കമൽസിയും കമാലുദ്ദീനും കെഇഎൻ കുഞ്ഞഹമ്മദും

കമലിനെ കമാലുദ്ദീനാക്കിയത് വിഭാഗീയതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഇന്നും കലർപ്പില്ലാതെ മതരഹിതജീവിതം നയിക്കുന്ന കെഇഎൻ എന്ന ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകനെ സ്വന്തം സുഹൃത്തുക്കൾ പേരുനീട്ടി വിളിച്ചുതുടങ്ങിയത് എന്തിനായിരുന്നു? ഇടതുപക്ഷത്തടക്കം പൂത്തുയർന്ന മൃദു ഹിന്ദുത്വത്തിലൂടെയല്ലേ കേരളം ഇന്നത്തെ ഭീഷണമായ ഇരുളിടുക്കിൽ വന്നു നിൽക്കുന്നത്? അതെയെന്നോർമ്മിപ്പിക്കുന്നു തന്നെ അതുവരെ വിളിക്കാത്ത മുഴുപ്പേരിൽ വിളിച്ചുതുടങ്ങിയ സുഹൃത്തുക്കൾക്കായി കെഇഎൻ മാറാടാനന്തര കാലത്തെഴുതിയ ലേഖനം

കമൽസിയും കമാലുദ്ദീനും കെഇഎൻ കുഞ്ഞഹമ്മദും

കമലിനെ കമാലുദ്ദീനാക്കുന്നതിനു പത്താണ്ടെങ്കിലും മുമ്പ് കേരളം മറ്റൊരാളെ ഇങ്ങനെ പേരു നീട്ടി വിളിച്ചുതുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷ സാംസ്കാരിക പ്രഭാഷകനും എഴുത്തുകാരനുമായ കെഇഎന്നിനെ. കമലിനെ പേരുനീട്ടി വിളിച്ചത് സംഘപരിവാര മാണെങ്കിൽ കെഇഎന്നിന്റെ നീളപ്പേര് സ്ഥാപിച്ചെടുത്തത് ആത്മമിത്രങ്ങളായിരുന്ന സഖാക്കളിലൊരു കൂട്ടരാണെന്നത് മറക്കാനാവാത്ത ചരിത്രം.

കമലിനെ കമാലുദ്ദീനാക്കിയത് വിഭാഗീയതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആധികാരികമായി പറഞ്ഞുകഴിഞ്ഞു. ദേശീയഗാന വിവാദമുയർത്തി കമലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഘപരിവാര സംഘടനകൾ അതു സ്വയം ശരിവയ്ക്കുകയും ചെയ്തു.


അപ്പോൾ, കെഇഎന്നിന്റെ പേരു നീട്ടിവിളിച്ചുതുടങ്ങിയത് എന്തിനായിരുന്നു? ഹിന്ദുത്വക്കാർ ഇന്നത്തെയത്ര ശക്തസാന്നിധ്യമല്ലാതിരുന്ന കാലത്ത് അങ്ങനെയൊരു 'പുനർനാമകരണം' നടത്തിയവർ ലക്ഷ്യമിട്ടതെന്തായിരുന്നു? അന്നാ നീണ്ട വിളിപ്പേർ സ്ഥാപിച്ചെടുക്കാൻ കഠിനപ്രയത്നം നടത്തുകയും വിജയിക്കുകയും ചെയ്തവരുടെ അനുധാവകർതന്നെയായിരിക്കില്ലേ കമലിനെ കമാലുദ്ദീനാക്കി 'ദേശവിരുദ്ധ'നാക്കാൻ ശ്രമിക്കുന്നവരെ ഗഹനമായ മൗനംകൊണ്ട് പിന്തുണക്കുന്നതും?

കമൽ സി ചവറയോ സുഹൃത്തുക്കളോ നേരിടുന്ന യുഎപിഎ ഭീഷണിയെക്കാൾ ഭീഷണമായ 'മുസ്ലിം' ബ്രാൻഡിംഗിന് ഇരയാക്കപ്പെട്ട് ആക്രമിക്കപ്പെട്ട കാലത്ത് കെഇഎൻ എഴുതിയ ഒരു ലേഖനം ഇത്തരം ഒരുപാട് ചോദ്യങ്ങൾക്ക് കാലത്തിലൂടെ ഊറിവരുന്ന ഉത്തരം തരും. ഇടതുപക്ഷത്തടക്കം പൂത്തുയർന്ന മൃദുഹിന്ദുത്വത്തിലൂടെയാണ് കേരളം ഇന്നത്തെ ഭീഷണമായ ഇരുളിടുക്കിൽ വന്നുനിൽക്കുന്നതെന്ന് ആർക്കും വ്യക്തമാവും.

ഹിന്ദുത്വ രാഷ്ട്രീയ ഭീഷണി മുസ്ലിം സമാന്തരങ്ങളിൽ നിന്നു പ്രതികരണമായുയരുന്ന പ്രതിഭാസമാണെന്ന സിദ്ധാന്തം സ്ഥാപിച്ചെടുക്കാനാവാതെ മനംനൊന്ത് കെഇഎന്നിനെ മാപ്പിളയാക്കി സമാധാനമടഞ്ഞ എത്രയോ 'മാർക്സിസ്റ്റ്‌' സ്വപ്നാടകരുണ്ട് കേരളത്തിൽ. അവർക്ക് സമർപ്പിക്കുന്നു, മാറാടാനന്തരം സംഘവിഷം കേരളത്തിന്റെ ചോരയിൽ കുത്തിയൊഴുകിത്തുടങ്ങിയ കാലത്ത് കെഇഎൻ തന്നെ പേരുനീട്ടിവിളിച്ചുതുടങ്ങിയ സഖാക്കൾക്കെഴുതിയ ലേഖനം.

മേല്‍വിലാസം തെറ്റിക്കുന്നതാര്‍ക്കുവേണ്ടി: കെഇഎൻ

മതേതരത്വത്തെക്കുറിച്ചുള്ള ഒച്ചവെപ്പുകള്‍ക്കിടയിലും കേരളം അതിന്റെ കണക്കെഴുതുന്നത് മതജാതി പുസ്തകങ്ങളിലാണ്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ശ്രീനാരായണഗുരുവിന്റെ സൂക്തം 'മതമേതായാലും നമുക്ക് സ്വന്തം മതം മാത്രം മതി' എന്ന സൗകര്യതത്വത്തിലാണ് ഇപ്പോള്‍ അടയിരിക്കുന്നത്. മതവിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസം പ്രഖ്യാപിക്കാനുള്ളത്ര അവകാശം, മതവിശ്വാസികളല്ലാത്തവര്‍ക്കും ഉണ്ട് എന്നത് ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം 'വിശ്വാസികളിലൊരു വിഭാഗം' ഇനിയും വളര്‍ന്നിട്ടില്ല.

വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തിക്കൊണ്ട് 'മതേതരവാദി'കളാകുന്ന ആദ്ധ്യാത്മികവാദികള്‍, ഭൗതികവാദികളെ അവരുടെ അഡ്രസ്സ് തെറ്റിച്ച് അഭിസംബോധന ചെയ്യുന്ന പതിവ് ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. മത-ജാതി കോളങ്ങള്‍ക്കടുത്ത് ഒരു മതരഹിത കോളംകൂടി അപേക്ഷാ ഫോറങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ അടുപ്പങ്ങളിലും അകലങ്ങളിലും അത് അര്‍ഹിക്കുംവിധം ഇനിയും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. പഴയ 'സംവര്‍ഗ്ഗങ്ങളില്‍' പുതിയ അവസ്ഥകളെ സങ്കോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിഴച്ചുപോവുന്നത് ഒരു സമൂഹത്തിന്റെ മേല്‍വിലാസം മുഴുവനുമാണ്.

'ഈശ്വരന്‍ ഹിന്ദുവല്ല, മുസ്ലീമല്ല, ക്രിസ്ത്യാനിയല്ല...' സ്‌കൂള്‍പ്രവേശനം മുതല്‍ ശ്മശാന സംസ്‌കരണംവരെ ഈശ്വരനെ സ്പര്‍ശിക്കാത്ത കാര്യങ്ങളാകയാല്‍, മുമ്പുദ്ധരിച്ച സിനിമാപ്പാട്ടിലെ വരി സാധാരണഗതിയില്‍ ഒരു വലിയ സൈദ്ധാന്തിക ശരിയായി തുടരും. അപ്പോഴും ഭൂമിയില്‍ ജീവിക്കുന്നു എന്നതിന് അധികാരത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ള മനുഷ്യരുടെ സ്ഥിതി അതല്ല. അവര്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനുമാണ്. കല്യാണക്കത്തുകളില്‍ പോലും അവര്‍ ജനാബും ശ്രീയുമാണ്. രണ്ടും ഒന്നാണെന്ന് കരുതുന്നവരെയും, രണ്ടിനുമപ്പുറം എന്തുകൊണ്ട് മൂന്നാമതൊരു സംബോധനാരൂപം സൃഷ്ടിച്ചുകൂടാ എന്നു ചോദിക്കുന്നവരെയും, അല്ലെങ്കിലെന്തിന് സംബോധനകളില്‍ വേര്‍തിരിവ് എന്നു തര്‍ക്കിക്കുന്നവരെയും സമാശ്വസിപ്പിക്കാനാവാത്തവിധം മലയാളികളുടെ ജീവിതമിപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മുമ്പ് ജ/ശ്രീകള്‍ക്കിടയിലെ പഴയ വര വേര്‍പിരിയലിന്റെ വഴിയായിരുന്നില്ല. അത് നമുക്കിടയില്‍ വേര്‍തിരിവുകളുണ്ടെന്നും എന്നാല്‍ നമ്മളെത്ര അടുത്താണെന്നുമുള്ളതിന്റെ ഒരടയാളമായിരുന്നു. ഇപ്പോഴതും മൂര്‍ച്ചയുള്ള വാളായി തിളങ്ങുന്നു!

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അടിമകളുടെ വിമോചന നായകനായ സ്പാര്‍ട്ടക്കസ്സിനെ വേട്ടയാടാന്‍ വന്നവര്‍ അടിമക്കൂട്ടങ്ങളെ നോക്കി നിങ്ങളിലാരാണ് സ്പാര്‍ട്ടക്കസ് എന്നുചോദിച്ചപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന ഓരോ അടിമയും ഞാനാണ് സ്പാര്‍ട്ടക്കസ്, ഞാനാണ് സ്പാര്‍ട്ടക്കസ് എന്നു പറഞ്ഞുവത്രേ. ഭാവന ഭാവിയുടെ മാനിഫെസ്റ്റോയായി മാറിയ ചരിത്രത്തിലെ അത്യുജ്വല സന്ദര്‍ഭമായിരുന്നുവത്. ഇന്നും മനുഷ്യമോചനത്തെ സ്വപ്നം കാണുന്ന മനുഷ്യര്‍, ഭാവനയുടെ മഹത്തായ ആ വിമോചന ചരിത്രത്തില്‍ നിന്നും ആവേശം കൊള്ളുന്നു. പ്രസ്തുത ആവേശത്തിന്റെ ഒരു പൊരിയാണ് അപര്‍ണ്ണസെന്‍ സംവിധാനം നിര്‍വ്വഹിച്ച മിസ്റ്റര്‍ ആന്റ് മിസ്സിസ് അയ്യറില്‍ 'പ്രകാശത്തിന്റെ പ്രളയം' സൃഷ്ടിച്ചത്.

എന്നാലിപ്പോള്‍ ജീവിതത്തിലാകെ ഫാസിസത്തിന്റെ ഇരുട്ട് പരക്കുമ്പോള്‍, ഭാഷയില്‍പ്പോലും ഫാസിസം തിന്മകളായി പതുങ്ങിക്കിടക്കുമ്പോള്‍, 'വംശഹത്യ' അനുഭവിക്കുന്ന സമൂഹങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന സങ്കടഹരജികള്‍പോലും കുറ്റകൃത്യമായി മുദ്രകുത്തപ്പെടുന്നു! ഞങ്ങളും നിങ്ങളുമായി മാറി നാം നമ്മളല്ലാതായി മാറുന്നു!
ഇന്ത്യന്‍ ഫാസിസത്തിനെതിരെ സമരോത്സുക മതേതരത്വത്തിന്റെ പക്ഷത്തുനിന്ന് ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരെ അവരുടെ ചെറിയ ഇനീഷ്യലിനു പിറകിലെ വലിയ പേരുകള്‍ ചൂണ്ടിക്കാട്ടി ഫാസിസ്റ്റുകള്‍ക്കൊപ്പം ഫാസിസ്റ്റുകളല്ലാത്തവരും അവനെ ക്രൂശിക്കുക എന്നാക്രോശിക്കുന്നു.

ഹിന്ദുത്വ ജീര്‍ണ്ണത ഹിന്ദുക്കള്‍ കൈകാര്യം ചെയ്യും. മറ്റുള്ളവര്‍ക്കാര്‍ക്കും ഇതിലിടപെടാനവകാശമില്ല എന്നൊരു സമീപനം മുമ്പ് മുസ്ലീം യാഥാസ്ഥിതികര്‍ സ്വീകരിച്ചപ്പോള്‍ അതിനോട് പ്രതികരിച്ചുകൊണ്ട് തായാട്ടെഴുതി:

''ശരീഅത്തിനെക്കുറിച്ച് മുസ്ലീമല്ലാത്ത ഒരാള്‍ക്ക് ചില അഭിപ്രായങ്ങള്‍ ഉണ്ടെന്നും അവ പ്രകാശിപ്പിക്കുന്നതിന് താല്‍പര്യമുണ്ടെന്നും ഇരിക്കട്ടെ. ഇവര്‍ (മുസ്ലീം യാഥാസ്ഥിതികര്‍) നിര്‍ദേശിക്കുന്ന തത്വമനുസരിച്ച് ആ ആള്‍ ആദ്യം ഏതെങ്കിലും ഒരു മതപരിവര്‍ത്തനകേന്ദ്രത്തില്‍ ചെന്ന് ഇസ്ലാംമതം സ്വീകരിക്കണം. അതിനുശേഷംമാത്രമേ അഭിപ്രായം പറയാന്‍ അധികാരം കിട്ടുകയുള്ളു. തുടർന്ന് ഒരു ക്രൈസ്തവാചാരത്തെക്കുറിച്ചാണ് അഭിപ്രായം പറയേണ്ടതെങ്കില്‍ മാമോദിസ മുങ്ങി ക്രിസ്ത്യാനിയായി വരണം. ഹിന്ദുക്കളുടെ ഗംഗാജല ഘോഷയാത്രയെക്കുറിച്ചും ഏകാത്മതാ പ്രസ്ഥാനത്തെക്കുറിച്ചും അഭിപ്രായം പറയണമെന്നിരിക്കട്ടെ, ആദ്യം ആര്യസമാജത്തിലൂടെ ഹിന്ദുവായിത്തീരണം. അങ്ങനെ അഭിപ്രായം പറയാന്‍ അര്‍ഹത ആദ്യം നേടണം. നാം ഇരുപതാംനൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ജീവിക്കുന്നത് എന്നുപറയുന്നത് ഒരു കള്ളക്കഥയാണോ?''

ഫാസിസത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ നേരിടാനാവാതെ വരുമ്പോള്‍ ഫാസിസം വിമര്‍ശകരെ പേര് തിരിച്ച് മതമുദ്ര ചാര്‍ത്തി നിര്‍വ്വീര്യമാക്കാന്‍ നടത്തുന്ന ശ്രമം പുതിയതല്ല. ഹിറ്റ്‌ലര്‍ മെയിന്‍ കാംഫിലുടനീളം കാൾ മാര്‍ക്‌സിനെ 'ജൂതമാര്‍ക്‌സ്' എന്നായിരുന്നു സംബോധനചെയ്തത്. ബ്രെഹ്റ്റിന്റെ ശവകുടീരത്തില്‍പ്പോലും ഹിറ്റ്‌ലറുടെ ശിഷ്യന്മാര്‍ എഴുതിവെച്ചത് 'നശിച്ച ജൂതപ്പട്ടീ, നീ പുറത്തു പോ' എന്നായിരുന്നു.

എന്നാലിന്നിപ്പോൾ അത്യന്തം അശ്ലീലമായ ഇപ്പണി തുടരുന്നത് ഫാസിസ്റ്റുകള്‍ മാത്രമോ? ('മാറാന്‍ ഒരു മതമുള്ളവര്‍/ ഭാഗ്യവാന്മാര്‍/ സ്വര്‍ഗ്ഗ രാജ്യം അവര്‍ക്കുള്ളതാകുന്നു' സച്ചിദാനന്ദന്‍). മതേതരവാദികള്‍, മറ്റെന്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉയർന്നുവന്നാലും, മതേതരവാദികള്‍ക്ക് കത്തയയ്ക്കുമ്പോള്‍ തിരക്കില്‍ പിന്‍കോഡ് എഴുതാന്‍ മറന്നാലും 'മേല്‍വിലാസം' തെറ്റിക്കരുത്.