ദംഗല്‍ കണ്ട്, മലപ്പുറത്തെ പെണ്‍സൈക്കിളിനെ ഓര്‍ത്ത് സുനൈന: ഉദ്‌ബോധിപ്പിക്കുന്നവരേ... എന്തിനാടോ നാടിന്റെ വില കളയുന്നേ?

സുനൈന, മലപ്പുറത്തെ പെണ്‍കുട്ടി ദംഗല്‍ സിനിമ കണ്ടപ്പോള്‍ ഓര്‍ത്തെഴുതിയ കാര്യങ്ങള്‍ ചിലര്‍ക്കിഷ്ടമായില്ല. തട്ടമിടാതെയും സൈക്കിള്‍ ചവിട്ടിയും വളര്‍ന്നതിനെ പറ്റിയുള്ള കുറിപ്പിനടിയില്‍ തെറി എഴുതിയവര്‍ക്ക് ചുട്ടമറുപടി നല്‍കി അവള്‍- സുനൈനയുടെ പ്രതികരണം മലപ്പുറത്തെ പെണ്‍സൈക്കിളുകളുടെ മാത്രം കഥയല്ല പറയുന്നത്.

ദംഗല്‍ കണ്ട്, മലപ്പുറത്തെ പെണ്‍സൈക്കിളിനെ ഓര്‍ത്ത് സുനൈന: ഉദ്‌ബോധിപ്പിക്കുന്നവരേ... എന്തിനാടോ നാടിന്റെ വില കളയുന്നേ?

അമീര്‍ ഖാന്റെ പടങ്ങളോട് ഇഷ്ടമുളള ഒരു പെണ്‍കുട്ടി അമിത പ്രതീക്ഷകളില്ലാതെ കണ്ട സിനിമയായിരുന്നു ദംഗല്‍. തീരശ്ശീലയില്‍ ആ പെണ്‍കുട്ടി കണ്ടത് തന്റെ ജീവിതം തന്നെയായിരുന്നു. സിനിമയിലെ അമീര്‍ഖാന്റെ മഹാവീര്‍ മക്കളായ ഗീതയേയും ബബിതയേയും ഓടിച്ച ഹരിയാനയിലെ വഴികള്‍ മലപ്പുറത്തെ പുക്കോട്ടൂരില്‍ ചെന്നാണ് നില്‍ക്കുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് സൈക്കിള്‍ ഓടിച്ചതിനും തട്ടമിടാതെ നടന്നതിനും ഭീഷണിയും ശകാരവും അധിക്ഷേപവും കേട്ട കുട്ടിക്കാലത്തെ കുറിച്ചും ഓര്‍ത്തു.


ഇക്ബാല്‍ ഇക്കയും മഹാവീര്‍സിങ്ങുമാണ് എന്റെ ഹീറോസ് എന്ന് അവള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ കോടക്കാട് മുഹമ്മദ് ഇക്ബാലിന്റെ മകള്‍ സുനൈനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കയ്യടിച്ചാണ് നവമാധ്യമങ്ങള്‍ സ്വീകരിച്ചത്. തെറിയഭിഷേവും പൊങ്കാലയും നടത്തിയവരുണ്ട്. അവരോടു ചുട്ടമറുപടി പറഞ്ഞു മറ്റൊരു പോസ്റ്റും സുനൈന ഇട്ടു.

ഞാന്‍ പറഞ്ഞത് കുട്ടിക്കാലത്ത് ഞാന്‍ അറിഞ്ഞ പൂക്കോട്ടൂരിന്റെ വര്‍ത്തമാനമാണ്. എന്റെ കണ്ണിലൂടെ ഞാന്‍ കണ്ടത്. ഞങ്ങളെ കൂവിയവരുടെ മക്കളിന്നു സൈക്കിളും സ്‌കൂട്ടിയും കാറും ഒക്കെ ഓടിക്കണത് കാണുമ്പോ. സന്തോഷമുണ്ട്. സുനൈന കുറിച്ചു.

ഉമ്മയടക്കം ഞങ്ങള്‍ മൂന്ന് പെണ്‍മക്കളും ലൈസന്‍സ് എടുത്തു. ടു വീലറും ഫോര്‍വീലറും ഓടിച്ചു. എന്നിരുന്നാലും നാട്ടുകാരുടെ പഴയമനോഭാവത്തില്‍ നിന്ന് ഏറെ വ്യത്യാസം വന്നുവെന്നു തോന്നുന്നുമില്ല. ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ സുനൈന നാരദാന്യൂസിനോട് സംസാരിക്കുന്നു.

പള്ളിയുടെ മുന്‍പിലുളള റോഡിലൂടെയായിരുന്നു ഞങ്ങളുടെ സൈക്കിള്‍ ഓട്ടം. ഞങ്ങളുടെ സൈക്കിളോട്ടത്തിന്റെ പരിധി നിശ്ചയിച്ചതും ഈ പള്ളിയായിരുന്നു. ഈ പരിധി ലംഘിച്ചപ്പോഴോക്കെ കോലാഹലമുണ്ടായി, 'മൂന്നു പെങ്കുട്യോളാണ് ഇക്ബാലെ ...കെട്ടിച്ചയക്കാനുള്ളതാ ' 'പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നത് അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പാവടയൊക്കെയിട്ടു സൈക്കിള്‍ ചവിട്ടിയാല്‍ കൊച്ചു പെണ്‍കുട്ടികളുടെ കാലോക്കെ പുറത്തു കാണുന്നതായിരിക്കും നാട്ടുകാരുടെ പ്രശ്‌നം.

ഡമോക്രസിയുടെയും ജെന്‍ഡര്‍ ഇക്വാളിറ്റിയുടെയും സോഷ്യലിസത്തിന്റെയും ഏറ്റവും വലിയ അടിത്തറ എനിക്ക് എന്റെ വീടും കുട്ടിക്കാലവും തന്നെയാണ് . ഇരുപത് വര്‍ഷം മുന്‍പത്തെ പൂക്കോട്ടൂരിലെ ഇക്ബാല്‍ ഇക്ക, എന്റെ വാപ്പ എന്റെ മുന്നില്‍ ഒരു വിപ്ലവം തന്നെയാണെന്നും സുനൈന പറയുന്നു.


ഞങ്ങള്‍ ഒറ്റക്ക് യാത്ര ചെയ്ത് ശീലിക്കണം എന്നും നിര്‍ബന്ധം വാപ്പാക്കായിരുന്നു. ഓര്‍മ്മയുണ്ട്, ചേച്ചിക്ക് റൂട്ട് മാപ്പൊക്കെ വരച്ചു കൊടുത്തു ബസ് സ്റ്റോപ്പിലേയ്ക്കു വിടുന്നത്. ഓര്‍മ്മയുണ്ട് ചില വൈകുന്നേരങ്ങളില്‍ പുറത്തെ വരാന്തയിലിരുന്നു സാന്ദര്‍ഭികമായി പറയുന്നത് 'ഒരു കാര്യത്തില്‍ എനിക്ക് അഭിമാനം ഉണ്ട്. എന്റെ മക്കളെ നാലിനെയും എങ്ങോട്ടയച്ചാലും യാതൊരു കുഴപ്പവും കൂടാതെ വൈകുന്നേരം വീടെത്തുമെന്ന്. സുനൈന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


പൂക്കോട്ടൂര്‍ ഗവ. ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തട്ടമിടാത്ത ആകെയുളള ഒരു മുസ്ലിം കുട്ടി ഞാനായിരുന്നു. ചേച്ചിമാര്‍ കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത്. തട്ടമിടാത്തതു കൊണ്ടും ശുദ്ധമലയാളം സംസാരിച്ചിരുന്നതു കൊണ്ടും ഒരു ഹിന്ദുക്കുട്ടിയായിട്ടാണ് എന്നെ എല്ലാവരും കണ്ടിരുന്നത്. സ്‌കൂളിന്റെ അടുത്തു നിന്നു വരുന്ന ഹരിജന്‍ കോളനിയിലെ കുട്ടികളോട് മുസ്ലിം കുട്ടികള്‍ കൂട്ടു കൂടിയിരുന്നില്ല.

സ്‌കൂള്‍ അസംബ്ലളിയിലെ പ്രാര്‍ത്ഥനകളിലും മുസ്ലിം കുട്ടികള്‍ പങ്കെടുത്തിരുന്നില്ല. ഞാനായിരുന്നു ഇതിന് അപവാദം. വാപ്പ മതപരമായ നിഷ്ഠയുള്ള ഒരാളായതു കൊണ്ടും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നതു കൊണ്ടും ഞങ്ങളെ ഒറ്റപ്പെടുത്താന്‍ നാട്ടുകാര്‍ക്കു കഴിഞ്ഞിരുന്നതുമില്ല.


8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കോണ്‍വെന്റ് സ്‌കൂളിലേയ്ക്കു മാറി. തട്ടം യൂണിഫോമിന്റെ ഭാഗമല്ലായിരുന്നു. ഷര്‍ട്ടും പാവടയുമായിരുന്നു വേഷം. മുട്ടിനു താഴെ ഇറക്കമുണ്ടായിരുന്നു പാവടയ്ക്ക്. വീട്ടിലേയ്ക്കു ഊമക്കത്തുകള്‍ വരാന്‍ തുടങ്ങി. ഉമ്മ പരിഭ്രമിച്ചു. വാപ്പ ധൈര്യം തന്നു. ഭീഷണി കൂടിയപ്പോള്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു വീട്ടിലെത്തുന്നതു വരെ പുതയ്ക്കാന്‍ ഒരു ഷാള്‍ കരുതാന്‍ ഉമ്മ നിര്‍ബന്ധിക്കുമായിരുന്നു. നാട്ടുകാരെ പേടിച്ചിട്ടാണ് ഉമ്മ അന്ന് അങ്ങനെ പറഞ്ഞത്.

ഒരിക്കല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ വച്ചു ഒരു ലഘുലേഖ എന്റെ കയ്യില്‍ കൊണ്ടു വന്നു. ഇസ്ലാമിന് നിരക്കുന്ന രീതിയില്‍ എങ്ങനെ വേഷം ധരിക്കണമെന്നായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ആരെങ്കിലും കൊടുത്തു വിട്ടതായിരിക്കും.

ചേച്ചി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞു വരുവാന്‍ ഒരിക്കല്‍ താമസിച്ചു. കണ്‍സെഷന്‍ കൊടുക്കാന്‍ കണ്ടക്ടര്‍ തയ്യാറായിരുന്നില്ല. ചേച്ചി കണ്‍സെഷന്‍ കിട്ടണമെന്ന കാര്യത്തില്‍ ഉറച്ചു നിന്നു. പെണ്‍കുട്ടിയായി ചേച്ചി മാത്രമേ ബസില്‍ ഉണ്ടായിരുന്നുവെങ്കിലും സീറ്റില്‍ ഇരിക്കാന്‍ കണ്ടക്ടര്‍ സമ്മതിച്ചില്ല. ബോണറ്റില്‍ ഇരുന്നാണ് ചേച്ചി യാത്ര ചെയ്തത്. ഡ്രൈവര്‍ പെട്ടെന്നു ബ്രേക്കിട്ടു ചേച്ചിയെ വീഴ്ത്താനും ശ്രമിച്ചു. ബസ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിടാന്‍ ചേച്ചി നിര്‍ബന്ധം പിടിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ബസ് ഞങ്ങളുടെ വല്യമ്മയുടെ ആങ്ങളയുടേതായിരുന്നു. പ്രശ്‌നം കുടുംബപരമായും മാറി. ബസ് പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടു. പത്രത്തില്‍ വാര്‍ത്തയും വന്നു. വല്യമ്മയുടെ ആങ്ങളയും ഡ്രൈവറും വീട്ടില്‍ വന്നു മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നം അവസാനിച്ചു. അതിനു ശേഷം ഞങ്ങളോടും പരസ്യമായി പ്രതികരിക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടുമില്ല.

സദാചാര തിരുത്തലുകള്‍ക്കു ഇടയിലും സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചവരും ഉണ്ടെന്നും ഫെയ്‌സ്ബുക്കില്‍ പൊങ്കാലയിടാന്‍ വരുന്നവര്‍ സ്വന്തം പല്ലിട കുത്തി സ്വന്തം നാടിനെ നാറ്റിക്കേണ്ടെന്നും സുനൈന പറഞ്ഞു വയ്ക്കുന്നു. ഇതിനിടയില്‍ വന്നു ഉദ്ബോധിപ്പിക്കുന്നവരേ ... എന്തിനാടോ നമ്മുടെ നാടിന്റെ വില കളയുന്നേയെന്നും സുനൈന ചോദിക്കുന്നു. ആണ്‍ സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ രാത്രി സൈക്കിളില്‍ സിനിമ കാണാന്‍ പോയപ്പോള്‍ എടുത്ത ചിത്രവും തന്റെ ഫെയ്‌സ്ബുക്കില്‍ സുനൈന പോസ്റ്റ് ചെയ്തിരുന്നു.

Read More >>