കരസേനാ മേധാവിയാകാതിരിക്കാന്‍ ലെഫ്.ജനറല്‍.ഹാരിസിന് എന്തായിരുന്നു ന്യൂനത?

ലഫ്.ജനറൽ.പി.ഹാരിസിനെ ഉൾപ്പെടെ സീനിയറായ സൈനികരെ തഴഞ്ഞു കൊണ്ടു സർവ്വീസിൽ ഇവരേക്കാള്‍ ജൂനിയറായ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു.

കരസേനാ മേധാവിയാകാതിരിക്കാന്‍ ലെഫ്.ജനറല്‍.ഹാരിസിന് എന്തായിരുന്നു ന്യൂനത?

2016 സെപ്റ്റംബർ 2 ന് ലെഫ്.ജനറൽ പി.എം.ഹാരിസ് ഇന്ത്യൻ സൈന്യത്തിന്റെ ദക്ഷിണേന്ത്യൻ കമാൻഡിംഗ് ഓഫീസായി ചുമതലയേറ്റപ്പോൾ കോഴിക്കോട് കുറ്റിക്കടവ് ഗ്രാമത്തിലും അത് ആഘോഷങ്ങളുടെ ദിവസമായിരുന്നു.

'നാടിന്റെ പൊന്നോമന പുത്രന്‍' എന്ന അഭിമാന വാചകങ്ങളോടെയുള്ള ഫ്ലക്സുകൾ ആ ഗ്രാമത്തിന്റെ സന്തോഷം വിളിച്ചു പറഞ്ഞു. വൈകാതെ ഇന്ത്യൻ കരസേനാ മേധാവി എന്ന പരമോന്നത പദവിയിലേക്ക് ഇദ്ദേഹം നിയമിതനാകുന്നതും കേരളം പ്രതീക്ഷയോടെ കാത്തിരുന്നു.


എന്നാൽ സീനിയോറിറ്റി ലിസ്റ്റ് മറികടന്നു ലഫ്. ജനറൽ.ബിപിൻ റാവത്ത് കരസേനാ മേധാവിയായി ചുമതലയേൽക്കുമ്പോൾ ആ പ്രതീക്ഷ ഇല്ലാതെയാകുകയാണ്.


ഒരു സൈനിക കുടുംബത്തിലെ അംഗമാണ് ലഫ്.ജനറൽ.പി.എം.ഹാരിസ്. വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദലിയാണ് പിതാവ്. അമ്മ ആമിന അധ്യാപികയായിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 16 കി.മി ദൂരെയുള്ള കുറ്റിക്കടവ് സ്വദേശിയാണ് ഇദ്ദേഹം.

മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ കേണൽ ഇ.പി.എം.രഹ്മാന്റെ മകൻ സറീനാ ഹാരിസാണ് ഭാര്യ. ആർമി വെൽഫയർ അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സറീനാ ഹാരിസ് സാമൂഹിക രംഗത്ത് സജീവമാണ്.

മകൻ സോഹബ് ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു. മകൾ ഷൈസ്ത ഡൽഹിയിലെ ബ്രിട്ടീഷ് കൗൺസിൽ സ്ക്കൂളിൽ അധ്യാപികയാണ്.പി.എം.ഹാരിസിന്റെ സഹോദരൻ ആരിഫും ഇന്ത്യൻ നേവി കമാൻഡറാണ്.

ഹാരിസ് പുണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി പൂര്‍വ വിദ്യാര്‍ഥിയാണ്. 1978-ല്‍ കരസേനയില്‍ ചേര്‍ന്ന ഹാരിസിന് അതിവിശിഷ്ട സേവാമെഡല്‍ ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വിവിധ ദൗത്യങ്ങളില്‍ ഇദ്ദേഹത്തിന്റെ സേവനം അമൂല്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്‌.

ദക്ഷിണേന്ത്യൻ കമാൻഡിങ്ങ് ഓഫീസറായി പി.എം.ഹാരിസ് സെപ്റ്റംബറിൽ ചുമതലയേൽക്കുന്നത് നിലവിൽ കരസേനാ മേധാവിയായി നിയമിതനായ ബിപിൻ റാവത്ത് സ്ഥലം മാറിപ്പോയ ഒഴിവിലാണ് എന്നുള്ളതും ശ്രദ്ധേയം.

ലഫ്.ജനറൽ.പി.ഹാരിസിനെ ഉൾപ്പെടെ സീനിയറായ സൈനികരെ തഴഞ്ഞു കൊണ്ടു സർവ്വീസിൽ ഇവരേക്കാള്‍ ജൂനിയറായ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു.

കഴിവും ചേര്‍ച്ചയും കണക്കിലെടുത്താണ് പുതിയ കരസേനാ മേധാവിയുടെ നിയമനമെന്നു പ്രതിരോധ മന്ത്രാലയം ഈ നിയമനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയതെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ഈ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സീനിയോറിറ്റി ലിസ്റ്റിൽ നാലാമനായ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി നിയമിക്കുക വഴി മോഡി സർക്കാർ ഇന്ത്യൻ ആർമിയിലെ ചട്ടങ്ങളിലും കൈ കടത്താൻ ശ്രമിക്കുകയാണ് എന്ന് മനീഷ് തിവാരി പ്രതികരിച്ചു.

Read More >>