കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവിനെ മാവോയിസ്റ്റ് കേസില്‍ കസ്റ്റഡിയിലെടുത്തു

നദിയ്ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് സുഹൃത്തുക്കൾ.

കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവിനെ മാവോയിസ്റ്റ് കേസില്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: ദേശീയഗാനക്കേസില്‍ അറസ്റ്റിലായിരുന്ന കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നദിക്കെതിരെ യുഎപിഎ ചാര്‍ത്തിയെന്നും പ്രചാരണം നടക്കുന്നുണ്ട്. ഇന്നു രാവിലെ 11 മണിയോടെയാണ് നദിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. രാവിലെ മഫ്തിയിലെത്തിയ നാലഞ്ചു പൊലീസുകാര്‍ നദിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ഷഫീക്ക് സുബൈദ ഹക്കിം നാരദാ ന്യൂസിനോട് പറഞ്ഞു.


നദിയെ ഒരു കേസിന്റെ കാര്യത്തിനായി ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതാണ് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് പറയുന്നത്. കേസിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറാകുന്നില്ല. കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  148/2016 കേസിലാണ് നദിയെ കസ്റ്റഡിയിലെടുത്തതെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ നാരദാ ന്യൂനോട് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണൂര്‍ ആറളം ഫാമില്‍ വിയറ്റനാം കോളനിയില്‍ മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തകരെത്തി പ്രദേശവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തതായാണ് കേസ്. സുന്ദരി, കന്യാകുമാരി, പിപി മൊയ്തീന്‍ എന്നിവരാണ് കേസിലെ പ്രധാനപ്രതികള്‍. ഇവരെ കൂടാതെ കണ്ടാലറിയുന്ന മൂന്നുപേരേയും ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ പെട്ടയാളാണോയെന്ന് അറിയാനാണ് നദിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എല്‍ജിബിടി ക്വീര്‍ പ്രൈഡ് മാർച്ചു കഴിഞ്ഞ് നദിയും കൂട്ടുകാരും പൊന്മുടി സന്ദര്‍ശിച്ചതിനെ മോവോയിസ്റ്റുകളുടെ സന്ദര്‍ശനമായി വ്യാഖ്യാനിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തള്ളിപ്പറഞ്ഞും തുറന്നുകാണിച്ചും നദി മാതൃഭൂമിയില്‍ ലേഖനമെഴുതിയിരുന്ന. കൂടാതെ കാബോഡി സ്കേപ്പ് ചിത്രത്തിന്റെ സഹസംവിധായകനായും നദി പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ബാലുശേരി സ്വദേശിയായ നദി കണ്ണൂരില്‍ ജേണലിസം അധ്യാപകനായിരുന്നു. ഇപ്പോള്‍ ജോലിയുടെ ആവശ്യത്തിനായി ഖത്തറിലേക്ക് പോകാനിരിക്കെയാണ് അറസ്റ്റ്.

Read More >>