പ്രകടനം പോര; രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരോട് ജോലി മതിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത്തരത്തില്‍ 60 ഓഫീസര്‍മാരെയാണ് പിരിച്ചുവിട്ടത്.

പ്രകടനം പോര; രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരോട് ജോലി മതിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍ശനമായി ഇടപെടുക എന്ന നയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനം മോശമെന്നാരോപിച്ച് രണ്ട് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു. 1992 ചത്തീസ്ഗഡ് ബാച്ച് ഓഫീസര്‍ രാജ് കുമാര്‍ ദേവാംഗന്‍, 1998 അരുണാചല്‍ പ്രദേശ്-ഗോവ-മിസോറം ബാച്ച് ശീല്‍ ചൗഹാന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. 15 മുതല്‍ 25 വര്‍ഷം വരെ സേവനം നടത്തിയ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തിയാണ് നടപടി. സമാനമായ നടപടികള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.


ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് മൂന്ന് മാസത്തെ വേതനം ഒരുമിച്ച് നല്‍കി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. പ്രകടനം വിലയിരുത്തി ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നിയമം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും അത് വളരെ അപൂര്‍വമായാണ് ഉപയോഗിച്ചിരുന്നത്. കാര്യക്ഷമതയില്ലാത്തവരോ സ്ഥാനം ദുരുപയോഗം ചെയ്യുന്നവരോ ആയ ഉദ്യോഗസ്ഥരെ പിരിച്ചുവിടാമെന്നാണ് നിയമം അനുശാസിക്കുന്നത്. 2015ല്‍ മോഡി സര്‍ക്കാര്‍ 50 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താനും മോശമെന്ന് കണ്ടാല്‍ പിരിച്ചുവിടാനുമുള്ള തീരുമാനമെടുക്കുകയായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ പിരിഞ്ഞുപോകുക എന്ന നയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് സേവനം മതിയാക്കാനാവശ്യപ്പെട്ടത്.

Read More >>