പ്രതികാരം തുടരാന്‍ ദൃക്സാക്ഷി ചിത്രീകരണം തുടങ്ങി; ദിലീഷിനും ഫഹദിനുമൊപ്പം രാജീവ് രവി

മഹേഷിന്റെ പ്രതികാരത്തിനു ശേഷം സംവിധായകന്‍ ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന സിനിമയുടെ ക്യാമറ രാജീവ് രവി- പ്രതീക്ഷകളേറുന്നു

പ്രതികാരം തുടരാന്‍ ദൃക്സാക്ഷി ചിത്രീകരണം തുടങ്ങി; ദിലീഷിനും ഫഹദിനുമൊപ്പം രാജീവ് രവിമഹേഷിന്റെ പ്രതികാരത്തിന്റെ നൈസായ വിജയത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രീകരണം ആരംഭിച്ചു. സംവിധായകനായ രാജീവ് രവിയാണ് ക്യാമറ. ഫഹദ് ഫാസിലാണ് കേന്ദ്രകഥാപാത്രം. ചേര്‍ത്തലയിലും കാസര്‍ഗോഡുമായാണ് ചിത്രീകരണം. മഹേഷിന്റെ പ്രതികാരത്തില്‍ ഇടുക്കിയായിരുന്നു പശ്ചാത്തമായെതെങ്കില്‍ ഈ സിനിമയില്‍ കാസര്‍ഗോഡിനാണ് ആ സ്ഥാനം. കാസര്‍ഗോഡും പരിസരത്തുമുള്ള പോലീസുകാരെ അഭിനയിക്കാനായി ക്ഷണിച്ചിരുന്നു.

സൗബിന്‍, അലന്‍സിയര്‍ തുടങ്ങി മഹേഷിന്റെ പ്രതികാരത്തിന്റെ വിജയഘടകങ്ങള്‍ ഈ സിനിമയിലുമുണ്ട്.ആഷിക് അബു, അമല്‍ നീരദ് തുടങ്ങിയവരുടെ സഹസംവിധായകനായിരുന്ന ദിലീഷിന്റെ ആദ്യ സിനിമയായിരുന്നു പ്രതികാരം. സിനിമയിലൂടെ ദിലീഷും കൂട്ടുകാരും സൃഷ്ടിച്ച സാമൂഹ്യാരോഗ്യത്തിന് കോട്ടം തട്ടാത്ത ചിരി 100 ദിവസത്തെ വിജയം നേടി സിനിമയെ ഹിറ്റാക്കി. സ്ത്രീവിരുദ്ധത, ദളിത്- ന്യൂനപക്ഷ അധിക്ഷേപം, ലൈംഗികദുരുപയോഗം തുടങ്ങിയവയൊന്നുമില്ലാതെ നിഷ്‌കളങ്കമായി പ്രതികാര കഥ പറഞ്ഞ ആദ്യ സിനിമയ്ക്കു ശേഷം പത്രപ്രവര്‍ത്തകനായ സജീവ് പാഴൂരിന്റെ രചനയിലാണ് രണ്ടാമത്തെ സിനിമ ദിലീഷ് ഒരുക്കുന്നത്.

അഞ്ചു സുന്ദരികളില്‍ ആഷിക് അബു സംവിധാനം ചെയ്ത ഗൗരിയിലാണ് രാജീവ് രവി മലയാളത്തില്‍ അവസാനമായി ക്യാമറയെടുത്തത്. ഉഡ്താ പഞ്ചാബിലാണ് ബോളിവുഡിലെ രാജീവിന്റെ ഛായാഗ്രഹണം അവസാനമായി കണ്ടത്. രാജീവ് സംവിധാനം ചെയ്ത അന്നയും റസൂലും കമ്മട്ടിപ്പാടം എന്നിവയുടെ ക്യാമറ മധുനീലക്ണഠനും ഞാന്‍ സ്റ്റീവ് ലോപ്പസിന്റേത് പപ്പുവുമായിരുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്നതും മഹേഷിന്റെ പ്രതികാരം പോലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള സൗമ്യമായ കഥയാണെന്നാണറിവ്. സിനിമയുടെ നിര്‍മ്മാതാക്കള്‍ ഉര്‍വ്വശി തിയറ്റേഴ്സാണ്. നികൊഞാച-യ്ക്കു ശേഷമാണ് ഉര്‍വ്വശി തിയറ്റേഴ്സ് വീണ്ടും സിനിമയുമായെത്തുകയാണ്- പ്രതീക്ഷകളേറെയാണ്. പ്രതികാരത്തിലെ അമേരിക്കന്‍ അച്ചായനായി സംവിധായകന്‍ ദിലീഷ് പോത്തനും അഭിനയിച്ചിരുന്നു. ദൃക്സാക്ഷഇയില്‍ ദിലീഷിന്റെ കഥാപാത്രം സക്രീനില്‍ മാത്രമേ അറിയാനാകു.