തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ ഒരു കോടി രൂപയുടെ നിക്ഷേപം കണ്ടു ഭയന്നു പോയ യുവതി പ്രധാനമന്ത്രിക്ക് പരാതി നല്‍കി

സ്വപ്നത്തില്‍ പോലും കാണാത്ത തുകയ്ക്ക് ഇനി എന്തെല്ലാം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ ശീതളും കുടുംബവും ആശങ്കപ്പെടുന്നത്

തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ ഒരു കോടി രൂപയുടെ നിക്ഷേപം കണ്ടു ഭയന്നു പോയ യുവതി പ്രധാനമന്ത്രിക്ക് പരാതി നല്‍കി

ഗാസിയാബാദ്: തന്‍റെ ജന്‍ധന്‍ അക്കൗണ്ടില്‍ ഒരു കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം നടന്നു എന്ന് പ്രധാനമന്ത്രിയ്ക്ക് മീററ്റ് സ്വദേശിനിയുടെ പരാതി. ശീതള്‍ യാദവ് എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

അയ്യായിരം രൂപ മാത്രം മാസം ശമ്പളം ഉള്ള ശീതള്‍ ഡിസംബര്‍ 18ന് എ.റ്റി.എമ്മില്‍ നിന്നും ചെറിയ ഒരു തുക പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച റെസിപ്റ്റില്‍ നിന്നാണ് തന്‍റെ അക്കൗണ്ടില്‍ ഇനിയും 99,99,99,394 രൂപ ബാലന്‍സ് ഉണ്ടെന്നു അവര്‍ മനസിലാക്കുന്നത്‌.


പരിഭ്രമിച്ചു പോയ ശീതള്‍ ഈ അക്കങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി ക്യുവില്‍ അടുത്തു നിന്നവരോട് ഈ തുക ഒന്നു വായിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. താന്‍ ഒരിക്കലും വായിച്ചിട്ടു പോലുമില്ലാത്ത തുക തന്നെയാണ് അവരും വിവരിച്ചത്. ആകെ ഭയന്നു പോയ ശീതള്‍ മറ്റൊരു ബാങ്കിന്‍റെ എ.റ്റി.എമ്മിലും പോയി ബാലന്‍സ് പരിശോധിച്ചു. അപ്പോഴാണ്‌ തന്‍റെ അക്കൗണ്ടില്‍ എവിടെ നിന്നോ ഭീമമായ ഈ തുക നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്ന് അവര്‍ മനസിലാക്കുന്നത്‌.
ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ ഭാരതത്തിലാരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജി.ഡി.വൈ). 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തത്. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു

എസ്.ബി.ഐ ബാങ്കിലാണ് ശീതളിന് അക്കൗണ്ട് ഉള്ളത്. തുടര്‍ന്ന് പരാതിയുമായി ശീതളും ഭര്‍ത്താവ് സൈലെന്ദര്‍ സിംഗും ബാങ്കിനെ സമീപിച്ചു എങ്കിലും നിരാശാജനകമായ പ്രതികരണമാണ് ലഭിച്ചത് എന്ന് ഇവര്‍ പറയുന്നു. ശീതളിന്റെ ഭര്‍ത്താവും തുച്ഛവരുമാനക്കാരനാണ്.

ഓരോരോ കാരണങ്ങള്‍ പറഞ്ഞു മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഇവരെ രണ്ടു ദിവസവും തിരിച്ചയച്ചു. ബാങ്കില്‍ നിന്നും സഹായകരമല്ലാത്ത പ്രതികരണം ലഭിച്ചപ്പോഴാണ് ഇവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള സുഹൃത്തിനെ സമീപിച്ചു പ്രധാനമന്ത്രിയ്ക്ക് മെയില്‍ വഴി ഡിസംബര്‍ 26ന് പരാതി അയക്കുന്നത്. ബാങ്കില്‍ നിന്നും ലഭിച്ച തികതാനുഭവങ്ങളും ഇവര്‍ പരാതിയില്‍ വിവരിക്കുന്നുണ്ട്.

ബാങ്കിന്‍റെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും അത് ലഭ്യമായില്ല. സ്വപ്നത്തില്‍ പോലും കാണാത്ത തുകയ്ക്ക് ഇനി എന്തെല്ലാം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ ശീതളും കുടുംബവും ആശങ്കപ്പെടുന്നത്

Read More >>