അച്ഛനെ ചേര്‍ത്തു ലൈംഗിക കഥ മെനയുന്ന മറ്റക്കര ടോംസ്: ജിഷ്ണുവിനു മുമ്പേ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിഭ പറയുന്നു

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തപ്പോള്‍ പ്രതിഭ എന്ന പെണ്‍കുട്ടിക്ക് കോട്ടയം മറ്റക്കര ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് ഫോണ്‍ വിളിയെത്തി. ടിസിയും സര്‍ട്ടിഫിക്കറ്റും വന്നു വാങ്ങിക്കോളൂ എന്ന് സ്നേഹത്തോടെ പറയുകയാണ് കോളേജ് അധികൃതര്‍. പക്ഷെ, പ്രതിഭ ഒത്തുതീര്‍പ്പിന് തയ്യാറല്ല. കോളേജ് ചെയര്‍മാന്‍ ടോം ടി ജോസഫിന്റെ പീഡനത്തില്‍ ആത്മഹത്യചെയ്യാന്‍ ടോയ്ലറ്റ് ലോഷന്‍ കുടിച്ചത് പ്രതിഭ മറക്കുന്നതെങ്ങനെ - ഇരുട്ടറകളുള്ള ഒരു സ്വാശ്രയ കോളേജിനെ കുറിച്ച് ആത്മഹത്യയ്ക്കൊരുങ്ങിയ പ്രതിഭ തുറന്നെഴുതുകയാണ്- കേരളം തീരുമാനിക്കുക, നമ്മുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങളിവിടെ വേണോ?

അച്ഛനെ ചേര്‍ത്തു ലൈംഗിക കഥ മെനയുന്ന മറ്റക്കര ടോംസ്: ജിഷ്ണുവിനു മുമ്പേ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിഭ പറയുന്നു

നെഹ്രു കോളേജ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ കേരളം മുഴുവന്‍ സാശ്രയ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്കു കാതോര്‍ക്കുകയാണ്. കോട്ടയം മറ്റക്കരയിലുള്ള ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നു കേള്‍ക്കുന്ന കഥകള്‍ ഒട്ടും ആശാസ്യമല്ല. കോളേജ് ചെയര്‍മാനായ ടോം ടി ജോസഫിന്റെ പീഡനത്തെത്തുടര്‍ന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ടോയ്‌ലെറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പ്രതിഭ സംസാരിക്കുന്നു, അത്മഹത്യക്കു ശ്രമിച്ച സാഹചര്യങ്ങളെക്കുറിച്ചും കോളേജിനെക്കുറിച്ചും.
എന്റെ പേര് പ്രതിഭ, കോട്ടയം സ്വദേശിയാണ്. 83% മാര്‍ക്കുവാങ്ങി മെറിറ്റ് സീറ്റിലാണ് ഞാന്‍ കോട്ടയം മറ്റക്കരയിലുള്ള ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗെന്ന സ്വാശ്രയ കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗിനു ചേര്‍ന്നത്. ഇവിടെ അഡ്മിഷനെക്കുറിച്ചു തിരക്കാന്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു റെസിഡന്‍ഷ്യല്‍ കോളേജാണ്, ഹോസ്റ്റലില്‍ നില്‍ക്കണമെന്ന്. എനിക്കതു താല്പര്യമില്ലായിരുന്നു. എല്ലാ ഞായറാഴ്ചയും വീട്ടില്‍ പോകാം വേറെ കുഴപ്പങ്ങളൊന്നുമില്ലെന്നു ടീച്ചേഴ്സ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ അഡ്മിഷന്‍ എടുത്തത്.

പക്ഷെ ക്ലാസ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഞായറാഴ്ച പോലും വീട്ടില്‍ വിടാത്ത അവസ്ഥയായി. രണ്ടാം ശനിയാഴ്ച ക്ലാസ് ഇല്ലെങ്കില്‍ മാത്രം വീട്ടില്‍ പോവാം. ഹോസ്റ്റലില്‍ ഒരു മുറിയില്‍ നാലുപേരെ ഉള്ളുവെന്ന് അഡ്മിഷ്ന്‍ സമയത്തു പറഞ്ഞിരുന്നു. എന്നാല്‍ പത്തുപതിനഞ്ചു പേരാണു മുറിയില്‍ താമസിക്കുന്നത്. ഒന്നുറക്കെ വായിച്ചു പഠിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഞാന്‍ ചെറുപ്പം മുതല്‍ ഉറക്കെ വായിച്ചു മനഃപാഠമാക്കിയാണു പഠിച്ചുകൊണ്ടിരുന്നത്. എനിക്ക്, ഇവിടെ നിന്നു പഠിക്കാന്‍ പറ്റില്ലെന്നു മനസിലായതോടെ ചെയര്‍മാനായ ടോം സാറിനെ നേരിട്ടു കണ്ടു കാര്യം പറഞ്ഞു.ഞാന്‍ കോഴ്‌സ് നിര്‍ത്തുകയാണ്, എനിക്കു സര്‍ട്ടിഫിക്കറ്റും ടിസിയും വേണമെന്നു സാറിനോടു പറഞ്ഞു. നാലു ലക്ഷം രൂപ നഷ്ടപരിഹാരം തന്നാല്‍ മാത്രമെ കോഴ്‌സ് ഡിസ്‌കണ്ടിന്യു ചെയ്യാന്‍ പറ്റുകയുള്ളുവെന്നു അയാള്‍ പറഞ്ഞു. 75000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മെറിറ്റ് സീറ്റില്‍ അഡ്മിഷനില്‍ എടുത്ത വിദ്യാര്‍ത്ഥി ഒരു വര്‍ഷത്തിനുള്ളില്‍ കോഴ്‌സ് ഉപേക്ഷിക്കുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റും ടിസിയും വാങ്ങാന്‍ പൈസ ഈടാക്കരുതെന്നാണ് നിയമം. ഈ നിയമസാധ്യതയെക്കുറിച്ച് അറിയുന്നതു പിന്നീടാണ്.

കോഴ്‌സ് നിര്‍ത്തുവാണെന്നു പറഞ്ഞപ്പോള്‍ എന്നെ രണ്ടു വട്ടം കോട്ടയത്തുള്ള ഒരു സ്ഥാപനത്തില്‍ കൗണ്‍സിലിങ്ങിനു വിട്ടു. കൗണ്‍സിലിങ്ങിന് പോകാതെ ക്ലാസില്‍ കയറണ്ടാ എന്നാണ് അയാളു പറഞ്ഞത്. കൗണ്‍സിലിങ്ങിനുള്ള പൈസ നമ്മള്‍ സ്വന്തമായി എടുക്കണം.

ഓണം വെക്കേഷന്‍ കഴിഞ്ഞു ക്ലാസില്‍ പോയ ദിവസം ഞാന്‍ അല്പം ലേറ്റായിരുന്നു. താമസിച്ചു പോയി എന്നു പറഞ്ഞു. എന്നെ അന്ന് ക്ലാസിനു വെളിയില്‍ നിര്‍ത്തി. മൂന്നുമണി വരെ ക്ലാസില്‍ കയറ്റാതെ ഭക്ഷണം പോലും തരാതെ ലൈബ്രറിയില്‍ ഇരുത്തിച്ചു. അച്ഛന്‍ വന്നതിനു ശേഷം ഓഫീസില്‍ പോയി ടോം സാറിനെ കണ്ടു. ഇവളു ഹോസ്റ്റലില്‍ നില്‍ക്കാത്തതിനു കാരണം, ഇവള്‍ക്കു വേറെ ഡീലിംങ്‌സ് ഉണ്ട്. അത് ഇവിടെ പറ്റുന്നില്ല, അതുകൊണ്ടാണു വീട്ടില്‍ പോകാന്‍ വാശിപിടിക്കുന്നതെന്ന് അച്ഛന്റെ മുമ്പില്‍ വച്ച് ഷൗട്ട് ചെയ്തു കുറെ ചീത്തയും വിളിച്ചു. വളരെ മോശം വാക്കുകളാണ് അയാള്‍ ഉപയോഗിച്ചത്. അച്ഛനും അതിഷ്ടമായില്ല. എന്നെ വിളിച്ചു വീട്ടില്‍ കൊണ്ടുപോയി - ഒരാഴ്ച കഴിഞ്ഞു കോളേജില്‍ പോയാല്‍ മതിയെന്നും അച്ഛന്‍ പറഞ്ഞു.കോഴ്‌സ് ഡിസ്‌കണ്ടിന്യൂ ചെയ്താല്‍ കോമ്പന്‍സേഷന്‍ കൊടുക്കേണ്ടതില്ലെന്ന് അപ്പോഴും അറിയുന്നില്ല. ഒരാഴ്ച കഴിഞ്ഞു ഞാന്‍ വീണ്ടും കോളേജില്‍ വന്നു. അച്ഛനാണ് എന്നെ കൊണ്ടുവിട്ടത്. എന്നെയും അച്ഛനേയും കാബിനില്‍ വിളിച്ചു വരുത്തി. ഞാനും അച്ഛനും തമ്മില്‍ മോശം ബന്ധമുണ്ടെന്നും അതു തുടരാന്‍ വേണ്ടിയാണു ഞാന്‍ ഹോസ്റ്റലില്‍ നില്‍ക്കാത്തതെന്നും അയാള്‍ പറഞ്ഞു. അച്ഛന്‍ പൊട്ടിക്കരഞ്ഞുപോയി. ഞാന്‍ തിരിച്ചു പറഞ്ഞപ്പോള്‍ അയാള്‍ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. അയാള് പിന്നെയും എന്തൊക്കെയൊ പറഞ്ഞു. അയാള് പറഞ്ഞതൊക്കെ ഇവിടെ പറയാന്‍ പറ്റുന്നതല്ല.

ഹോസ്റ്റലില്‍ ചെന്നപ്പോള്‍ സീനിയേഴ്‌സും മറ്റുള്ളവരും എന്നെ വൃത്തികെട്ട രീതിയിലാണു നോക്കിയത്. അടക്കിപ്പിടിച്ച ചിരിയും കളിയാക്കലും. മൊത്തത്തില്‍ മടുത്തു. അങ്ങനെയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ടോയ്‌ലെറ്റ് കഴുകുന്ന ലോഷനെടുത്തു കുടിക്കുകയായിരുന്നു. ഞാനങ്ങനെ ചെയ്തുവെന്നറിഞ്ഞിട്ടും എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വീട്ടിലറിയിക്കാനോ അയാള്‍ ശ്രമിച്ചില്ല. ഇതറിഞ്ഞതോടെ കാബിനില്‍ കൊണ്ടു പോയി വീണ്ടുമയാള്‍ ഷൗട്ട് ചെയ്തു. ഞാനെന്തിനാണു ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്നു പോലും അയാള്‍ ചോദിച്ചില്ല. അതോടെ അവിടുത്തെ പഠനം അവസാനിപ്പിക്കുകയാണ്. പിന്നീടാണ് കോഴ്‌സ് ഡിസ്‌കണ്ടിന്യു ചെയ്യുന്നതിന്റെ നിയമ സാധ്യതയെക്കുറിച്ച് ഞാന്‍ അറിഞ്ഞത്.പാമ്പാടി കോളേജിലെ വിഷയത്തിന് ശേഷം കോളേജില്‍ നിന്നു നിരവധി തവണ വിളിച്ചു. ടിസിയും സര്‍ട്ടിഫിക്കറ്റും വന്നു വാങ്ങിച്ചോളാനാണ് അവരു പറയുന്നത്. വെറുതെ അങ്ങനെ വാങ്ങുന്നില്ല. ഈ വിഷയത്തില്‍ രണ്ടിലൊന്ന് അറിയും വരെ മുന്നോട്ടു പോകും. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്കടക്കം പരാതി നല്‍കാനാണ് ഞാന്‍ തിരുവനന്തപുരം വന്നത്. പരാതിയുമായി മുന്നോട്ടു തന്നെ പോകും.

Read More >>