നോട്ടു പ്രതിസന്ധിക്കു മുന്നില്‍ പതറി കന്നുകാലിക്കച്ചവടക്കാര്‍; പ്രവര്‍ത്തനം നിലച്ച് സംസ്ഥാനത്തെ കാലിച്ചന്തകള്‍

സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലി ചന്തയായ വാണിയംകുളത്ത് നോട്ടു നിരോധനത്തിനു ശേഷം വിറ്റുവരവ് മൂന്നിലൊന്നായി കുറഞ്ഞു. ചന്ത നടക്കുന്ന വ്യാഴാഴ്ച്ച ദിവസം രണ്ടായിരത്തോളം കന്നുകാലികളെയാണ് സാധാരണയായി എത്തിക്കാറുള്ളത്. എന്നാൽ ഇപ്പോഴത് നാലിലൊന്നായി കുറഞ്ഞു.

നോട്ടു പ്രതിസന്ധിക്കു മുന്നില്‍ പതറി കന്നുകാലിക്കച്ചവടക്കാര്‍; പ്രവര്‍ത്തനം നിലച്ച് സംസ്ഥാനത്തെ കാലിച്ചന്തകള്‍

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനം കന്നുകാലിചന്തകളേയും ബാധിച്ചു. നോട്ട് നിരോധനം വന്ന ശേഷം സംസ്ഥാനത്തേക്കുള്ള കന്നുകലികളുടെ വരവ് നാലില്‍ ഒന്നായി കുറഞ്ഞു. കച്ചവടവും തീരെ ഇല്ലാത്ത നിലയിലാണ്. പ്രതിസന്ധി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തേയ്ക്കുള്ള കന്നുകാലി വരവ് പൂര്‍ണ്ണമായും ഇല്ലാതാവും. കച്ചവടം നിലച്ച തമിഴ്‌നാട്ടിലെ ചന്തകളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്.

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഏറ്റവുമധികം പ്രതിസന്ധി ഉണ്ടായ മേഖലകളിലൊന്നാണ് കന്നുകാലി വ്യാപാര മേഖലയെന്ന് കന്നുകാലി വ്യാപാരി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി യൂസഫ് നാരദ ന്യൂസിനോട് പറഞ്ഞു.


സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലി ചന്തയായ വാണിയംകുളത്ത് നോട്ട് നിരോധനത്തിന് ശേഷം വിറ്റുവരവ് മൂന്നിലൊന്നായി കുറഞ്ഞു. ചന്ത നടക്കുന്ന വ്യാഴാഴ്ച്ച ദിവസം രണ്ടായിരത്തോളം കന്നുകാലികളെയാണ് സാധാരണയായി എത്തിക്കാറുള്ളത്. തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വാണിയംകുളത്തേക്ക് കന്നുകാലികളെ എത്തിക്കുന്നത്. നോട്ട് നിരോധനം വന്ന ശേഷം ഇവയുടെ എണ്ണത്തിലും കാര്യമായ കുറവു വന്നു. നേരത്തെ നൂറുകണക്കിന് ലോഡുകള്‍ വന്നിരുന്നെങ്കില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന  ലോഡുകള്‍ വരുന്നത് .

[caption id="attachment_66930" align="aligncenter" width="640"] വാണിയംകുളം ചന്ത, നോട്ടു നിരോധനത്തിനു മുൻപ്[/caption]

കേരളത്തിലെ മറ്റു പ്രധാന കന്നുകാലി ചന്തകളായ കുഴല്‍മന്ദം, പെരുമ്പിലാവ് തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ അവസ്ഥയാണ്. പലയിടത്തും ലക്ഷങ്ങള്‍ കൊടുത്തു ചന്ത ലേലത്തിനെടുത്തവര്‍  പ്രതിസന്ധിയിലായി. വരുന്ന ലോഡുകള്‍ക്കും കന്നുകാലികളുടെ എണ്ണവുമനുസരിച്ചാണ് ചന്ത നടത്തിപ്പുകാര്‍ക്ക് വരുമാനം കിട്ടുന്നത്. ഇപ്പോഴത്തെ നിലയില്‍ കെട്ടിവച്ച തുക പോലും കിട്ടില്ലെന്നതാണ് സ്ഥിതി.

പൊള്ളാച്ചി ഒട്ടൂര്‍ഛത്രം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കന്നുകാലി ചന്തയാണ്. അവിടേയും കച്ചവടം നാലിലൊന്നായി കുറഞ്ഞു. കേരളത്തിലേക്ക് ഇവിടെ നിന്നാണു കൂടുതല്‍ കന്നുകാലികള്‍ വന്നിരുന്നത്. കന്നുകാലിക്കടത്തിനു മാത്രമായി നൂറോളം ലോറികളാണ് സർവീസ് നടത്തുന്നത്.  വിൽപ്പന മന്ദഗതിയിലായത് ലോറി ജീവനക്കാരേയും ബാധിച്ചു.

തമിഴ്‌നാട്ടിലെ മറ്റു ചെറിയ കാലിച്ചന്തകളിൽ ചിലതു നോട്ടു നിരോധനത്തിനു ശേഷം പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ട്. ആട്, കോഴി തുടങ്ങിയവയുടെ കച്ചവടം മാത്രമാണ് ഇവിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത് .

ഇരുപതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ വിലയുള്ള കാലികളെയാണ് ഇവിടങ്ങളിൽ വിൽപ്പനയ്ക്കായി എത്തിക്കുന്നത്. പല കച്ചവടക്കാരും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നും രണ്ടും ലോഡ് കന്നുകളെ കൊണ്ടുവന്നാണ് കച്ചവടം നടത്താറുള്ളത്. നോട്ട് നിരോധനം വന്നതോടെ ഒരു കന്നിനുള്ള പണം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കച്ചവടക്കാര്‍.

വര്‍ഷങ്ങളായി കച്ചവട രംഗത്തുള്ളവരില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടില്ല. ഭൂരിഭാഗവും നിരക്ഷരായ കച്ചവടക്കാര്‍ക്ക് ബാങ്കിങ്ങ് രീതികളെ കുറിച്ച് അറിയുകയുമില്ല. കാലികളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ കയ്യിലുള്ള പണം കൊടുത്ത് അപ്പോള്‍ തന്നെ വാങ്ങുകയാണു  രീതി. ചെക്ക് സമ്പ്രദായത്തിലേക്ക് മാറ്റാന്‍ ഭൂരിഭാഗവും കച്ചവടകാര്‍ക്കും താല്‍പ്പര്യമില്ല.

നോട്ടു പ്രതിസന്ധിക്കു പരിഹാരമായില്ലെങ്കില്‍ താന്‍ 30 വര്‍ഷമായി തുടര്‍ന്നു വരുന്ന ഈ തൊഴില്‍ നിര്‍ത്തുമെന്നും ഇതിന് വേണ്ടി മോദി പറയുന്ന ഡിജിറ്റല്‍ ബാങ്കിംഗ് പഠിക്കാന്‍ ഇല്ലെന്നും കാലിക്കച്ചവടക്കാരനായ ഉമ്മര്‍ പറഞ്ഞു.

ഈ പ്രതിസന്ധി മറികടന്നാൽ മാത്രമേ കാലിക്കച്ചവടം പഴയ നിലയിലാവുകയുള്ളൂ. എന്നാൽ അതിന് എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.

Read More >>