ചെന്നൈ മറീനയിൽ ജനുവരി 29 മുതൽ ഫെബ്രുവരി 12 വരെ 144 പ്രഖ്യാപിച്ചു

ജല്ലിക്കട്ട് വിഷയമുമായി ബന്ധപ്പെട്ട് കൂടുതൽ അക്രമണസ്വഭാവമുള്ള പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് ചെന്നൈ പൊലീസ് പ്രതീക്ഷിക്കുന്നു.

ചെന്നൈ മറീനയിൽ ജനുവരി 29 മുതൽ ഫെബ്രുവരി 12 വരെ 144 പ്രഖ്യാപിച്ചു

ചെന്നൈ മറീനാ ബീച്ചിലും പരിസരത്തും നിയമവിരുദ്ധമായ കൂടിച്ചേരൽ ഒഴിവാക്കാൻ ജനുവരി 29 മുതൽ ഫെബ്രുവരി 12 വരെ 144 പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മീഷണർ എസ് ജോർജ്ജ് ആണു ഉത്തരവിട്ടത്.

“ജല്ലിക്കട്ട് അനുഭാവികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച ശേഷവും സാമൂഹികവിരുദ്ധരും ദേശവിരുദ്ധരും ചേർന്ന് ചെന്നൈ മറീനാ ബീച്ചിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധപ്രകടനങ്ങൾക്കു രൂപം നൽകാൻ വിദ്യാർഥികളോടും മറ്റു ജനങ്ങളോടും ആഹ്വാനം ചെയ്യുന്നതായി അറിവുണ്ട്. അക്രമസംഭവങ്ങൾ നടക്കാൻ ഇടയുണ്ടെന്നും ജനങ്ങളുടെ സുരക്ഷയും സമാധാനവും തകർക്കാനും പൊതുമുതൽ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അറിയുന്നു,” കമ്മീഷണർ പറഞ്ഞു.

ചെന്നൈയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന മറീന, മൈലാപ്പൂർ, ഐസ് ഹൗസ്, ഫോർഷോർ എസ്റ്റേറ്റ്, തിരുവല്ലിക്കേനി, അണ്ണാ സ്ക്വയർ എന്നിവിടങ്ങളിലാണു 144 നടപ്പിലുണ്ടാകുക.

നിരോധനം ഉണ്ടെങ്കിലും ചെന്നൈവാസികൾക്കു മറീനാ ബീച്ചിൽ വരാനും വ്യായാമം ചെയ്യാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും തടസ്സമില്ല. സംഘം ചേരൽ, മനുഷ്യച്ചങ്ങല, നിരാഹാരസത്യാഗ്രഹം പോലെയുള്ള സമരമുറകൾക്കാണു നിരോധനം ഉള്ളത്.

ഉത്തരവുമായി ജനങ്ങൾ സഹകരിക്കണമെന്നും അസൗകര്യങ്ങൾ ക്ഷമിക്കണമെന്നും സിറ്റി പൊലീസ് അറിയിച്ചു.

Read More >>