴും ഇത്തരം സാമൂഹികവിഷയങ്ങളില്‍ താന്‍ പ്രതികരിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിച്ചപ്പോഴും ഗുലാം അലിയെക്കൊണ്ട് പാടിക്കില്ലെന്നു ബിജെപിയും ആര്‍എസ്എസും വാശിപിടിച്ചപ്പോഴുമായിരുന്നു അത്. പക്ഷേ, അന്നൊന്നും തന്റെ വാക്കുകളെയോ പ്രതിഷേധങ്ങളെയോ ചെവിക്കൊള്ളാന്‍ ഇവിടുത്ത ചാനലുകളോ സമൂഹമാധ്യമങ്ങളോ തയാറായിട്ടില്ല. ഒരു നാടകക്കാരന്റെ പ്രതിഷേധങ്ങളെ ആര്‍ക്കുവേണം. അതുകൊണ്ട് സിനിമ തന്ന പ്രശസ്തി പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങളെക്കൊണ്ട് സംസാരിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു തന്റെ പ്രതിഷേധത്തിനു പിന്നിലെന്നു അലന്‍സിയര്‍ വ്യക്തമാക്കി.


നാവടപ്പിക്കുമെന്നു പറയുന്നവരുടെ മുന്നില്‍ ജനങ്ങളെക്കൊണ്ടു സംസാരിപ്പിച്ചിട്ടേ അടങ്ങൂ എന്ന വാശിയായിരുന്നു തനിക്ക്. അതു വിജയിച്ചു. നമുക്കുനേരെ വിരല്‍ചൂണ്ടിയവര്‍ക്കെതിരെ നമ്മള്‍ വര്‍ത്തമാനം പറഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണല്ലോ ബിജെപിയില്‍തന്നെ കമലിന്റെ വിഷയത്തില്‍ എതിര്‍ ശബ്ദങ്ങള്‍ ഉണ്ടായതെന്നും അലന്‍സിയര്‍ അഭിമുഖത്തില്‍ പറയുന്നു.

നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച എം ടിക്കെതിരെയും അവര്‍ തിരിഞ്ഞു. പക്ഷേ കമലിനോടു പറഞ്ഞതല്ലല്ലോ എം ടിയോടു പറഞ്ഞത്. എം ടിയോടു പാകിസ്താനില്‍ പോകണമെന്നു എന്തുകൊണ്ട് ഇവര്‍ പറഞ്ഞില്ല? അപ്പോള്‍ മതമാണ് ഇവിടുത്തെ പ്രശ്‌നം. ഹിന്ദുവെന്നത് മതമല്ല ഒരു സംസ്‌കാരമാണ്. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടതാണ് ഭാരതം. അത് ഒരു രാഷ്ട്രീയ കക്ഷിക്കും ഒരു കൊടിക്കു കീഴിലോ ഒരു താമരയുടെ കീഴിലോ ഒതുക്കിക്കൊടുക്കേണ്ട സാധനമല്ല- അലന്‍സിയര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രശസ്തിക്കുവേണ്ടിയാണ് താനിതൊക്കെ കാട്ടിക്കൂട്ടിയതെന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറയുന്നു. കാരണം ഏകസ്വരത്തെ താന്‍ ഇഷ്ടപ്പെടുന്നില്ല. ബഹുസ്വരതക്കു വേണ്ടിയാണല്ലോ നമ്മുടെ പോരാട്ടം. പ്രശസ്തിയായിരുന്നു ലക്ഷ്യമെങ്കില്‍ എല്ലാറ്റില്‍നിന്നും സുരക്ഷിത അകലം പാലിച്ച് എസി റൂമില്‍ കിടന്നെനിക്ക് ഉറങ്ങാമായിരുന്നു. പൊരിവെയിലത്ത് പീപ്പിയും ഊതി നടക്കേണ്ട ഒരു ആവശ്യവുമില്ല. കാരണം തന്റെ പ്രതിഷേധം അറിയിക്കേണ്ടത് ഫേസ്ബുക്കിലെ മതില്‍പ്പുറത്തായിരുന്നില്ല. നിങ്ങള്‍ക്കു മുന്നിലായിരുന്നു.

നമ്മുടെ നാട് വലിയൊരു അരക്ഷിതാവസ്ഥയിലേക്കു നീങ്ങുമ്പോഴും നിങ്ങളുടെ ഈ മൗനം തന്നെ പേടിപ്പെടുത്തുന്നതായി പറയുന്ന അലന്‍സിയര്‍ അതു തുടര്‍ന്നാല്‍ ഫാഷിസത്തിന് വഴിയൊരുക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നു. പക്ഷേ, ഒരു കലാകാരനു അതിനു കഴിയില്ല. അവന്‍ സംസാരിക്കും. അങ്ങനെ എതിര്‍ത്തുസംസാരിക്കുന്നവരെ കൊന്നുതള്ളിയിട്ടുണ്ട്. അത് ഇപ്പോള്‍ തുടങ്ങിയതല്ല. സ്വേച്ഛാധിപത്യകാലം മുതല്‍ക്കേ ഇത്തരം കൊന്നുതള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ല. അങ്ങനെ ജനാധിപത്യം നഷ്ടപ്പെടുമെന്നു തോന്നുന്ന ഘട്ടത്തില്‍ നമ്മള്‍ പ്രതികരിക്കണം. അങ്ങനെ പ്രതികരിക്കേണ്ടത് കലാകാരന്റെ കടമയാണെന്നു താന്‍ വിശ്വസിക്കുന്നു- അലന്‍സിയര്‍ പറയുന്നു.

നിങ്ങള്‍ നാവടക്കൂ. ഞങ്ങള്‍ പറയുന്നതു മാത്രം കേള്‍ക്കൂ, ഞങ്ങള്‍ പറയുന്നതു മാത്രം ചെയ്യൂ എന്നു പറയുന്നതില്‍ ഒരു ദുസ്സൂചനയുണ്ടല്ലോ. അത് ഫാഷിസമാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്ന ഒരു നേതാവാണ് അതു പറയുന്നതും. അതിനാല്‍ ഒരു വ്യക്തിയുടെ ജല്‍പ്പനങ്ങളായോ വിവരമില്ലായ്മയായോ അതിനെ എഴുതിത്തള്ളാന്‍ നാം ശ്രമിക്കുമ്പോഴാണ് വീണ്ടും വീണ്ടും ഇവര്‍ കടുത്ത ഭാഷയില്‍ നമ്മള്‍ക്കെതിരെ വരുന്നതെന്നും രാഷ്ട്രീയപാര്‍ട്ടിയല്ല നമ്മള്‍ എങ്ങോട്ടുപോകണമെന്നു പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ, മനുഷ്യനെ ജാതീയമായും വര്‍ഗപരമായും വേര്‍തിരിക്കരുത്. അത് വലിയ അപകടം ചെയ്യും. എന്തിനാണു പാകിസ്താനിലേക്ക് കടത്തിക്കളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. പാകിസ്താന്‍ എന്താ നരകമാണോ? അതിരുകളില്ലാത്ത ലോകത്തെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന മാനവികതയെക്കുറിച്ചുമാണ് തന്റെ വിശ്വാസം. അത് എന്നെങ്കിലും ഉണ്ടാകും. അങ്ങനെയെങ്കില്‍ മാത്രമേ സ്വര്‍ഗം ഉണ്ടാകൂ. അല്ലെങ്കില്‍ ഇവിടവും നരകം തന്നെയാവും- അലന്‍സിയര്‍ അഭിമുഖത്തില്‍ പറയുന്നു.

Read More >>