കാനഡയിലെ മുസ്ലീം പള്ളിയില്‍ വെടിവെയ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ജൂണില്‍ ഇതേ മോസ്‌കിന്റെ വാതില്‍ക്കല്‍ പന്നിയുടെ തല ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

കാനഡയിലെ മുസ്ലീം പള്ളിയില്‍ വെടിവെയ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കാനഡയിലെ ക്യൂബക് സിറ്റിയിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടത്തെ പ്രാര്‍ത്ഥനയ്ക്കിടെയാണ് അതിക്രമിച്ചുകയറിയ മൂന്ന് തോക്കുധാരികള്‍ വെടിവെയ്പ് നടത്തിയത്. ഇതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. ഭീകരാക്രമണമാണോയെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ക്യുബക് സിറ്റിയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ട്രലില്‍ സ്ഥിതി ചെയ്യുന്ന മോസ്‌കില്‍ 40ഓളം പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെയാണ് മൂന്നംഗ സംഘം അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്യുബക് സിറ്റിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഫിലിപ്പ് കോയിലാര്‍ഡ് പറഞ്ഞു.


കഴിഞ്ഞ ജൂണില്‍ ഇതേ മോസ്‌കിന്റെ വാതില്‍ക്കല്‍ പന്നിയുടെ തല ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വളരെ കിരാതമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മോസ്‌ക് പ്രസിഡന്റ് മുഹമ്മദ് യാംഗി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ രാജ്യത്ത് അടുത്ത കാലത്തായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

2013ല്‍ ക്യൂബെക് സിറ്റിയിലെ ഒരു പള്ളിയില്‍ പന്നിയുടെ രക്തം തളിച്ച സംഭവം ഉണ്ടായിട്ടുണ്ട്. 2015ല്‍ പാരീസില്‍ ഭീകരാക്രമണമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം ഒന്റാരിയോയിലെ ഒരു പള്ളി ബോംബ് വെച്ച് തകര്‍ത്ത സംഭവം ഉണ്ടായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചപ്പോള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായി കനേഡിയന്‍ പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. ഇതിനിടെയാണ് ഭീകരാക്രമണമുണ്ടായിരിക്കുന്നത്.

Read More >>