പി വി അബ്ദുല്‍ വഹാബ്‌ എംപി വയനാട്ടിലെ തേയിലത്തോട്ടം അടച്ചുപൂട്ടിയത്‌ ടൂറിസത്തിനു വേണ്ടി; തൊഴിലാളികള്‍ കുടില്‍കെട്ടി സമരത്തിലേക്ക്‌

മേപ്പാടിക്കടുത്തുള്ള ചെമ്പ്ര എസ്റ്റേറ്റ്‌ എന്ന ഫാത്തിമ ഫാംസാണ്‌ കഴിഞ്ഞ ഒക്ടോബറില്‍ 27ന്‌ നഷ്ടക്കണക്ക്‌ പറഞ്ഞ്‌ അടച്ചുപൂട്ടിയത്‌. തൊഴിലാളികളെപ്പോലും അറിയിക്കാതെയായിരുന്നു അടച്ചുപൂട്ടല്‍. സാധാരണനിലയില്‍ അടച്ചുപൂട്ടുന്നതിനു ആറാഴ്‌ച്ച മുമ്പ്‌ നോട്ടീസ്‌ നല്‍കണമെന്നിരിക്കെ ട്രേഡ്‌ യൂണിയന്‍ പ്രതിനിധികള്‍പോലും കാര്യം അറിഞ്ഞില്ല. ഇല്ലാത്ത നഷ്ടക്കഥയുണ്ടാക്കി തോട്ടം പൂര്‍ണ്ണമായും ടൂറിസത്തിന് ഉപയോഗിക്കാനാണ്‌ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്‌. മലമടക്കുകളാലും പച്ചപ്പാര്‍ന്ന പ്രദേശങ്ങളാലും സമ്പന്നമായ ചെമ്പ്രയില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയാണ്‌ ലക്ഷ്യം.

പി വി അബ്ദുല്‍ വഹാബ്‌ എംപി വയനാട്ടിലെ തേയിലത്തോട്ടം അടച്ചുപൂട്ടിയത്‌ ടൂറിസത്തിനു വേണ്ടി; തൊഴിലാളികള്‍ കുടില്‍കെട്ടി സമരത്തിലേക്ക്‌

നൂറുകണക്കിനു തൊഴിലാളികളെ പെരുവഴിയിലാക്കി വയനാട്ടിലെ തേയിലത്തോട്ടം അടച്ചുപൂട്ടി ടൂറിസം പ്രൊജക്ട്‌ ആരംഭിക്കാന്‍ മുസ്ലിംലീഗ്‌ നേതാവ്‌ പി വി അബ്ദുല്‍ വഹാബ്‌ എംപിയുടെ നീക്കം. 800 ഏക്കര്‍ വരുന്ന തോട്ടത്തില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനുള്ള നീക്കം അണിയറയില്‍ സജീവമായി. അതേസമയം സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ അടുത്തദിവസം മുതല്‍ തൊഴിലാളികള്‍ കുടില്‍കെട്ടി സമരം ആരംഭിക്കും.

മേപ്പാടിക്കടുത്തുള്ള ചെമ്പ്ര എസ്റ്റേറ്റ്‌ എന്ന ഫാത്തിമ ഫാംസാണ്‌ കഴിഞ്ഞ ഒക്ടോബറില്‍ 27ന്‌ നഷ്ടക്കണക്ക്‌ പറഞ്ഞ്‌ അടച്ചുപൂട്ടിയത്‌. തൊഴിലാളികളെപ്പോലും അറിയിക്കാതെയായിരുന്നു അടച്ചുപൂട്ടല്‍. സാധാരണനിലയില്‍ അടച്ചുപൂട്ടുന്നതിനു ആറാഴ്‌ച്ച മുമ്പ്‌ നോട്ടീസ്‌ നല്‍കണമെന്നിരിക്കെ ട്രേഡ്‌ യൂണിയന്‍ പ്രതിനിധികള്‍പോലും കാര്യം അറിഞ്ഞില്ല. 340 തൊഴിലാളികളാണ്‌ അബ്‌ദുല്‍ വഹാബിന്റെ ലാഭക്കൊതി മൂലം വഴിയാധാരമായിരിക്കുന്നത്‌.


ഇല്ലാത്ത നഷ്ടക്കഥയുണ്ടാക്കി തോട്ടം പൂര്‍ണ്ണമായും ടൂറിസത്തിനു ഉപയോഗിക്കാനാണ്‌ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്‌. മലമടക്കുകളും പച്ചപ്പാര്‍ന്ന പ്രദേശങ്ങളാലും സമ്പന്നമായ ചെമ്പ്രയില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയാണ്‌ ലക്ഷ്യം. കുടില്‍കെട്ടല്‍ നാളത്തെ യോഗത്തിനു ശേഷം തുടങ്ങാനാണ്‌ തീരുമാനമെന്ന്‌ സമരസഹായസമിതി കണ്‍വീനര്‍ (പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ്‌) വയനാട്‌ ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ നാരദ ന്യൂസിനോടു പറഞ്ഞു.

മനഃസാക്ഷിയില്ലാത്ത മാനേജ്‌മെന്റ്‌


16 വര്‍ഷമായി പി വി അബ്ദുല്‍ വഹാബ്‌ എംപിയുടെ ഉടമസ്ഥയിലാണ്‌ ചെമ്പ്ര തേയിലത്തോട്ടമുള്ളത്‌. തേയില വ്യവസായത്തേക്കാള്‍ ലാഭം ടൂറിസമാണെന്നു മനസ്സിലാക്കിയ വഹാബ്‌ കുറച്ചുകാലങ്ങളായി തൊളിലാളികളെ പിരിച്ചുവിടാന്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2014-2015 വര്‍ഷത്തെ ബോണസ്സ്‌ നിഷേധിച്ചു. മറ്റ്‌ ചില ആനുകൂല്യങ്ങളിലും കൈവച്ചു. തുടര്‍ന്ന്‌ ശമ്പളം നല്‍കുന്നതിലും കാലതാമസം പതിവായി. പിന്നീടു ശമ്പളവും നിഷേധിക്കപ്പെട്ടതോടെ 2016 സെപ്‌തംബറില്‍ തൊഴിലാളികള്‍ സമരം തുടങ്ങി.

പ്രശ്‌നം ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കാമെന്ന്‌ മാനേജ്‌മെന്റ് അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന്‌ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു. ഇതിനിടെയാണ്‌ യാതൊരു മുന്നറിയിപ്പുമില്ലാതെ തോട്ടം ലോക്കൗട്ട്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ ട്രേഡ്‌ യൂണിയന്‍ പ്രതിനിധികള്‍ ഇടപെട്ട്‌ മാനേജ്‌മെന്റ്‌ അധികാരികളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പല ദിവസങ്ങളിലായി തിരുവനന്തപുരം, കോഴിക്കോട്‌, കല്‍പറ്റ എന്നിവിടങ്ങളില്‍ ചര്‍ച്ച നടന്നെങ്കിലും മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ മാറിനിന്നു.

കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ്‌ തോട്ടത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍. തോട്ടം വേണ്ടവിധം പരിപാലിക്കാത്തതിനാല്‍ വരുമാനത്തില്‍ ഇടിവുണ്ടായിരുന്നു. മനഃപൂര്‍വം നഷ്ടം സൃഷ്ടിച്ച്‌ തോട്ടം അടച്ചുപൂട്ടുകയായിരുന്നെന്ന്‌ തൊഴിലാളികള്‍ പറയുന്നു. മാനേജ്‌മെന്റ്‌ ചര്‍ച്ചയ്‌ക്ക്‌ പോലും തയ്യാറാവാത്ത സാഹചര്യത്തിലാണ്‌ തോട്ടം തുറക്കുന്നതു വരെ കുടില്‍കെട്ടി സമരം ചെയ്യാന്‍ തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്‌.


തൊഴിലാളികള്‍ എസ്റ്റേറ്റ്‌ പിടിച്ചെടുക്കും


പി വി അബ്ദുല്‍ വഹാബ്‌ എംപിയുടെ ഉടമസ്ഥയിലുള്ള ചെമ്പ്ര എസ്റ്റേറ്റ്‌ പിടിച്ചെടുക്കാനാണ്‌ തൊഴിലാളികളുടെ തീരുമാനം. രണ്ട്‌ ഏക്കര്‍ വീതം ഭൂമി കൈവശപ്പെടുത്തിയാവും തൊഴിലാളികള്‍ കുടില്‍കെട്ടുക. 340 തൊഴിലാളികള്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ ബാക്കി മിച്ചഭൂമിയാക്കി നിലനിര്‍ത്താനാണ്‌ തീരുമാനം. സംയുക്ത ട്രേഡ്‌ യൂണിയന്‍ കൂടാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളികളുടെ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. തോട്ടം തുറന്നുപ്രവര്‍ത്തിക്കുക, ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളുടെയും കുടിശ്ശിക തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ പരിഹാരമാകുന്നത്‌ വരെ സമരം തുടരും.

ഹെക്ടര്‍ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആയിരത്തോളം തൊഴിലാളികളാണ്‌ ഇവിടെ ജോലിക്ക്‌ വേണ്ടത്‌. ഹെക്ടറില്‍ രണ്ടേകാല്‍ തൊഴിലാളിയെന്നതാണ്‌ സേവന വ്യവസ്ഥ. എന്നാല്‍ ഇപ്പോഴുള്ളത്‌ അതിന്റെ പകുതി തൊഴിലാളികള്‍ മാത്രമാണ്‌. 340 തൊഴിലാളികളാണ്‌ ആയിരത്തോളം തൊഴിലാളികളുടെ സേവനഭാരം ചുമക്കുന്നത്‌. ടൂറിസം പ്രൊജക്ട്‌ തുടങ്ങുന്നതോടെ 100 തൊഴിലാളികളെ മാത്രമാണ്‌ ഇവര്‍ക്ക്‌ വേണ്ടിവരിക. ബാക്കിയുള്ളവരെ പിരിച്ചുവിടുന്നതിനാണ്‌ ലോക്കൗട്ടിലേക്ക്‌ പോയതെന്ന്‌ ബിഎംസ്‌ ജില്ലാ സെക്രട്ടറി മുരളി നെടുമ്പാല ആരോപിക്കുന്നു. കളക്ടറേറ്റ്‌ മാര്‍ച്ച്‌ ഉള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും എസ്‌റ്റേറ്റ്‌ മാനേജ്‌മെന്റ്‌ നിഷ്‌ക്രിയത്വം തുടര്‍ന്ന സാഹചര്യത്തിലാണ്‌ തോട്ടം പിടിച്ചെടുക്കാന്‍ തൊഴിലാളികളുടെ തീരുമാനം. എസ്റ്റേറ്റ്‌ ലോക്കൗട്ട്‌ ചെയ്‌തതിനെത്തുടര്‍ന്ന്‌ കൊളുന്തെടുത്ത്‌ വില്‍പ്പന നടത്തിയാണ്‌ തൊഴിലാളികള്‍ ഉപജീവനം തേടുന്നത്‌.

ടൂറിസത്തിലേക്കുള്ള വഴിമാറ്റത്തിനു പിന്നില്‍


ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന മലനിരയാണ്‌ ചെമ്പ്ര പീക്ക്‌. വിനോദസഞ്ചാരികളുടെ പറുദീസയായ ചെമ്പ്ര പീക്കിന്റെ അടിവാരത്താണ്‌ വഹാബിന്റെ തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്‌. മേപ്പാടി പഞ്ചായത്തില്‍ വരുന്ന ചെമ്പ്ര മലയുടെ 2050 മീറ്റര്‍ ഉയരത്തിലാണ്‌ പ്രസിദ്ധമായ ഹൃദയസരസ്സ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രകൃതി സൗന്ദര്യം അതിന്റെ പാരമ്യത്തില്‍ അഭിരമിക്കുന്ന ജൈവസമ്പന്നമായ ഇടംകൂടിയാണിത്‌. പശ്ചിമഘട്ടത്തിലെ സുപ്രധാന ഹോട്ട്‌ സ്‌പോട്ടായ ഇവിടെ നിരവധി അപൂര്‍വമായ മരങ്ങളും ഔഷധച്ചെടികളും പുല്‍മേടുകളും ഉണ്ട്‌.

ആരുടെയും മനംകുളിര്‍ക്കുന്ന പ്രകൃതിയുടെ നയനമനോഹര കാഴ്‌ച്ചകള്‍ തേടിയെത്തുന്നവരെ മാര്‍ക്കറ്റ്‌ ചെയ്യുകയെന്ന ഗൂഢലക്ഷ്യമാണ്‌ അബ്ദുൾ വഹാബിന്റേതെന്ന്‌ വ്യക്തം. ചെമ്പ്ര എസ്റ്റേറ്റില്‍ വഹാബിന്റെതായുള്ള തേക്കിന്‍ത്തടികളില്‍ തീര്‍ത്തൊരു ഗസ്റ്റ്‌ ഹൗസ്‌ ഉണ്ട്‌. ഇത്‌ റിസോര്‍ട്ട്‌ ആയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. പല ഉന്നതരും ഇവിടെ വന്നു താമസിക്കാറുണ്ട്‌. തോട്ടത്തില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ അനുമതി ലഭിച്ചതായാണ്‌ മാനേജ്‌മെന്റിന്റെ വാദം. ഇതിന്റെ മറവിലാണ്‌ പുതിയ നീക്കം. തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന്‌ എസ്‌റ്റേറ്റിന്റെ മേല്‍നോട്ടം വഹിക്കുന്ന അബ്ദുല്‍ വഹാബിന്റെ സഹോദരന്‍ പി വി മുബാറക്‌ നാരദാ ന്യൂസിനോടു പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ മുബാറക്‌ തയ്യാറായില്ല.

Photos Courtesy: google

Read More >>