മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തെപ്പറ്റി ബിജെപി ഇപ്പോള്‍ ആകുലപ്പെടുന്നതെന്തിന്? കാഞ്ച ഐലയ്യ എഴുതുന്നു

ഇന്ത്യയിൽ പെതുഭക്ഷണശാലകൾ കൊണ്ടുവന്നത് മുസ്ലീങ്ങളുടെ ഇറാനി ഹോട്ടലുകളാണ്. ഹൈദരാബാദിൽ ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുള്ള ബ്രാഹ്മിൺ ഭോജൻ, കോഫീ ഹോട്ടലുകൾ ധാരാളം കാണാനാകും. എന്നാൽ മുസ്ലീം ദർഗകളിൽ ദളിതരും പിന്നോക്ക സമുദായക്കാരും ഉൾപ്പെടെ എല്ലാ മതക്കാർക്കും, പ്രവേശിക്കാനും പ്രാർത്ഥിക്കാനും അനുവാദമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിൽ അങ്ങനെയില്ല. എല്ലാ ആരാധനാലയങ്ങളിലും അമ്പലം, പള്ളി എന്നിങ്ങനെ ജാതിയും മതവും നിരോധിക്കാൻ അവർക്ക് താല്പിര്യമില്ല. ലിംഗസമത്വത്തിന് അത്യാവശ്യമായതും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന ഏകീകൃത മത കോഡ് നമുക്ക് എന്തുകൊണ്ട് നിർമ്മിച്ച് കൂടാ?

മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തെപ്പറ്റി ബിജെപി ഇപ്പോള്‍ ആകുലപ്പെടുന്നതെന്തിന്? കാഞ്ച ഐലയ്യ എഴുതുന്നു

കാഞ്ച ഐലയ്യ

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ മുസ്ലീം വിഭാഗത്തോടുള്ള സമീപനം എന്തായിരിക്കുമെന്ന കാര്യത്തിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോദിയുടെ തെരെഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ സൂചനകളുണ്ടായിരുന്നില്ല. എന്നാൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഭരണത്തിലേറിയതിന് പിന്നാലെ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, ബീഫ് തുടങ്ങിയവ പ്രധാനവിഷങ്ങളായി മാറുകയായിരുന്നു. ഇതിൽ പശുസംരക്ഷണമെന്നത് പതിറ്റാണ്ടുകളായി മുസ്ലീം വിഭാഗത്തെ വേട്ടയാടുന്നതുമാണ്. ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചോദ്യമുയർത്തുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ചെറുകിട വ്യാപാരങ്ങളേയും                 (ഇറച്ചി, തോൽ, എല്ല്) പ്രതിസന്ധിയിലാക്കി. ഈ ജോലികൾ ചെയ്തിരുന്നവരിൽ തൊഴിലില്ലായ്മ വർദ്ധിച്ചു. ഉത്തർപ്രദേശിൽ അഖ്‌ലക്ക് എന്നയാളെ ബീഫിന്റെ പേരിൽ കൊലപ്പെടുത്തിയത് ഇന്ത്യ മുഴുവനുമുള്ള മുസ്ലീംങ്ങളെ ഭീതിയിലാക്കി.


ആറു വർഷമായി ഹൈദരാബാദിലെ മൗലാന അബ്ദുൾ കലാം ആസാദ് ദേശീയ ഉർദു സർവ്വകലാശാലയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഇവിടുത്തെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഭൂരിഭാഗവും മുസ്ലീം വിഭാഗത്തിൽ നിന്നാണ്. സ്വാതന്ത്ര്യാനന്തരകാലത്ത് ഉർദു ഭാഷ മുസ്ലീംവിഭാഗത്തിലൂടെയാണ് നിലനിൽക്കുന്നത്. നൈസാമിന്റെ ഭരണം ഉണ്ടായിരുന്ന ഇടങ്ങളിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ ഉർദു ഹൃദിസ്ഥമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഉർദു എഴുതുകയും വായിക്കുകും ചെയ്തിരുന്ന റെഡ്ഡി, വേലമ, സമീന്ദാർ തുടങ്ങിയവർ അതിനെ കൈവിട്ടു. ഉർദു സുബാൻ എന്ന പേരിൽ ഇവിടങ്ങളിലെ മുസ്ലീംവിഭാഗക്കാർ ആ ഭാഷയെ നിലനിർത്തുന്നു. അതിനാൽ സർവ്വകലാശാലയിലെ ഉർദു സംസാരിക്കുന്നവരുമായാണ് എന്റെ ഇടപെടലുകൾ അധികവും.

ഇവിടെ ജോലി ചെയ്യുന്ന മുസ്ലീംവിഭാഗത്തിൽപ്പെട്ട സ്ത്രീയും പുരുഷനും വ്യത്യസ്ത ജീവിതശൈലിയും, വസ്ത്രങ്ങളും, കേശാലങ്കാരവും പിന്തുടരുന്നവരാണ്. സ്ത്രീകൾ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നവരും,ശരീരസൗന്ദര്യം നിലനിർത്തുന്നവരും സ്വന്തമായി കാറോടിക്കുന്നവരുമാണ്. താരതമ്യേന വലിയ സർവ്വകലാശാലയായ ഒസ്മാനിയയിൽ പോലും സ്വയം കാറോടിച്ചെത്തുന്നതും രാത്രി ഏറെ സമയം ജോലി ചെയ്യുന്നതുമായ സ്ത്രീകൾ വിരളമാണ്. എന്നാൽ മൗലാന അബ്ദുൾ കലാം ആസാദ് ദേശീയ ഉർദു സർവ്വകലാശാലയിൽ ഇതൊക്കെ കാണാം.

ഇവിടെ മുമ്പ് ഒരു സ്ത്രീ രജിസ്ട്രാർ ആയിരുന്നു. ബുർഖ ധരിച്ചിരുന്ന അവർ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിന്റെ ചുമതല വഹിച്ച ആളുമാണ്. സർവ്വകലാശാലയിലെ ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അവർ മത്സരിച്ചിരുന്നു. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുമെന്നുള്ളതിനാൽ ഒസ്മാനിയ സർവ്വകലാശാലയിലെ ഹിന്ദു വിഭാഗത്തിൽപ്പെട്ട അധ്യാപികമാർ പോലും മത്സരിക്കാൻ തയ്യാറല്ല. ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ കൂടുതലും സ്ത്രീ ജീവനക്കാരാണ്, ഇവരിൽ ഭൂരിഭാഗവും ഉന്നതജാതിയിൽപ്പെട്ടവരും, വിദേശത്ത് പഠനം നടത്തിയവരുമാണ്. എന്നാൽഅവർ മത്സരിക്കാനും ഹോസ്റ്റലിന്റെ ചുമതലയുൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ മടിക്കുകയാണ്.

ഇവിടെ നന്നായി പഠിക്കുന്ന ചില പെൺകുട്ടികൾ കണ്ണുകളൊഴികെ മുഖം മറക്കുന്നവരാണ്. ഷേർവാണി, പൈജാമ ഉൾപ്പെടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നവരും താടി നീട്ടി വളർത്തുന്നവരുമായ പുരുഷൻമാരും ഇവിടെയുണ്ട്. കടുത്ത യാഥാസ്ഥിതികരായ പുരുഷനേയും സ്ത്രീയേയും എനിക്കറിയാം. അവർ രണ്ടുപേരും കംപ്യൂട്ടർ ഉപയോഗിക്കുന്നതിൽ അഗ്രഗണ്യരാണ്. മറ്റ് സമുദായങ്ങളിലുള്ളവരേക്കാൾ ആധുനിക വസ്ത്രധാരണം നടത്തുന്ന പുരുഷൻമാരേയും ഇവിടെ കാണാം. ഇവിടെയുള്ള പുരുഷജീവനക്കാരിൽ ഒന്നിൽ കൂടുതൽ ഭാര്യയുള്ളവരുണ്ടോ എന്ന് നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവാഹമോചനം നേടിയ സ്ത്രീകളാകട്ടെ, വളരെയധികം ആത്മവിശ്വാസമുള്ളവരും പ്രൊഫഷണലുകളുമാണ്. ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പ് മുസ്ലീം വിഭാഗത്തിന്റെ വിദ്യാഭ്യാസനിലവാരം, തൊഴിൽ, ദാരിദ്ര്യം എന്നിവയൊക്കെയായിരുന്നു ക്യാംപസിലെ ചർച്ചകളധികവും. സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ട് മുസ്ലീം വിഭാഗത്തിലെ സ്ത്രീപുരുഷ ബുദ്ധിജീവികളുടെ മനസ്സിലുണ്ടായിരുന്ന കാലം കൂടിയായിരുന്നു അത്. ഇപ്പോൾ അവരിൽ ഭയവും മൗനവുമാണ് എനിക്ക് കാണാൻ കഴിയുന്നത്. എന്തു കൊണ്ടാണത്?

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം കാശ്മീർ പ്രശ്‌നം രൂക്ഷമായിട്ടുണ്ട്. ദിവസവും രക്തച്ചൊരിച്ചിലുണ്ടാകുന്നു. ഉറി ആക്രമണത്തിന് ശേഷം മുസ്ലീംങ്ങൾ പാകിസ്ഥാൻ ഏജന്റുകളായി സംശയിക്കുന്നു. സർജിക്കൽ അറ്റാക്കിന് ശേഷമുള്ള ആഘോഷങ്ങൾ അതിർത്തിയിലെ തീവ്രവാദികൾക്കെതിരായിട്ടല്ല, ഇന്ത്യയിലെ ഓരോ മുസ്ലീമിനുമെതിരായി മാറിയിരിക്കുന്നു. അവർ ഒരു പാഠം പഠിച്ചുവെന്ന് തോന്നലുണ്ടാക്കാൻ മധുരം വിതരണം ചെയ്തവർ ബോധപൂർവ്വം ശ്രമിച്ചിട്ടുമുണ്ട്.

മുസ്ലീം സ്ത്രീകളെല്ലാം മുത്തലാഖിന്റെ ഇരകളാണെന്ന കണ്ടെത്തൽ നടത്തി അവരെ സംരക്ഷിക്കാനെന്ന പേരിൽ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം. അത് അവരെ കൂടുതൽ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ബിജെപി അധികാരത്തിൽ വന്ന ശേഷം സുപ്രീം കോടതിയിലുള്ള ഒരു കേസിന്റെ പേരിൽ രാജ്യത്തെ മുസ്ലീം സ്ത്രീകളെല്ലാം മുത്തലാഖിന്റെ ഇരകളാണെന്നും ഏകീകൃത സിവിൽ കോഡ് ആണ് ഏക പോംവഴിയെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നു.

ഇപ്പോൾ അവർക്കിടയിലെ ചെറുസംഭാഷണങ്ങളിൽ ഉന്നമനത്തെപ്പറ്റിയല്ല, മറിച്ച് ഭയത്തെപ്പറ്റിയാണ് ചർച്ചകൾ. എന്നാൽ ഇതല്ല പ്രധാനപ്രശ്‌നമെന്നും ഉംഗ്ലീഷ്, ഉർദു വിദ്യാഭ്യാസം, തൊഴിൽ എന്നിവയാണെന്നുമാണ് ഞാൻ സംസാരിക്കാറുള്ള അധ്യാപകഅനധ്യാപകർ ചൂണ്ടിക്കാണിക്കുന്നത്. കേവലം മുസ്ലീം സമുദായത്തിലെ മാത്രമല്ല പൊതുസമൂഹത്തിലെ സുരക്ഷയെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്.

സമകാലിക സാഹചര്യങ്ങളിൽ നിരാശരാണ് അവരിൽ ഭൂരിഭാഗവും. ദിവസവും ദളിത് സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലമടക്കമുള്ളവർ മുസ്ലീം വിഭാഗത്തിലെ സ്ത്രീകളുടെ വിവാഹമോചനത്തെപ്പറ്റി പറയുകയാണ്. അധികാരത്തിലിരിക്കുന്ന ഹിന്ദു വിഭാഗത്തിലെ സ്ത്രീകൾക്ക് ബ്രിന്ദാവനിൽ എലിപ്പൊത്ത് പോലുള്ള ഇടങ്ങളിൽ ജീവിച്ചു തീർക്കുന്ന യുവതികൾ തൊട്ട് പ്രായമേറിയവർ വരെയുള്ളവരുടെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ലേ.

ഹിന്ദുത്വ ബ്രിഗേഡുകൾ അതിർത്തിയിൽ പാകിസ്താനു വേണ്ടി പോരാടുന്ന ആളുകളായാണ് തങ്ങളെ കണക്കാക്കുന്നതെന്ന് മുസ്ലീം പുരുഷന്മാർ കരുതുന്നു. എന്തുകൊണ്ടാണ് 2014ലെ തെരെഞ്ഞെടുപ്പിന് ശേഷം കാര്യങ്ങളിങ്ങനെ മാറിയത്? ടെലിവിഷൻ പരിപാടികളിൽ, പ്രത്യേകിച്ച് ഇംഗ്ലീഷ് പരിപാടികളിൽ മുസ്ലീം പുരുഷന്മാരെല്ലാം ബോംബും തോക്കും വാങ്ങുന്നവരാണ്. മുസ്ലീം സ്ത്രീകൾ തലാഖ് സർട്ടിഫിക്കറ്റ് കാണിച്ച് അവരുടെ ക്രൂരനായ ഭർത്താവിൽ നിന്ന് രക്ഷ നേടാൻ കേഴുന്നവരുമാണ്. 2014 ലെ തെരെഞ്ഞെടുപ്പിന് മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ...ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾക്ക് മുത്തലാഖിൽ നിന്നുള്ള രക്ഷകരായി ഹിന്ദുവായ വിജയ് മല്യയേയും ക്രിസ്ത്യാനിയായ ഡൊണാൾഡ് ട്രംപിനേയുമാണോ ആവശ്യം?

ചുറ്റുവട്ടത്ത് ഹിന്ദു ബ്രിഗേഡുകൾ ബോധപൂർവം മറ്റൊരു പ്രചരണം നടത്തുന്നുണ്ട്. ഭാരതത്തെ നശിപ്പിച്ചത് മുസ്ലീം ആണെന്ന്. യഥാർത്ഥത്തിൽ മുസ്ലീംങ്ങൾ നൽകിയ ഹിന്ദുസ്ഥാൻ എന്ന പേര് ഹിന്ദു ബ്രിഗേഡിൽപ്പെട്ടവർ മനഃപൂർവ്വം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിൽ അപകടം ഒളിഞ്ഞിരിപ്പുണ്ട്. നിർഭാഗ്യവശാൽ മുസ്ലീം യോഗങ്ങളിലും ഹിന്ദുസ്ഥാൻ എന്നുപയോഗിക്കുന്നു. ഹിന്ദുസ്ഥാൻ എന്നത് പ്രചരിപ്പിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ പേര് ഇന്ത്യാ, ഭാരതം എന്നത് മാറ്റി ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റാനുള്ള രഹസ്യ നീക്കമാണിത്.

പതിറ്റാണ്ടുകളായി മുസ്ലീം രാഷ്ട്രീയക്കാർ സ്വയം നശീകരണത്തിലാണ്. അവർക്ക് 'ഖൂൻ പെ ചർച്ച ' (ചോരയ്‌ക്കൊപ്പം ചർച്ച) ചെറുക്കാനുള്ള ആർജ്ജവം നഷ്ടമായിരിക്കുന്നു. മുസ്ലീം ബുദ്ധിജീവികൾ അവരുടെ 'കോഫി'യ്‌ക്കൊപ്പമുള്ള സെക്യുലർ ചർച്ചയ്ക്കിടെ അവരുടെ സമൂഹം നേരിടുന്ന ചോരയ്‌ക്കൊപ്പം ചർച്ച കാണുന്നില്ല. ഹിന്ദു സമൂഹത്തിലെ തൊട്ടുകൂടായ്മ വൈധവ്യം എന്നിവയെക്കുറിച്ച് സംസാരിക്കാൻ അവർക്ക് താത്പര്യമില്ല. അതൊക്കെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുമെന്ന് അവർ കരുതി.

ഇന്ത്യയിൽ പെതുഭക്ഷണശാലകൾ കൊണ്ടുവന്നത് മുസ്ലീങ്ങളുടെ ഇറാനി ഹോട്ടലുകളാണ്. ഹൈദരാബാദിൽ ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുള്ള ബ്രാഹ്മിൺ ഭോജൻ, കോഫീ ഹോട്ടലുകൾ ധാരാളം കാണാനാകും. എന്നാൽ മുസ്ലീം ദർഗകളിൽ ദളിതരും പിന്നോക്ക സമുദായക്കാരും ഉൾപ്പെടെ എല്ലാ മതക്കാർക്കും, പ്രവേശിക്കാനും പ്രാർത്ഥിക്കാനും അനുവാദമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിൽ അങ്ങനെയില്ല. എല്ലാ ആരാധനാലയങ്ങളിലും അമ്പലം, പള്ളി എന്നിങ്ങനെ ജാതിയും മതവും നിരോധിക്കാൻ അവർക്ക് താല്പിര്യമില്ല. ലിംഗസമത്വത്തിന് അത്യാവശ്യമായതും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന ഏകീകൃത മത കോഡ് നമുക്ക് എന്തുകൊണ്ട് നിർമ്മിച്ച് കൂടാ?