സന്തോഷ് മാധവനെതിരായ ആദ്യ കേസിൽ കുറ്റപത്രം വന്നു; എന്തായിരുന്നു ആ കേസ് എന്നറിയേണ്ടേ?

സെറാഫിന്‍ എഡ്വിന്‍ എന്ന പ്രവാസി മലയാളി യുവതി നല്‍കിയ പരാതിയിലാണ് സ്വാമി അമൃത ചൈതന്യയെന്ന പേരില്‍ വിലസിയ സന്തോഷ് മാധവന്റെ തനിസ്വരൂപം അഴിഞ്ഞു വീണത്. പണം തട്ടിയെടുത്തുവെന്നാരോപിച്ച് 2008 മെയ് 11 നു നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണു സന്തോഷ് മാധവന്റെ ലൈംഗിക ചൂഷണക്കഥകളും നീലച്ചിത്രനിര്‍മ്മാണവുമടക്കമുള്ളവ പുറത്തു വന്നത്. ഈ പരാതിയില്‍ സന്തോഷ് മാധവനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് സന്തോഷ് മാധവന്‍

സന്തോഷ് മാധവനെതിരായ ആദ്യ കേസിൽ കുറ്റപത്രം വന്നു; എന്തായിരുന്നു ആ കേസ് എന്നറിയേണ്ടേ?

കൊച്ചി: സ്വാമി അമൃത ചൈതന്യയെന്ന ആത്മീയ വേഷത്തില്‍ വിലസിയ സന്തോഷ് മാധവന്റെ യഥാര്‍ത്ഥ രൂപം പുറത്തു വന്നത് എഡ്വിന്‍ സെറാഫിന്‍ എന്ന പ്രവാസി മലയാളി യുവതി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു. സെറാഫിന്‍ നല്‍കിയ പരാതിയിലാണു സന്തോഷ് മാധവന്‍ ആദ്യമായി പൊലീസ് പിടിയിലാകുന്നത്. ദുബൈയില്‍ ഹോട്ടല്‍ ബിസിനസ് നടത്താമെന്നു വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ക്രൈംബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തട്ടിയെടുത്ത പണമുപയോഗിച്ച് സന്തോഷ് മാധവന്‍ കടവന്ത്രയില്‍ ഫ്‌ളാറ്റും, കട്ടപ്പനയില്‍ 22 സെന്റ് സ്ഥലവും ഒരു ലോഡ്ജും വാങ്ങിക്കൂട്ടിയെന്ന് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.


കേസില്‍ സന്തോഷ് മാധവനു പുറമെ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി തോപ്പില്‍ സെയ്ഫുദ്ദീന്‍ ആണ് കൂട്ടുപ്രതി. പ്രതികള്‍ക്കെതിരേ ഗൂഢാലോന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിനിയാണ് പരാതിക്കാരിയായ സെറാഫിന്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പിപി ഷംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2002 ഡിസംബറിലും 2003 ജനുവരിയിലും പ്രതികള്‍ ഗൂഢാലോചന നടത്തി സെറാഫിനെ കബളിപ്പിച്ചു പണം തട്ടിയെടുത്തുവെന്നാണു കേസ്. ജ്യോതിഷവിധി പ്രകാരം ബിസിനസ് നടത്താന്‍ നല്ല സമയമാണെന്നും ദുബായിയിലെ ദേറയില്‍ അടഞ്ഞുകിടക്കുന്ന ഫോര്‍ച്യുണ്‍ എന്ന ഹോട്ടല്‍ തുറന്നു പങ്കാളിത്തത്തോടെ ബിസിനസ് നടത്താമെന്നും വിശ്വസിപ്പിച്ചാണു പണം തട്ടിയെടുത്തത്.

അമൃത ചൈതന്യയെ വീണ്ടും സന്തോഷ് മാധവനാക്കിയ പരാതി


ഇടുക്കി കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലെ അംഗമായ സന്തോഷ് മാധവന്‍ പത്താംക്ലാസ് കഴിഞ്ഞതോടെ വീടുവിട്ടിറങ്ങി എറണാകുളം മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. പിന്നീട് ആത്മീയ തട്ടിപ്പിലേയ്ക്കു തിരിയുകയായിരുന്നു. അറിയാവുന്ന മന്ത്രങ്ങളും തന്ത്രവിദ്യകളും ഉപയോഗിച്ച് അമൃത ചൈതന്യയായി മാറിയ സന്തോഷ് മാധവന്റെ സാമ്രാജ്യം പെടുന്നനെ വലുതായി. സിനിമാക്കാരും രാഷ്ട്രീയക്കാരും അമൃത ചൈതന്യയെ തേടിയെത്തി. പൂജകള്‍ ആഡംബര ഫ്‌ളാറ്റുകളിലേക്കു മാറി. ഇവിടെ പ്രമുഖര്‍ക്കായി നഗ്നനാരി പൂജകള്‍ നടത്തിയെന്നുവരെ പിൽക്കാലത്തു കഥകള്‍ പാറിനടന്നു.

[caption id="attachment_71871" align="alignleft" width="293"] സന്തോഷ് മാധവന്റെ വിവാഹഫോട്ടോ[/caption]

ആഡംബരത്തിന്റേയും കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റേയും മുകളറ്റത്തു നിന്നു സ്വാമി അമൃത ചൈതന്യയെ വീണ്ടും പഴയ സന്തോഷ് മാധവനാക്കിയ വീഴ്ച വലുതായിരുന്നു. പണം തട്ടിയെടുത്തെന്നു സെറാഫിന്‍ എഡ്വിന്‍ ഇന്റര്‍പോളിനു പരാതി നല്‍കിയതോടെയാണു തകര്‍ച്ചയുടെ തുടക്കം. സന്തോഷ് മാധവനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസിറക്കി. ഇതിനിടയില്‍ കൊച്ചി കേന്ദ്രീകരിച്ചു ശാന്തിതീരം എന്ന ആശ്രമം നടത്തുന്ന അമൃത ചൈതന്യ ഇന്റര്‍പോള്‍ തിരയുന്ന സന്തോഷ് മാധവനാണെന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയിരുന്നു.

2008 മെയ് 11നു സെറാഫിന്‍ കേരളപൊലീസിനു പരാതി നല്‍കിയതോടെ അതുവരെയുണ്ടായ ചിത്രം മാറിമറിയുകയായിരുന്നു. സ്വാമി അമൃത ചൈതന്യയും ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളി സന്തോഷ് മാധവനും ഒരാള്‍ തന്നെയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സന്തോഷ് മാധവന്‍ അറസ്റ്റും പിന്നാലെ പുറത്തു വന്ന കഥകളും കേരളത്തെ പിടിച്ചുലച്ചു.

സിനിമാക്കഥയെ വെല്ലുന്ന കുപ്രസിദ്ധ സ്വാമി കഥകള്‍

സന്തോഷ് മാധവന്റെ ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചും നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചും വിലസിയ ആത്മീയതട്ടിപ്പുകാരന്റെ മാധ്യമങ്ങളിലൂടെ അറിഞ്ഞ കഥകള്‍ കേട്ട് കേരളം മൂക്കത്തു വിരല്‍വച്ചു. സന്തോഷ് മാധവന്‍ തന്നെ പെണ്‍കുട്ടികള്‍ക്കായി ഇടപ്പള്ളിയില്‍ നടത്തിയിരുന്ന അനാഥാലയത്തിലെ കുട്ടികളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്ന വാര്‍ത്തയും ഇതിനിടയില്‍ പുറത്തു വന്നു. സന്തോഷ് മാധവന്റെ ഫ്‌ളാറ്റില്‍ നിന്നു കടുവാത്തോല്‍ വരെ പിടിച്ചെടുത്തു.

2009 മെയ് 20൹ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയായിരുന്നു. രണ്ടു കേസുകളിലായി എട്ടു വര്‍ഷം വീതം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അതേ സമയം സെറാഫിന്‍ എഡ്വിന്‍ നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

തട്ടിപ്പു സ്വാമിയ്ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സഹായം


എറണാകുളത്തെ പുത്തന്‍വേലിക്കര, പള്ളിപ്പുറം, ചേന്ദമംഗലം, തൃശ്ശൂര്‍ മഠത്തുംപടി എന്നിവിടങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ് സന്തോഷ് മാധവന്‍ വാങ്ങിക്കൂട്ടിയത്. പുത്തന്‍വേലിക്കരയിലെ 112 ഏക്കറും മടത്തുംപടിയിലെ 25 ഏക്കര്‍ ഭൂമിയും 2009 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ടുകെട്ടി മിച്ചഭൂമിയാക്കി മാറ്റിയിരുന്നു. ഈ ഭൂമിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സന്തോഷ് മാധവനു തിരിച്ചു നല്‍കിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായ ആദര്‍ശ് പ്രൈം പ്രൊജക്ടിന് ഐടി വ്യവസായം തുടങ്ങാനെന്ന പേരിലാണു ഭൂമി കൈമാറിയത്.

നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം വരുന്നതിനു തൊട്ടുമുമ്പു നടന്ന മന്ത്രിസഭാ യോഗത്തിലാണു ഭൂമി പതിച്ചുനല്‍കാനുള്ള തീരുമാനമെടുത്തത്. സംഭവം വിവാദമായതോടെ ഭൂമി നികത്താന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവു തൊട്ടടുത്ത ദിവസം തന്നെ പിന്‍വലിക്കുകയായിരുന്നു. ഭൂവിനിയോഗ നിയമം ലംഘിച്ചാണു ഭൂമി കൈമാറ്റം നടന്നതെന്നും തണ്ണീര്‍ത്തട നിയമം ലംഘിച്ചാണു പാടശേഖരം നികത്തിയതെന്നുമുള്ള ആരോപണം വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. എല്‍ഡിഎഫ് സര്‍ക്കാരാണു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

Read More >>