ക്യാഷ് ലെസ്സ് ഇടപാടില്‍ സാധാരണക്കാരനെ ഉന്നം വച്ചുള്ള ചതിക്കുഴികള്‍

ക്യാഷ് ലെസ്സ് ഇടപാടുകള്‍ എന്താണ് എന്ന് ഇന്ത്യ പഠിച്ചു വരുന്നതേയുള്ളൂ. നോട്ട് നിരോധനവും, തുടര്‍ന്ന് രാജ്യത്തുണ്ടായ പണക്ഷാമവുമെല്ലാം ഇത്തരം ഒരു സാമ്പത്തിക അച്ചടക്കത്തിനുള്ള ശിക്ഷണമാണ് എന്ന് കേന്ദ്രസര്‍ക്കാരും വിവരിക്കുന്നു. ഇന്ത്യന്‍ ജനതയുടെ നല്ലൊരു ശതമാനവും ഡിജിറ്റല്‍ മണിയെ കുറിച്ചോ നോട്ടില്ലാതെയുമുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചോ അജ്ഞരാണ് എന്നുള്ളതാണ് സത്യം.

ക്യാഷ് ലെസ്സ് ഇടപാടില്‍ സാധാരണക്കാരനെ ഉന്നം വച്ചുള്ള ചതിക്കുഴികള്‍

ക്യാഷ് ലെസ്സ് ഇടപാടുകളുടെ മഹത്വത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കികൊണ്ട്, ആനായാസകരമായ ഓണ്‍ലൈന്‍ ബാങ്കിംഗ്/പേയ്മെന്റ്റ് ഇനി ശീലമാക്കാനും ഇന്ത്യന്‍ ജനതയോട് നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. 

'കാര്‍ഡ് ഒന്നു ഉരയ്ക്കുകയെ വേണ്ടു, പണമിടപാടുകള്‍ എന്തെളുപ്പം..' എന്ന മട്ടിലാണ് ഈ ബോധവല്‍ക്കരണമെല്ലാം നടക്കുന്നത്.

ക്യാഷ് ലെസ്സ് ഇടപാടുകളില്‍ സമയവും, പണവും ലാഭിക്കുകയും സുതാര്യവും വേഗതയും ലഭിക്കും എന്നെല്ലാം വാഗ്ദാനം ചെയ്യപ്പെടുന്നു. എന്നാല്‍ സത്യമതാണോ? ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കുക..

ക്യാഷ് ലെസ്സ് ഇടപാടുകളിലെ മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ അറിയാം:

ഇടനിലക്കാരെ ഇതിലെ...ഇതിലെ..

ഒരു അഞ്ഞൂറ് രൂപാ നോട്ട് കൈമാറ്റം ചെയ്യപ്പെടുന്ന, പതിനായിരം ഇടപാടുകള്‍ ഉദ്ദാഹരണമായിയെടുക്കാം. അവയെല്ലാം ഇതുവരെ, കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മില്‍ ഉള്ള സാമ്പത്തിക ഇടപാടുകള്‍ മാത്രമായിരുന്നു. അല്ലാതെ, ഈ ക്രയവിക്രയങ്ങള്‍ നടക്കുമ്പോള്‍, ഒരാളും അല്ലെങ്കില്‍ ഒരു സ്ഥാപനവും, ഇടനിലക്കാരായി നിന്ന് ലാഭമുണ്ടാക്കുന്നില്ല.

'ഞാനും നീയും തമ്മില്‍ എന്നുള്ള പോളിസി മാത്രമാണ് ഇവിടെ നടന്നു വന്നത്.

എന്നാല്‍ ഈ ഇടപാട് ക്യാഷ് ലെസ്സ് വ്യവഹാരമാകുമ്പോള്‍ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുക. ഓരോ ഇടപാടിനും 1.5 മുതല്‍ 3.5%തുക വരെ കമ്മിഷന്‍ ഇനത്തില്‍ സേവനദാതാവിന് ഇവിടെ ലഭിക്കുന്നു.ഏറ്റവും കുറഞ്ഞ ശരാശരിയില്‍ സര്‍വീസ് ചാര്‍ജ്ജ് കണക്കുകൂട്ടിയാലും, 10000 തവണകളായി 500 രൂപയുടെ ഡിജിറ്റല്‍ മണി ക്രയവിക്രയം ചെയ്യപ്പെടുമ്പോള്‍ സേവനദാതാവിന് 1,25,000 രൂപ കമ്മിഷന്‍ ഇനത്തില്‍ ലഭിക്കുന്നുണ്ട്.
അതായത് കൊടുക്കുന്നവനും വാങ്ങുന്നവനും അല്ലാതെ മൂന്നാമനായി നില്‍ക്കുന്നവന്‍, കേവലം കാഴ്ചക്കാരനായി നിന്ന് ഇതേ 500 രൂപാ ഉപയോഗിച്ചു മണിക്കൂറുകള്‍ക്കകം ലാഭം കൊയ്യുന്നു എന്ന് അര്‍ത്ഥം.

വിസാ, മാസ്റ്റര്‍ കാര്‍ഡുകള്‍, പേയ്ടിഎം, ജിയോ മണി തുടങ്ങിയ ഇടനിലക്കാര്‍ക്ക് ഇങ്ങനെ വളരെ ചുരുങ്ങിയ മിനിട്ടുകള്‍ക്കകം ലക്ഷങ്ങളാണ് ലാഭം! ഇത് കൊടിയ കുംഭകോണമല്ലാതെ മറ്റെന്താണ്?

വലയിലാക്കുന്നതിനും നല്‍കണം പണം!

ക്യാഷ് ലെസ്സ് ഇടപാടുകള്‍ക്ക് ഇന്റര്‍നെറ്റ്‌ അല്ലെങ്കില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടതുണ്ട്. ചുരുങ്ങിയ കാലത്തേക്ക് റിലയന്‍സ് ജിയോ ഇന്റര്‍നെറ്റ്‌ സൗജന്യമാക്കിയതൊഴിച്ചാല്‍ ഉപഭോക്താവ് ഇതിനും പണം നല്‍കേണ്ടതുണ്ട്.

ഓരോ ഇടപാട് നടത്തുമ്പോഴും ഇന്റര്‍നെറ്റ്‌ ചാര്‍ജ് ഇനത്തില്‍ 20 പൈസ ഉപഭോക്താവില്‍ നിന്നും ചെലവഴിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ പതിനായിരം തവണ ക്യാഷ് ലെസ്സ് ട്രാന്‍സ്ഫര്‍ നടക്കുമ്പോള്‍ രണ്ടായിരം രൂപ നമ്മള്‍ അറിയാതെ തന്നെ ഇന്റര്‍നെറ്റ്‌ ദാതാക്കള്‍ വാങ്ങിയെടുക്കുന്നുണ്ട്.

രസീത് സൗജന്യമല്ല...

ഒരു ഇടപാടിനും രണ്ടു രസീതുകള്‍ വീതമാണ് പ്രിന്‍റ് ലഭിക്കുക. ഒന്നു വ്യാപാരി സൂക്ഷിക്കേണ്ടതും, അടുത്തത്‌ ഉപഭോക്താവിനും.

പേപ്പറിന്‍റെയും അച്ചടി മഷിയുടെയും വില കൂടി കണക്കിലെടുത്താല്‍ ഒരു ക്യാഷ് ലെസ്സ് ഇടപാടിനു ഇങ്ങനെ 10 പൈസ ചെലവ് വരുന്നുണ്ട്. പതിനായിരം ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ 1000 രൂപ രസീതിനായി ചെലവഴിക്കപ്പെടുന്നു.

സമയം അമൂല്യമാണ്‌..

ഒരു ക്യാഷ് ലെസ്സ് ഇടപാടിനു ഉപഭോക്താവിന് ക്യാഷ് കൌണ്ടറില്‍ കുറഞ്ഞത്‌ 2 മിനിട്ടെങ്കിലും അധികം ചെലവഴിക്കേണ്ടതായി വരുന്നു. പതിനായിരം ഇടപാടുകളുടെ കണക്കെടുക്കുമ്പോള്‍ ഇങ്ങനെ ചെലവഴിക്കപ്പെടുന്നത്‌ 20,000 മിനിട്ടുകളാണ് അതായത് 333 മണിക്കൂറുകള്‍! ഇത് ഒരു ചെറിയ സമയമല്ലെലോ.

ഇതേ വിലപ്പെട്ട സമയം തന്നെ, കൌണ്ടറിനപ്പുറം നില്‍ക്കുന്ന ജീവനക്കാരനും ചെലവഴിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പതിനായിരം ഇടപാടുകള്‍ക്ക് മനുഷ്യാദ്ധ്വാനത്തിന്റെ 666 മണിക്കൂറുകള്‍ അധികമായി ചെലവഴിക്കപ്പെടുന്നു.

കൂട്ടിയും കുറച്ചും നോക്കുമ്പോള്‍ ഒടുവില്‍ ഗുണഭോക്താവിന് നഷ്ടം മാത്രം!ചുരുക്കത്തില്‍ 15 മുതല്‍ 20 രൂപ വരെ ചെലവിട്ടു അച്ചടിച്ചിരുന്ന 500 രൂപയുടെ ഒരു നോട്ടിന് പകരമായി ഒരാള്‍ ക്യാഷ് ലെസ്സ് ഇക്കോണമിയില്‍ ഇതേ തുകയുടെ പതിനായിരം ഇടപാടുകള്‍ നടത്തുമ്പോള്‍ 1,27,000 രൂപ ഇടനില നിന്നുക്കൊണ്ട് മറ്റുപലരും എളുപ്പത്തില്‍ സമ്പാദിക്കുന്നുണ്ട്.

കൂടാതെ ഇതിനായി മാത്രം 666 മണിക്കൂര്‍ പ്രവര്‍ത്തനസമയവും ചെലവഴിക്കേണ്ടി വരുന്നു.

കഴിഞ്ഞില്ല, ക്യാഷ് ലെസ്സ് ഇക്കോണോമിയില്‍ ക്രമീകരിക്കേണ്ടതായ അടിസ്ഥാനസൗകര്യങ്ങളുടെ ചെലവ് വേറെയുണ്ട്.

സ്വൈപ്പിംഗ് മെഷീന്‍ പോലെയുള്ള ഉപകരണങ്ങള്‍ക്കും സോഫ്റ്റ്‌വെയര്‍ പോലെയുള്ള സംവിധാനങ്ങള്‍ക്കും സൈബര്‍ സുരക്ഷയ്ക്കും ആവശ്യമായി വരുന്ന തുക മുന്‍കൂട്ടിയറിയാന്‍ കഴിയില്ല. കാലാകാലങ്ങളില്‍ ഇത് അപ്ഡേറ്റ് ചെയ്യേണ്ടതും ഉണ്ട്. പ്രത്യേകിച്ചു സൈബര്‍ ഹാക്കിംഗ്, അപകടങ്ങള്‍ ദുരന്തങ്ങല്‍ എന്നിവ നേരിടേണ്ടി വരുമ്പോള്‍ അവ പുനസ്ഥാപിക്കാന്‍ വേണ്ടി വരുന്ന ചെലവുകള്‍ വേറെ.
രാജ്യത്ത്, ഒരു പ്രകൃതിക്ഷോഭമോ ദുരന്തമോ ഉണ്ടായാല്‍ ഇന്റര്‍നെറ്റ്‌ സംവിധാനം താറുമാറാകുകയും അവ പുനസ്ഥാപിക്കാന്‍ നീണ്ട സമയം വേണ്ടി വരികയും ചെയ്യുന്നുണ്ട്. സമീപകാലത്ത് ചെന്നെയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഉണ്ടായ പ്രയാസങ്ങളും അനിശ്ചിതാവസ്ഥയും ഇതിനു ഉദാഹരണങ്ങളാണ്.

ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ ഡിജിറ്റല്‍ മണി പൂര്‍ണ്ണമായും നിര്‍ജ്ജീവമാവുകയും, കണക്കിലെ അക്കങ്ങളായി മാത്രം അവശേഷിക്കുകയും ചെയ്യും. ഇത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു വീണ്ടും വഴിതെളിക്കും.

അധികമായി ചെലവഴിക്കപ്പെടുന്ന ഈ പണം ഏതായാലും ബാങ്കുകള്‍ സൗജന്യമായി നല്‍കാന്‍ പോകുന്നില്ല. (സൗജന്യസേവനം വാഗ്ദാനം ചെയ്തുക്കൊണ്ടാണ് കാര്‍ഷിക വായ്പ ഉള്‍പ്പെടെ എല്ലാ ഇടപാടുകള്‍ക്കും ബാങ്കുകള്‍ ട്രാന്‍സാക്ഷന്‍ ഫീസ്‌ ഈടാക്കുന്നതെന്നും ഓര്‍ക്കണം)

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറിന് പോലും ഇക്കാര്യത്തില്‍ നേരിട്ട് പണം നല്‍കാനും കഴിയില്ല. സേവനദാതാക്കള്‍ക്ക് ലാഭം ഉണ്ടാവുകയും വേണം. അപ്പോള്‍ പിന്നെ ഏതെങ്കിലും ഇനത്തില്‍ അത് ഉപഭോക്താവില്‍ നിന്നും നിര്‍ബന്ധപ്പൂര്‍വ്വം ഈടാക്കുക മാത്രമാണ് പ്രായോഗികം.

ക്യാഷ് ലെസ്സ് ഇടപാടുകള്‍ എന്നാല്‍ ഒരു മോശം ഐഡിയ അല്ല, വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ ഡിജിറ്റല്‍ മണിയിലൂടെയാകാം, യാത്ര ചെയ്യുമ്പോഴും ഇവ പ്രയോജനപ്പെടാം.

പക്ഷെ മുഖ്യമായും എല്ലാ ഇടപാടുകള്‍ക്കും അങ്ങനെയൊരു സംവിധാനത്തിലേക്ക് ചുവടു മാറുന്നത് സാധാരണക്കാരാന് ഒരു പ്രയോജനവും ചെയ്യുകയില്ല. എന്ന് മാത്രമല്ല, വമ്പന്മാരായ ഇടനിലക്കാര്‍ക്ക് അവരെ ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

Read More >>