വനിതാ ഡോക്ടറുടെ ചികിത്സ ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠനം

വനിതാ ഡോക്ടര്‍മാര്‍ക്കുള്ള ഈ സവിശേഷത പുരുഷ ഡോക്ടര്‍മാര്‍ക്കും ഉണ്ടാകുകയാണെങ്കില്‍ പ്രതിവര്‍ഷം 32,000 മരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പഠനം അവകാശപ്പെടുന്നു.

വനിതാ ഡോക്ടറുടെ ചികിത്സ ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠനം

നിങ്ങളുടെ ഫാമിലി ഡോക്ടര്‍ പുരുഷനാണോ? ആണെങ്കില്‍ ഡോക്ടറെ മാറ്റുന്ന കാര്യം ഒന്ന് ആലോചിക്കുന്നത് നന്നാവും. കാരണം വനിതാ ഡോക്ടറുടെ അടുത്തുനിന്ന് ചികിത്സ തേടുന്നത് ആയുസ് വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കൗതുകകരമായ കാര്യം കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ വനിതാ ഡോക്ടറുടെ അടുക്കലെത്തിക്കുന്ന രോഗികള്‍ പുരുഷ ഡോക്ടറുടെ അടുത്ത് നിന്ന് ചികിത്സ തേടുന്നവരെ അപേക്ഷിച്ച് ശരാശരി 30 ദിവസം കൂടുതല്‍ ജീവിക്കുന്നതായി പഠനം കണ്ടെത്തി. അതുപോലെ തന്നെ രോഗം ശമിച്ച് പോകുന്നവര്‍ 30 ദിവസത്തിനുള്ളില്‍ വീണ്ടും അഡ്മിറ്റാകാനുള്ള സാധ്യത പുരുഷ ഡോക്ടര്‍മാരുടെ അടുത്തുനിന്ന് ചികിത്സ തേടുന്നവരെക്കാള്‍ വനിതാ ഡോക്ടറുടെ അടുത്തുനിന്ന് ചികിത്സ തേടുന്നവരില്‍ 5 ശതമാനം കുറവാണെന്നും പഠനം കണ്ടെത്തി.


വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തില്‍ ഡോക്ടര്‍ പുരുഷനോ സ്ത്രീയോ എന്ന കാര്യം പ്രധാനപ്പെട്ട വസ്തുതയാണെന്ന് തെളിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ മസാച്ചുസെറ്റ്‌സിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസോസിയേറ്റ് യുസൂകെ സുഖവ പറഞ്ഞു. രോഗാവസ്ഥയില്‍ കഴിഞ്ഞ 65 വയസ് മുതല്‍ പ്രായമുള്ള 10 ലക്ഷം പേരിലാണ് സംഘം ഗവേഷണം നടത്തിയത്. വനിതാ ഡോക്ടര്‍മാര്‍ക്കുള്ള ഈ സവിശേഷത പുരുഷ ഡോക്ടര്‍മാര്‍ക്കും ഉണ്ടാകുകയാണെങ്കില്‍ പ്രതിവര്‍ഷം 32,000 മരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പഠനം അവകാശപ്പെടുന്നു.

കൂടുതല്‍ സഹാനുഭൂതിയോടും ശ്രദ്ധയോടുമുള്ള പരിചരണവും രോഗികളോട് പുലര്‍ത്തുന്ന ബന്ധവുമാകാം വനിതാ ഡോക്ടര്‍മാരെ ഈ ബഹുമതിയ്ക്ക് അര്‍ഹരാക്കിയതെന്ന് ഗവേഷക സംഘം പറയുന്നു. ജമാ ഇന്റേണലില്‍ മെഡിസിനില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.