ഹിമപാതം; കശ്മീരില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

ഖുറേസില്‍ ഹിമപാതത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.

ഹിമപാതം; കശ്മീരില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലുണ്ടായ ഹിമപാതത്തില്‍ ഒരു ഓഫീസറടക്കം 11 സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച മുതല്‍ തുടരുന്ന ഹിമപാതത്തിലാണ് സൈനികര്‍ മരിച്ചത്. ഇതില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. ബന്ദിപ്പൂര്‍ ജില്ലയിലെ ഖുറേസിലെ സൈനിക പോസ്റ്റിലാണ് ഒരു ഹിമപാതം ഉണ്ടായത്. ഇതേ സെക്ടറിലെ മറ്റൊരു സൈനിക പോസ്റ്റിലും ഇന്ന് രാവിലെ ഹിമപാതമുണ്ടായി.

ഹിമപാതത്തില്‍ കുടുങ്ങിയ ഒരു ജെസിഒയേയും ആറ് സൈനികരേയും രക്ഷപ്പെടുത്തി. ബുധനാഴ്ച ഗാന്ധര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗില്‍ ഉണ്ടായ ഹിമപാതത്തില്‍ ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ മരിച്ചു. ഖുറേസില്‍ ഹിമപാതത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കൂറ്റന്‍ മഞ്ഞുപാളികള്‍ വീടിന് മുകളില്‍ വീണാണ് മെഹരാജ് ഉദ് ദിന്‍ ലോണ്‍ (55), ഭാര്യ അസീസി (50), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷാന്‍ (19), എന്നിവരാണ് മരിച്ചത്. മെഹരാജിന്റെ മറ്റൊരു മകനായ റെയാസ് അഹമ്മദ് പരിക്കുകളോടെ രക്ഷപ്പെട്ടു.


ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കശ്മീര്‍ വാലിയിലെ ജനജീവിതം ചൊവ്വാഴ്ച മുതല്‍ തടസ്സപ്പെട്ടിട്ടുണ്ട്. ജമ്മു-ശ്രീനഗര്‍ ഹൈവേ ചൊവ്വാഴ്ച അടച്ചു. ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കുപ്പ്‌വാര, ഉറി, ബരാമുള്ള, ലോലോബ്, ഖുറേസ്, മാച്ചില്‍ തുടങ്ങിയ പ്രദേശങ്ങളെയാണ് ഹിമപാതം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്.

Read More >>