ലക്ഷ്മി നായരോട് മാധ്യമ സമ്മേളനം ചോദിക്കാതെ പോയത് എ. സഹദേവന്‍ ചോദിക്കുന്നു

കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എ. സഹദേവന്‍ ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളേയും ആരോപണങ്ങളെയും കണ്ടില്ലെന്നു നടിച്ച് ലക്ഷ്മി നായര്‍ നടത്തിയ മാധ്യമസമ്മേളനത്തില്‍ ഉയരാതെ പോയ ചോദ്യങ്ങള്‍...

ലക്ഷ്മി നായരോട് മാധ്യമ സമ്മേളനം ചോദിക്കാതെ പോയത് എ. സഹദേവന്‍ ചോദിക്കുന്നു

എ. സഹദേവൻ
പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ നടത്തിയ പത്രസമ്മേളനത്തില്‍ 'ലോ അക്കാദമി എയ്ഡഡ് സ്ഥാപനമല്ലെന്നും പ്രൈവറ്റ് കോളേജ് ആണെന്നും' അറിയിച്ചിരിക്കുന്നു. എല്ലാ ആരോപണങ്ങളും സ്വാഭാവികമായും പ്രിന്‍സിപ്പാള്‍ നിഷേധിച്ചിട്ടുണ്ട്. ഇതൊരു പ്രൈവറ്റ് കോളെജ് ആണെന്ന പറച്ചില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തികള്‍ക്ക് ഉള്ള ന്യായവാദമായി തോന്നി.

ഇതൊരു പ്രൈവറ്റ് കോളേജാണെങ്കില്‍ ഒരു ചോദ്യമുണ്ട്. തിരുവനന്തപുരം നഗരത്തിലെ ലോ അക്കാദമിക്കല്ലാതെ കേരളത്തിലെ ഏതെങ്കിലും ഒരു നഗരത്തില്‍ ഒരു കോളേജിന് സര്‍ക്കാര്‍ വക സ്ഥലം പാട്ടത്തിന് കൊടുത്തിട്ടുണ്ടോ?


1968-ല്‍ സര്‍ക്കാര്‍ 11 ഏക്കര്‍ 49 സെന്റ് ഭൂമി ആദ്യം മൂന്നു വര്‍ഷത്തേക്കും പിന്നീട് 30 വര്‍ഷത്തേക്കും പാട്ടത്തിനു നല്കിയതായി ലോ അക്കാദമി വെബ് സൈറ്റില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. നിയമപഠനങ്ങള്‍ക്കു സംസ്ഥാനത്ത് ഉന്നതനിലവാരമുള്ള ഒരു സ്ഥാപനം ആവശ്യമാണെങ്കില്‍ അതിന് സര്‍ക്കാര്‍ സൗകര്യം ലഭ്യമാക്കേണ്ടതുതന്നെ.

ആദ്യം സൊസൈറ്റി ആയി രൂപീകരിച്ച് അതിന്റെ നടത്തിപ്പിനായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായി മുന്നില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന് നല്‍്കിയത് ഇപ്പോള്‍ വിമര്‍ശന വിഷയമാക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ പാട്ട വ്യവസ്തകള്‍ എന്തെല്ലാമായിരുന്നു, ആ വ്യവസ്ഥകള്‍ ഇതുവരേ കൃത്യമായി പാലിക്കപ്പെട്ടോ?

ഇതു പരിശോധിക്കാന്‍ സംവിധാനമുണ്ടായിരുന്നോ? മുപ്പതു വര്‍ഷം കഴിഞ്ഞ് പാട്ടവ്യവസ്ഥയില്‍ എന്ത് പുനരാലോചന ഉണ്ടായി?
ഇപ്പോഴത്തെ പാട്ട നില എന്ത്?

ആ സൊസൈറ്റിയാണോ ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നത്?
അതോ ഇത് ആരുടെയെങ്കിലും 'സ്വന്തം സ്ഥാപന'മായി കഴിഞ്ഞോ?
സ്ഥാപനം കൊണ്ട് ആ പ്രദേശത്തിനോ നിര്‍ണ്ണായകമായ തോതില്‍ ജനസമൂഹത്തിനോ ഗുണപരമായ മാറ്റമുണ്ടായോ? അതൊ ഗുണം ഉണ്ടായത്ഇപ്പോഴത്തെ മാനേജുമെന്റിനോ?
ആ നേട്ടം ധനമോ സമ്പത്തോ തന്നെ ആവണമെന്നില്ല. അധികാര സ്ഥാനങ്ങളില്‍ സ്വാധീനം ഉണ്ടാകുന്നതു സമ്പത്തിനേക്കാള്‍ ഗുരുതരമായ ഒന്നാണ്.വിവരാവകാശനിയമമനുസരിച്ച് അത് പതിവായി അന്വേഷിക്കുന്നവര്‍ ഇവയുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുമോ?
ഇന്നു എറണാകുളത്ത് കേരള മീഡിയ അക്കാദമിയില്‍ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ നല്കിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമായിരുന്നു.

'മാധ്യമപ്രവര്‍ത്തകര്‍ ആരേയും ഭയപ്പെടുത്തേണ്ടതില്ല, ആരേയും ഭയപ്പെടുത്തുകയുമരുത്. അങ്ങനെ വേണം ജോലി നിര്‍വഹിക്കുവാന്‍'.
അതെ അത് സമൂഹത്തിലെ എല്ലാത്തരം ജോലി നിര്‍വഹിക്കുന്നവര്‍ക്കും എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണല്ലൊ.
ലോ അക്കാദമിക്കും. ടോംസ് എഞ്ചിനീയറിങ്ങ് കോളേജിനും, പാമ്പാടി നെഹ്രു കോളേജിനും എല്ലാം...