ഇടിമുറിയുള്ള കോളേജുകള്‍ ഇടിച്ചു നിരത്തണം; അന്വേഷിക്കൂ, സ്വാശ്രയ കോളേജിലെ മക്കളൊക്കെ ജീവനോടെയുണ്ടോ...?

നീതി ലഭിക്കേണ്ടത് കേരളീയ പൊതു ബോധത്തിനാണ് . പോലീസ് സ്റ്റേഷനുകളിലെ ഇടിമുറികള്‍ പോലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ കുട്ടികളെ നിരന്തരം പീഡിപ്പിക്കുന്നതിന് ഒരു മുറി. ജിഷ്ണു നിങ്ങളുടെ മരണത്തിനു ഉത്തരവാദി കേരളത്തിലെ ഓരോ മാതാപിതാക്കളും ആണ്- നെഹ്റുകോളേജിലെ ജിഷ്ണുവിന്‍റെ ആത്മഹത്യ സ്വാശ്രയ കോളേജുകളിലെ ഇടിമുറികളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവിടുന്നത്

ഇടിമുറിയുള്ള കോളേജുകള്‍ ഇടിച്ചു നിരത്തണം; അന്വേഷിക്കൂ, സ്വാശ്രയ കോളേജിലെ മക്കളൊക്കെ ജീവനോടെയുണ്ടോ...?

ബാബു എം ജേക്കബ്

അടൂര്‍ എച്ച് ആര്‍ ഡി കോളേജിലെ രണ്ടാം വര്‍ഷം എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിനി രജനി വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത് കേരളത്തിന്റെ നെഞ്ചകം പിളര്‍ന്നു കൊണ്ടായിരുന്നു. വര്‍ഷം പന്ത്രണ്ടു കഴിഞ്ഞു രജനിയുടെ ഓര്‍മ്മകള്‍ക്ക്. കേരളം ഉടനീളം രജനിയ്ക്കായി ശബ്ദമുയര്‍ന്നു. പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. അന്നത്തെ പ്രതിപക്ഷം ആണ് ഇന്നത്തെ ഭരണപക്ഷം.


എവിടെ നിന്നും ഒരു കോണില്‍ നിന്നും ഒരു പ്രതിഷേധ സ്വരങ്ങള്‍ പോലും ഉയരുന്നില്ലെന്നതാണ് 'ഈ വിദ്യാഭ്യാസത്തിന്റെ ഗുണമെന്ന് ഇന്നത്തെ സാഹചര്യത്തില്‍ എടുത്തു പറയേണ്ടതാണ്. എവിടെ ഈ നാട്ടിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ? യുവജന സംഘടനകള്‍ ?

നീതി ലഭിക്കേണ്ടത് കേരളീയ പൊതു ബോധത്തിനാണ് . പോലീസ് സ്റ്റേഷനുകളിലെ ഇടിമുറികള്‍ പോലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ കുട്ടികളെ നിരന്തരം പീഡിപ്പിക്കുന്നതിന്ഒരു മുറി. ജിഷ്ണു നിങ്ങളുടെ മരണത്തിനു ഉത്തരവാദി കേരളത്തിലെ ഓരോ മാതാപിതാക്കളും ആണ്. ഒരൊറ്റ അപ്പനും അമ്മയും അതൊന്നും സമ്മതിച്ചു തരില്ലെങ്കിലും. മക്കളുടെ നല്ലഭാവിയെ കരുതിയല്ലേ ഞങ്ങള്‍ അങ്ങനെ ഒക്കെ ചെയ്യുന്നതെന്നു വിലപിക്കുന്ന ഓരോ മാതാപിതാക്കളും മക്കളുടെ നല്ല ഭാവി എന്തായിരുന്നുവെന്ന് എന്നാണ് തിരിച്ചറിയുക ?. ആടുതോമകളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിക്ക് എന്നാണ് മാറ്റം വരിക ?

വികലമായ നമ്മുടെ പൊതുബോധം പതിനെട്ടാം വയസ്സില്‍ ജിഷ്ണുവിനെ അവന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം കൊന്നു കുഴിച്ചു മൂടി. ഞാനുള്‍പ്പെടെയുള്ള ശരാശരി മലയാളിയുടെ പൊള്ളയായ വിദ്യാഭ്യാസത്തിന്റെ അഹങ്കാരത്തിനെ. പണത്തിന്റെ ധാര്‍ഷ്ട്യത്തിനെയൊക്കെ ജിഷ്ണുവിന്റെ മരണം വല്ലാതെ പരിഹസിക്കുന്നുണ്ട്. ഇനി ഒരു നൂറു ജിഷ്ണുമാരോ രജനി എസ് ആനന്ദുമാരോ ഉണ്ടായാലും ഈ കച്ചവട ധാര്‍ഷ്ട്യങ്ങള്‍ തുടരും എന്നറിയാം.

പവിത്രമായ ഒന്നാണ് യൂണിവേഴ്സ്റ്റി പരീക്ഷയെന്നു വിശ്വസിക്കുന്ന അതിനു വേണ്ടി ആ പവിത്രത കാത്തു സൂക്ഷിക്കുവാന്‍ സിസി ടിവികളുമായി ക്യാംപസ് മരങ്ങളുടെ ചുവട്ടില്‍ പോലും കടന്നു ചെല്ലുന്ന പ്രിന്‍സിപ്പള്‍മാരുള്ള നാട്ടില്‍ ആ കോളേജ് ഇപ്പോഴും അതു പോലെ തന്നെ അവിടെയുണ്ടല്ലോ എന്ന് ഓര്‍ത്തു നമുക്ക് അഭിമാന പുളകിതരാകാം. നാളെയും നമ്മുടെ മക്കളെ പോലീസ് ചിട്ടകളുള്ള ക്യാമറ കണ്ണുകള്‍ എപ്പോഴും പിന്തുടരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അയച്ചു കുട്ടികളുടെ ഭാവിയെ ഭദ്രമാക്കാം . കേരള വിദ്യാഭ്യാസ മോഡലിനെ കുറിച്ച് നമുക്ക് വിദേശ രാജ്യങ്ങളില്‍ പോയി പ്രസംഗിക്കാം. സമ്പൂര്‍ണ്ണ സാക്ഷരതയെ കുറിച്ചു നമുക്ക് പത്രങ്ങളില്‍ ഉപന്യാസങ്ങള്‍ നിരത്താം. രജനിക്ക് ലഭിക്കേണ്ട നീതി നാളിതുവരെ ലഭിച്ചട്ടില്ല- ജിഷ്ണു മറ്റൊരു രജനി ആകാതെയിരിക്കട്ടെ.