തൊഴിലുറപ്പു പദ്ധതിക്ക് ഇനി ആധാര്‍ നിര്‍ബന്ധം; പദ്ധതി അട്ടിമറിയുമോ?

തൊഴില്‍ ദിനങ്ങള്‍ ലഭിക്കാൻ രജിസ്റ്റര്‍ ചെയ്ത എല്ലാവരും ആധാര്‍ ഹാജരാക്കേണ്ടി വരും. അധികാരത്തില്‍ എത്തിയാല്‍ ആധാര്‍ പിന്‍വലിക്കുമെന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്.

തൊഴിലുറപ്പു പദ്ധതിക്ക് ഇനി ആധാര്‍ നിര്‍ബന്ധം; പദ്ധതി അട്ടിമറിയുമോ?

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് ഏപ്രില്‍ ഒന്നു മുതല്‍ കേന്ദ്രസര്‍സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. പദ്ധതിക്കു കീഴില്‍ 100 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതിനു രജിസ്റ്റര്‍ ചെയ്ത എല്ലാവരും ആധാര്‍ ഹാജരാക്കേണ്ടി വരും. കാബിനറ്റ് സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഗ്രാമീണ ജനങ്ങളിൽ ഇനിയും ആധാർ എത്തിച്ചേരാത്ത നിലക്ക് തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാനാണോ പുതിയ നീക്കമെന്നും ആശങ്കയുണർന്നു.


തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ മാര്‍ച്ച് 31 നകം ആധാര്‍ എടുത്തിട്ടുണ്ടെന്ന രേഖയാണ് സര്‍േപ്പിക്കേണ്ടതെന്നാണ്‌സൂചന. എന്നാല്‍ ആധാര്‍ കാര്‍ഡില്ലെങ്കിലും തൊഴിലുറപ്പ് പദ്ധതിയുടെ നേട്ടം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനായി റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോയുള്ള കിസാന്‍ പാസ്ബുക്ക്, ഗസറ്റഡ് ഓഫിസര്‍ ഒപ്പുവച്ച സാക്ഷ്യപത്രം, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിട്ടിയ തൊഴില്‍കാര്‍ഡ് എന്നിവ ഉപയോഗിക്കാം. പക്ഷേ ഇക്കാര്യങ്ങള്‍ ആധാര്‍ ലഭിക്കുന്നതുവരെമാത്രമേ ഉപയോഗിക്കാനാവു എന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിക്കുന്നു.

ഇതിനിടയില്‍ ആധാറില്ലാത്തവര്‍ ആധാറിന് അപേക്ഷിച്ചിട്ടുണ്ടങ്കില്‍ അതിന്റെ എന്‍ട്രോള്‍ ലിസ്റ്റോ അപേക്ഷയുടെ കോപ്പി ഹാജരാക്കണം. കേന്ദ്രം ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 38500 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 3,800 കോടി രൂപ അധികമാണിത്.

ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വകമാറ്റുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എംപ്ലോയീസ് പെന്‍ഷന്‍ സ്‌ക്കീം(ഇപിഎഫ്) ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. മാത്രമല്ല, രാജ്യത്തെ പശുക്കള്‍ക്കും പോത്തിനും ആധാര്‍ മോഡല്‍ കാര്‍ഡ് നല്‍കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുനടപ്പില്‍ വരുത്തിയ ആധാറിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത പാര്‍ട്ടികൂടിയാണ് ബിജെപി. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി ആധാറിനെ എതിര്‍ത്തിരുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആധാര്‍ പിന്‍വലിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ നേതാക്കള്‍ പറഞ്ഞിരുന്നതും. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നു അധികാരത്തിലെത്തിയതോടെ ആധാറിനെ പിന്തുണയ്ക്കുന്ന നടപടിയാണ് ബിജെപി കൈക്കൊണ്ടത്.

Read More >>