കഞ്ചിക്കോടെ പെപ്സി പ്ലാന്റിൽ എത്ര കുഴൽക്കിണറുകൾ? വെള്ളമില്ലാതെ നാടു വരളുമ്പോഴും പരിശോധന അനുവദിക്കാതെ ബഹുരാഷ്ട്ര ഭീമൻ

പാലക്കാട് പെപ്‌സിക്കു സമാന്തര സാമ്രാജ്യം; മുട്ടു മടക്കിയും ഓച്ഛാനിച്ചും ഉദ്യോഗസ്ഥര്‍. കമ്പനിക്കുള്ളിൽ പ്രവേശനം വേണ്ടപ്പെട്ടവർക്കു മാത്രം; അകത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയില്ല.

കഞ്ചിക്കോടെ പെപ്സി പ്ലാന്റിൽ എത്ര കുഴൽക്കിണറുകൾ? വെള്ളമില്ലാതെ നാടു വരളുമ്പോഴും പരിശോധന അനുവദിക്കാതെ ബഹുരാഷ്ട്ര ഭീമൻ

പാലക്കാട്: ശീതള പാനീയ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോയുടെ സമാന്തര സാമ്രാജ്യം കാണണമെങ്കില്‍ ഇങ്ങു കഞ്ചിക്കോടു വന്നാല്‍ മതി. സ്വന്തമായി ഭരണഘടനയുമുള്ള ഈ സാമ്രാജ്യത്തിനകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. പുതുശ്ശേരി പഞ്ചായത്തില്‍ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനിയിലേക്കു വര്‍ഷങ്ങളായി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയല്ലാതെ ആരേയും കടത്തി വിടാതിരുന്നിട്ടും കമ്പനി സുഗമമായി പ്രവര്‍ത്തിക്കുന്നു. മുട്ടുമടക്കിയോ ഓച്ഛാനിച്ചോ നില്‍ക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പിന്തുണയുമായി ഉള്ളതു കൊണ്ടു കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 25 ഏക്കറിലധികം പരന്നു കിടക്കുന്ന കമ്പനിക്കുള്ളില്‍ നടക്കുന്ന കാര്യത്തെ കുറിച്ച് കേരളത്തിലെ ഒരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. അറിഞ്ഞവര്‍ പറയാനും തയ്യാറല്ല. 2000 ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ഈ കമ്പനിക്കകത്ത് ജോലിക്കാരേയും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയുമല്ലാതെ ആരേയും കടത്തി വിട്ടിട്ടില്ല.


എംഎല്‍എയായാലും വേണ്ടില്ല പുറത്തു നില്‍ക്കണം;
മന്ത്രിയാണേല്‍ കയറാന്‍ ഡല്‍ഹിയില്‍ നിന്ന് സമ്മതം കിട്ടണം


നിയമസഭാ പരിസ്ഥിതി സബ് കമ്മിറ്റി ചെയര്‍മാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് എം വി ശ്രേംയാസ് കുമാര്‍ എം എല്‍ എയും പിന്നീട് ഇതേ കമ്മിറ്റിയുടെ ചെയര്‍മാനായി സി പി മുഹമ്മദ് എം എല്‍ എയും വന്നപ്പോഴും ഗേറ്റിലെ കാവല്‍ക്കാര്‍ അകത്തേക്കു കയറ്റിയില്ല. സ്പീക്കറെ വിളിക്കുമെന്നും മറ്റും പറഞ്ഞ് പ്രശ്‌നമാക്കിയപ്പോള്‍ കൂടെയുള്ളവരെ പുറത്തു നിര്‍ത്തി എം എല്‍ എ മാര്‍ക്കു മാത്രം അകത്തേക്കു പ്രവേശനം കിട്ടി. അതും നിര്‍മ്മാണം നടക്കുന്ന പ്ലാന്റിലേക്ക് ഒന്നുമല്ല. വെറുതെ ഓഫീസ് വരെ. കമ്പനി പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ആരും വന്നാലും പുറത്തു നില്‍ക്കണം.

മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു പോലും അകത്തേക്കു പോകാന്‍ അനുമതി കിട്ടണമെങ്കില്‍ ഡല്‍ഹിയിലെ കമ്പനിയുടെ വൈസ് ചെയര്‍മാന്റെ അനുമതി കിട്ടണമത്രെ.  'ആരു വന്നാലും കടത്തി വിടരുതെന്നു പറഞ്ഞിട്ടുണ്ട്. അകത്തേക്കു കടക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഡല്‍ഹിയില്‍ വിളിച്ചു സമ്മതം വാങ്ങണം.'  ഇതാണ് ഉത്തരേന്ത്യക്കാരായ കാവല്‍ക്കാരുടെ ഭാഷ. ഡല്‍ഹിയില്‍ വിളിക്കേണ്ട നമ്പറൊന്നും അവര്‍ തരില്ല. അതു നമ്മള്‍ തന്നെ കണ്ടെത്തണം. കണ്ടെത്തി വിളിച്ചിട്ടും കാര്യമില്ല. പ്രവേശനം കിട്ടില്ല.

പെപ്‌സിയിലേക്ക് പോയ നാരദ ന്യൂസിനും ഇതേ അനുഭവമാണ് ഉണ്ടായത്. പരിസ്ഥിതി സംഘടനയുടെ കണ്‍വീനറും പുതുശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ എം ബാലമുരളിയും കൂടെയുണ്ടായിരുന്നു. ഗേറ്റില്‍ കാവല്‍ക്കാര്‍ തടഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഓര്‍ഡര്‍ കിട്ടണമത്രെ. പെപ്‌സിക്കകത്ത് എന്തു നടക്കുന്നുവെന്ന് പുറംലോകം അറിയാതിരിക്കാനാണ് പ്രവേശനം നിഷേധിക്കല്‍ എന്നുറപ്പാണ്.

മയ്യിത്ത് കുളിപ്പിക്കാന്‍ പോലും വെള്ളമില്ല;
പെപ്‌സിയുടെ പ്രവർത്തനത്തിന് ഊനവുമില്ല

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പെപ്‌സി കമ്പനിയില്‍ നിന്നും അരക്കിലോമീറ്റര്‍ ദൂരെ മാത്രം താമസിച്ചിരുന്ന മുസ്ലീം കുടുംബം മയ്യിത്ത് കുളിപ്പിക്കാന്‍ വെള്ളം വില കൊടുത്തു വാങ്ങിയത് അന്നു വലിയ വാര്‍ത്തയായിരുന്നു. പെപ്‌സിയുടെ ജലചൂഷണത്തെ തുടര്‍ന്നു കുഴല്‍ കിണറുകളില്‍ പോലും വെള്ളം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു അതു സംഭവിച്ചത്.

pepsi-6

പെപ്‌സിയുടെ അമിതമായ ജലചൂഷണത്തെ തുടര്‍ന്നു പുതുശ്ശേരി പഞ്ചായത്തിലേയും സമീപത്തെ രണ്ടു പഞ്ചായത്തുകളിലേയും ഭൂഗര്‍ഭ ജലം ഏറെക്കുറെ ഇല്ലാതായി എന്നു പറയാം. കിണര്‍ കുഴിച്ചാല്‍ ഒരിക്കലും വെള്ളം കിട്ടില്ല, കുഴല്‍ക്കിണര്‍ അഞ്ഞൂറ് അടി താഴ്ത്തിയാല്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. കഴിഞ്ഞ ദിവസം പെപ്‌സി അറ്റകുറ്റ പണികള്‍ക്കായി ഒരാഴ്ച്ചയോളം പ്രവര്‍ത്തനം നിര്‍ത്തി വച്ചപ്പോള്‍ ചില കുഴല്‍ കിണറുകളില്‍ വെള്ളം കിട്ടാനും തുടങ്ങി. പാലക്കാട് മുമ്പെങ്ങുമില്ലാത്ത വരള്‍ച്ചയാണ് ഈ വര്‍ഷം നേരിടുന്നത്. ഒരു കുടം വെള്ളം പോലും പണം കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥ വരുമ്പോഴാണു പെപ്‌സിയുടെ ജലം ഊറ്റല്‍ തുടരുന്നത്.

നിത്യേന ഊറ്റുന്നത് 25 ലക്ഷത്തോളം ലിറ്റര്‍ ജലം

നിത്യേന ആറരലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണു പെപ്‌സി സമ്മതിക്കുന്ന കണക്ക്. എന്നാല്‍ ഇതിന്റെ നാലിരട്ടി വരുമെന്നാണു പഞ്ചായത്ത് കണക്കുകൂട്ടുന്നത്. പെപ്‌സിക്കകത്ത് 15 ഓളം കുഴല്‍ക്കിണര്‍ ഉണ്ടെന്നാണു പെപ്‌സി പറയുന്നത്. എന്നാല്‍ ഇത് ഇരട്ടിയിലെറെ വരുമെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പെപ്‌സി എത്രത്തോളം ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ ഭൂഗര്‍ഭ ജലവകുപ്പ് വച്ച മീറ്റര്‍ തുടക്കം മുതല്‍ തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഇതിലേക്കു വൈദ്യുതി, മറ്റു കണക്ഷനുകള്‍ സ്ഥാപിക്കാനും പെപ്‌സി തയ്യാറായിട്ടില്ല. ഭൂഗര്‍ജല വകുപ്പ് ഉദ്യോഗസ്ഥർ പെപ്‌സിയുടെ ഉള്‍വശം കണ്ടിട്ടില്ലെന്നു പറയാം.

സര്‍ക്കാറിലേക്ക് അടയ്ക്കാനുള്ളതു കോടികള്‍

2000 ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ഒരു പൈസ പോലും പെപ്‌സി സര്‍ക്കാറിന്റെ ഒരു വകുപ്പിലേക്കും നികുതിയായി അടച്ചിരുന്നില്ല. പുതുശ്ശേരി പഞ്ചായത്തില്‍ ഇപ്പോഴത്തെ ഭരണ സമിതി വന്നശേഷം പഞ്ചായത്തിലേക്ക് അടയ്ക്കാനുള്ള നികുതിയാവശ്യപ്പെട്ടു പലതവണ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നു രണ്ടു മാസം മുമ്പ് അമ്പതു ലക്ഷം രൂപ നികുതിയായി പെപ്‌സി പഞ്ചായത്തില്‍ അടച്ചു. കോടികള്‍ അടക്കേണ്ടിടത്താണ് അമ്പതു ലക്ഷം അടച്ചു കൈകഴുകുന്നത്.

പൊതുവായ നിയമങ്ങള്‍ ബാധകമല്ലെന്നു പെപ്‌സി

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഗ്രീന്‍ചാനല്‍ വഴി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയെന്നാണു പെപ്‌സി അവകാശപ്പെടുന്നത്. ഇതു പ്രകാരം എന്തു തന്നെ നടന്നാലും കമ്പനി പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയോ സര്‍ക്കാറിലേക്ക് ഒരു നികുതിയും അടയ്ക്കുകയോ വേണ്ടെന്നാണു പെപ്‌സിയുടെ വാദം. പഞ്ചായത്തിനോ, സര്‍ക്കാറിനോ, പൊതുജനങ്ങള്‍ക്കോ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കാന്‍ ഒരു അവകാശമില്ലെന്നും അവകാശവാദമുണ്ട്. ഇത്തരമൊരു ആനുകൂല്യമുള്ളതിനാല്‍ കമ്പനിക്കകത്ത് ആരേയും പ്രവേശിപ്പിക്കേണ്ട ബാധ്യതയില്ലെന്നും പെപ്‌സി അവകാശപ്പെടുന്നു. എന്നാല്‍ ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടു മിക്ക കമ്പനികളും സര്‍ക്കാറിലേക്കു നികുതി അടച്ചും ഉദ്യോഗസ്ഥരെ പ്രവേശിപ്പിച്ചു കൊണ്ടും പ്രവര്‍ത്തനം നടത്തുമ്പോഴാണ്, നിയമങ്ങള്‍ ബാധകമല്ലെന്നു കമ്പനി വാദിക്കുന്നത്.

താഴെത്തട്ടിലെ ഓഫീസ് മുതല്‍ വ്യവസായ സെക്രട്ടറി വരെ അനുകൂലം

നാടു കുടിവെള്ളത്തിനായി കേഴുമ്പോള്‍ പെപ്‌സിയുടെ ജലമൂറ്റലിന് ഇങ്ങ് വ്യവസായ ഓഫീസില്‍ മുതൽ അങ്ങ് വ്യവസായ സെക്രട്ടറി വരെ പെപ്‌സിക്ക് അനുകൂലമായി കാര്യങ്ങള്‍ നീക്കുന്നതായി പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നുണ്ട്. 25 ഏക്കര്‍ സ്ഥലത്തു സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെ, എതിര്‍ക്കുന്നവരെയെല്ലാം വെല്ലുവിളിച്ചു കമ്പനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഇതു കൊണ്ടാണെന്നാണ് ആരോപണം. പെപ്‌സിക്കെതിരെ നാട്ടുകാരില്‍ നിന്നു തന്നെ നിരവധി പരാതികള്‍ ഉണ്ടായിട്ടും ഒന്നിനും ഒരു കടലാസ് വില പോലും ഉണ്ടായിട്ടില്ല.

ജലചൂഷണം നടത്തുന്നില്ലെന്നു മുന്‍ പഞ്ചായത്ത് ഭരണസമിതി

പെപ്‌സി ഒരു ജലചൂഷണവും നടത്തുന്നില്ലെന്നാണു മുന്‍ യു ഡി എഫ് പഞ്ചായത്ത് സമിതിയുടെ റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ചെയര്‍ പേഴ്‌സണായുള്ള പരിസ്ഥിതി കാവല്‍ സംഘത്തിനാണു പഞ്ചായത്ത് ഈ റിപ്പോര്‍ട്ട് നല്‍കിയത്. പെപ്‌സിയുടെ ജലചൂഷണത്തില്‍ കൊടും വരള്‍ച്ച അനുഭവപ്പെടുമ്പോഴാണു പഞ്ചായത്തിന്റെ ഈ നിലപാട്.

നേരത്തെ നടത്തിയ സമരമെല്ലാം പാതി വഴിയില്‍ നിന്നു

പെപ്‌സിയുടെ ജലചൂഷണത്തിനെതിരെ സിപിഐയും ജനകീയ സമര സമിതിയുമെല്ലാം നേരത്തെ സമരം ചെയ്തിരുന്നുവെങ്കിലും എല്ലാം പാതി വഴിയില്‍ നിന്നു. സമരം ശക്തമാകുമ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന കാഴ്ച്ചകളാണു പെപ്‌സിക്കെതിരേയുള്ള സമരത്തില്‍ കണ്ടത്. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി അടച്ചു പൂട്ടിക്കാനാവില്ലെന്നു ബോധ്യപ്പെട്ടതിനാലാണത്രേ, സമരം നിര്‍ത്തിയത്.

പെപ്‌സിക്കെതിരെ വീണ്ടും സമരം; വി എസും എത്തുന്നു

എന്തു വന്നാലും പെപ്‌സിയുടെ ജലചൂഷണം അവസാനിപ്പിച്ചേ മതിയാകൂ എന്ന നിലപാടിലാണ് ഇപ്പോഴത്തെ എല്‍ ഡി എഫ് ഭരണ സമിതി. ഇതിന്റെ ഭാഗമായി ജലമൂറ്റല്‍ നിര്‍ത്തണമെന്നു പ്രമേയം പാസ്സാക്കി കമ്പനിക്കു നല്‍കിയിട്ടുണ്ട്. രണ്ടു തവണ നോട്ടീസ് നല്‍കി അമ്പത് ലക്ഷം രൂപ നികുതിയായി അടപ്പിച്ചിട്ടുണ്ട്. കൂടാതെ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി പെപ്‌സിയിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സമരം വി എസ് അച്യുതാനന്ദന്‍ ഉത്ഘാടനം ചെയ്യും. പ്രദേശം കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വരുന്ന മഴക്കാലം വരെ പെപ്‌സി ജലമൂറ്റല്‍ നിര്‍ത്തണമെന്നതാണ് ആവശ്യം.

എഡിറ്റ്

വാര്‍ത്ത പ്രസിദ്ധീകരിക്കും മുന്‍പു പെപ്‌സികോ ഇന്ത്യയുടെ പ്രതികരണത്തിനായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും ഡല്‍ഹിയില്‍ നിന്നും പ്രതികരിക്കട്ടെ എന്നുമുള്ള മറുപടിയായിരുന്നു ലഭിച്ചത്. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം പെപ്‌സികോ ഇന്ത്യാ വക്താവ് വിഷയത്തില്‍ പ്രതികരണം അറിയിച്ചു.

ചട്ടപ്രകാരം പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് കമ്പനിയാണ് പെപ്സികോ ഇന്ത്യ എന്നും ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടാകും തുടർന്നും പ്രവർത്തിക്കുക എന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പെപ്സികോ ഇന്ത്യാ വക്താവ് പറഞ്ഞു.

Read More >>