ആരോ ഒരു ചിത്രം വരച്ചപ്പോഴേക്കും ഒഴുകിപ്പോകുന്നത്ര ദുര്‍ബലമാണല്ലോ നിങ്ങളുടെ വിശ്വാസം: തനിക്കെതിരെ തുറന്ന കത്തെഴുതിയ പുരോഹിതന് ബെന്യാമിന്റെ മറുപടി

പഴയ മദ്ധ്യകാല യൂറോപ്പല്ല അച്ചോ ഇത്. പുരോഹിതന്മാര്‍ എന്തെങ്കിലും പറഞ്ഞാല്‍ മുട്ടു വിറച്ചു നില്ക്കുന്ന വിശ്വാസികളുടെ കാലം ഒക്കെ പണ്ടേ കഴിഞ്ഞു പോയി. അങ്ങനെ ഒരു മൂഢ സ്വര്‍ഗ്ഗത്തിലാണ് അങ്ങ് ജീവിക്കുന്നതെങ്കില്‍ പുറത്തിറങ്ങി നിന്ന് ഇത്തിരി കാറ്റുകൊള്ളാന്‍ സമയമായെന്നും ബെന്യാമിന്‍ പറയുന്നു.

ആരോ ഒരു ചിത്രം വരച്ചപ്പോഴേക്കും ഒഴുകിപ്പോകുന്നത്ര ദുര്‍ബലമാണല്ലോ നിങ്ങളുടെ വിശ്വാസം: തനിക്കെതിരെ തുറന്ന കത്തെഴുതിയ പുരോഹിതന് ബെന്യാമിന്റെ മറുപടി

ഭാഷാപോഷിണി വിവാദത്തില്‍ തനിക്കെതിരെ തുറന്ന കത്തെഴുതിയ കത്തോലിക്കാ പുരോഹിതന് ബെന്യാമിന്റെ മുഖമടച്ചുള്ള മറുപടി. പത്തുപേര്‍ നടത്തിയ കോക്കാംപീച്ചിയെ മുഴുവന്‍ സഭയുടെയും വിശ്വാസികളുടെയും തലയില്‍ ചാര്‍ത്തി വച്ച് സത്യക്രിസ്ത്യാനികള്‍ക്ക് അപമാനം ഉണ്ടാക്കി വയ്ക്കാനുള്ള ശ്രമം നിഷ്‌കളങ്കമാണെന്നു മറ്റുളളവര്‍ വിചാരിക്കുമെന്ന് അങ്ങ് വെറുതെ വിശ്വസിച്ചു കളയരുതെന്നു പോസ്റ്റില്‍ പറയുന്നു. ഞങ്ങള്‍ അത്ര വിഡ്ഢികളല്ല. ക്രിസ്തുവിനെ ആര്‍ക്കും തീറെഴുതി തന്നിട്ടുമില്ല. ബെന്യാമിന്‍ കുറിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതി മാസികയുടെ എഡിറ്റര്‍ ഫാ: ജോസഫ് ഇലഞ്ഞിമറ്റം സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിനാണ് ബെന്യാമിന്റെ മറുപടി.


താന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സഭയ്‌ക്കോ പുരോഹിതന്‍മാര്‍ക്കോ വിശ്വാസികള്‍ക്കോ ക്രിസ്തുവിനോ എതിരായി ഒന്നും ഇല്ലെന്നു ശാന്തതയോടെ വായിച്ചാല്‍ മനസ്സിലാകും. ബസില്‍ കയറിയവരെക്കുറിച്ച് പറയുമ്പോള്‍ വഴിയില്‍ നില്ക്കുന്നവരും ഉള്‍പ്പെടുമെന്നു പറയരുത്. എന്നാല്‍ താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അതിനു കാരണം താങ്കള്‍ മഞ്ഞക്കണ്ണട വച്ച അവരിലൊരാള്‍ ആയിപ്പോയതിന്റെ ആത്മനിന്ദയാണെന്നു കരുതുന്നതായും ബെന്യാമിന്‍ പറയുന്നു.


ക്രൈസ്തവ വിരുദ്ധതയാണ് കേരളത്തിലെ സാംസ്‌കാരിക നായകന്റെ മുഖമുദ്ര എന്ന് ആരോപിക്കുന്ന താങ്കള്‍ ഏതൊക്കെ വിധത്തില്‍ ക്രൈസ്തവ വിരുദ്ധരാണ് എന്നു ഉദാഹരണം നിരത്തി പറയാന്‍ ബാധ്യസ്ഥനാണെന്നും ബെന്യാമിന്‍ കുറിക്കുന്നു. പൊതു സമൂഹത്തിന്റെ മുന്നില്‍ അപഹാസിതനായി എന്നു കണ്ടപ്പോള്‍ എന്തെങ്കിലും ആക്ഷേപം ഉന്നയിച്ചു രക്ഷപെടാന്‍ താങ്കളെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ ശ്രമിക്കരുതെന്നും ബെന്യാമിന്‍ പറയുന്നു.
പഴയ മദ്ധ്യകാല യൂറോപ്പല്ല അച്ചോ ഇത്. പുരോഹിതന്മാര്‍ എന്തെങ്കിലും പറഞ്ഞാല്‍ മുട്ടു വിറച്ചു നില്ക്കുന്ന വിശ്വാസികളുടെ കാലം ഒക്കെ പണ്ടേ കഴിഞ്ഞു പോയി. അങ്ങനെ ഒരു മൂഢ സ്വര്‍ഗ്ഗത്തിലാണ് അങ്ങ് ജീവിക്കുന്നതെങ്കില്‍ പുറത്തിറങ്ങി നിന്ന് ഇത്തിരി കാറ്റുകൊള്ളാന്‍ സമയമായെന്നും ബെന്യാമിന്‍ പറയുന്നു.

മനോരമയും അച്ചനും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങള്‍ പറഞ്ഞു തീര്‍ക്കുക. എന്റെ പ്രതികരണം ഏതെങ്കിലും മാധ്യമസ്ഥാപനത്തിനു വേണ്ടിയുള്ളതല്ല. അത് ക്രിസ്തുവിന്റെ പേരു പറഞ്ഞ് തെരുവില്‍ ഇറങ്ങിയതിനെതിരെ ആയിരുന്നു. മനുഷ്യന്റെ അഭിപ്രായങ്ങളെ അവന്റെ ജാതിപ്പേരിനോടു ചേര്‍ത്തുവായിക്കുന്ന സമകാലിക വിഷക്കണ്ണിന്റെ തുടര്‍ച്ചയായി മാത്രമേ താന്‍ ഇതിനെ കാണുന്നുള്ളൂ. അച്ചന്റെ കൂടെ തെരുവില്‍ ഇറങ്ങിയവരെ അത് സമാധാനിപ്പിക്കുമായിരിക്കും എന്നാല്‍ തന്നെ അറിയാവുന്ന വായനക്കാര്‍ അത് പുച്ഛിച്ചു തള്ളുമെന്നും ബെന്യാമിന്‍ പറയുന്നു.

വീടിന്റെ മുന്നിലൂടെ നടക്കുമ്പോള്‍ തേങ്ങ തലയില്‍ വീണ് ചാവുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭിമാനം സ്വന്തം അഭിപ്രായം ധീരതയോടെ തുറന്നു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെടുന്നതു തന്നെയാണ്. നൂറു വയസ്സ് വരെ ജീവിച്ചിരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടല്ല ജീവിക്കാനും എഴുതാനും തുടങ്ങിയത്. പേടിപ്പിക്കരുത് അച്ചോ. എന്റെ പേര് ബെന്യാമിന്‍ എന്നാണ്. അതിന്റെ അര്‍ത്ഥം ദൈവത്തിന്റെ വലംകൈ എന്നാണെന്നും ബെന്യാമിന്‍ കുറിക്കുന്നു.

എത്രയോ നല്ലവരായ നീതിമാന്മാരായ സത്യസന്ധരായ ആത്മാര്‍ത്ഥതയുള്ള ദൈവ സ്‌നേഹമുള്ള ക്രിസ്തുവില്‍ ജീവിക്കുന്ന പുരോഹിതന്മാരെ എനിക്കറിയാം. അവരാരും തെരുവില്‍ ഇല്ലായിരുന്നു അച്ചോ. അവര്‍ അടഞ്ഞ മുറികളിലിരുന്ന് ധ്യാനപ്രാര്‍ത്ഥനകള്‍ നടത്തുകയായിരുന്നു. ഒരു ചിത്രത്തിന്റെ പേരില്‍ തീരുന്ന ആത്മീയതയല്ല അവരുടേതെന്നും ബെന്യാമിന്‍ പറയുന്നു.

ജീവിതകാലം മുഴുവന്‍ സ്വയം ഷണ്ഡത്വത്തില്‍ ജീവിച്ചുകൊള്ളാം എന്നു ദൈവത്തിന്റെയും തിരുസഭയുടെയും പൊതുജനത്തിന്റെയും മുന്നില്‍ സത്യം ചെയ്തിട്ട് പിന്നേയും മറ്റേപ്പണിക്ക് പോകുന്നവരെക്കുറിച്ച് മാത്രമാണ് തന്റെ ആക്ഷേപമെന്നും ബെന്യാമിന്‍ കുറിക്കുന്നു.

ആരോ ഒരു ചിത്രം വരച്ചപ്പോഴേക്കും ഒഴുകി പോകുന്നത്ര ദുര്‍ബലമാണല്ലോ പുരോഹിതാ അങ്ങയുടെ വിശ്വാസം. ആ മഹാന്റെ ജീവിതസന്ദേശം സമൂഹത്തിനു പകര്‍ന്നു കൊടുക്കാന്‍ താങ്കളെപ്പോലെയുള്ളവരാണല്ലോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നോര്‍ത്ത് സങ്കടം വരുന്നു. സഹതാപവും. ബെന്യാമിന്‍ കുറിക്കുന്നു.

സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ചു തെരുവിലിറങ്ങിയ അച്ചന്‍മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്നു കൊടുക്കുന്ന കടുക്കാ വെള്ളത്തിന്റെ അളവു വര്‍ദ്ധിപ്പിക്കണമെന്ന ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെ അടിസ്ഥാനമാക്കിയായിരുന്നു ഫാ: ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ തുറന്ന കത്ത്.

കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കള്‍ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ? ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണെന്നു ഫാ: ജോസഫ് ബെന്യാമിനുള്ള മറുപടിയില്‍ പറഞ്ഞിരുന്നു.

കുടുംബത്തിന് അത്താണിയാവാന്‍ ആടുജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായിരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാന്‍ ഒരു കത്തോലിക്കാ പുരോഹിതനു താങ്കളുടെ ഒറ്റമൂലി ഉപദേശം ആവശ്യമില്ലെന്നും കത്തില്‍ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. കേരളത്തില്‍ സംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്നാണ് ക്രൈസ്തവ വിരുദ്ധതയെന്നും ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കു ആവശ്യമാണെന്നു തോന്നിത്തുടങ്ങിയോയെന്നും ഫാ: ഇലഞ്ഞിമറ്റം ചോദിച്ചിരുന്നു.