വന്ധ്യതാ ചികിത്സയ്ക്കെത്തി ഒടുവില്‍ എയിഡ്സ് ബാധിച്ചെന്നു ബംഗളൂരൂ യുവതിയുടെ പരാതി

ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെയും മറ്റ് രണ്ട് ജീവനക്കാരെയും പ്രതികളാക്കിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കിയിട്ടുണ്ട്.

വന്ധ്യതാ ചികിത്സയ്ക്കെത്തി ഒടുവില്‍ എയിഡ്സ് ബാധിച്ചെന്നു ബംഗളൂരൂ യുവതിയുടെ പരാതി

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ തനിക്ക് എച്ച്.ഐ.വി എയ്ഡ്‌സ് രോഗം ബാധിച്ചു എന്ന പരാതിയുമായി ബംഗളൂരൂ യുവതി കോടതിയെ സമീപിച്ചു. ബംഗളുരുവിലെ എം.എസ് രാമയ്യ ആശുപത്രിക്കെതിരെയാണ് യുവതി സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെയാണ് തനിക്കു എയിഡ്സ് പിടിപ്പെട്ടത്‌ എന്ന് യുവതി ആരോപിക്കുന്നു.

2014 ഫെബ്രുവരി 13നാണ് ജയന്ന നല്ലപ്പ എന്ന യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്.അതിനും ഒരു വര്‍ഷം മുന്‍പ് ഇവര്‍ വന്ധ്യതാചികിത്സയ്ക്ക് ഈ ആശുപത്രിയെ സമീപിച്ചിരുന്നു.


ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായതിനാല്‍ രക്തം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് മുമ്പ് എച്ച്.ഐ.വി പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് റിസള്‍ട്ട് ആയിരുന്നു ലഭിച്ചത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് നടത്തിയ ഇതേ പരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റീവാണ് എന്ന് കണ്ടെത്തി എന്ന് ഇവര്‍ പറയുന്നു.

എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതോടെയാണ് താന്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്നായിരുന്നു യുവതിയുടെ ഭാഷ്യം. രക്തം നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ആശുപത്രി അധികൃതര്‍ ലംഘിച്ചെന്ന് 40കാരിയായ ജയന്ന അന്യായത്തില്‍ പറയുന്നുണ്ട്

ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെയും മറ്റ് രണ്ട് ജീവനക്കാരെയും പ്രതികളാക്കിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, ചികിത്സ തേടുമ്പോള്‍ തന്നെ ജയന്ന എയിഡ്സ് ബാധിതയായിരുന്നു എന്ന് എം.എസ് രാമയ്യ ആശുപത്രി ബ്ലഡ്‌ ബാങ്കിന്‍റെ ചുമതലയുള്ള ഡോ: നന്ദകിഷോര്‍ പറയുന്നു. ആദ്യം നടത്തിയ പരിശോധനയില്‍ തന്നെ എയിഡ്സ് കണ്ടെത്തിയതുമാണ്. ഇത് തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഡോ:നന്ദകിഷോര്‍ അറിയിച്ചു.