നാലാം ടെസ്റ്റ്: ക്യാപ്റ്റൻ കോഹ്ലിക്ക് സെഞ്ച്വറി; ടീം ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഓപ്പണർ മുരളി വിജയും ചേർന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും ചേർന്ന് 112 റൺസാണ് അടിച്ചെടുത്തത്

നാലാം ടെസ്റ്റ്: ക്യാപ്റ്റൻ കോഹ്ലിക്ക് സെഞ്ച്വറി; ടീം ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ ഉയർത്തിയ 400 റൺസിനെതിരെ ടീം ഇന്ത്യക്ക് ലീഡ്. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 451 റൺസെടുത്തു. ഓപ്പണർ ജെന്നിങ്‌സിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ മികച്ച സ്‌കോർ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഓപ്പണർ മുരളി വിജയിന്റെയും (136) ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (147 നോട്ടൗട്ട്) സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യയുടെ തിരിച്ചടി.

രണ്ടാം ദിവസം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിൽ നിന്നും മൂന്നാം ദിനം കളി ആരംഭിച്ച ടീം ഇന്ത്യക്ക് ചേതേശ്വർ പൂജാരയെയാണ് ആദ്യം നഷ്ടമായത്. ശനിയാഴ്ച രാവിലെ കളി ആരംഭിച്ച ശേഷം ജെയ്ക് ബോൾ എറിഞ്ഞ രണ്ടാം പന്തിൽ തന്നെ പൂജാര ക്ലീൻ ബൗൾഡായി. ഈ സമയം ടോട്ടൽ സ്‌കോറിൽ മൂന്നാം ദിനം ഒന്നും ചേർക്കാനായിരുന്നില്ല. പിന്നീടെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഓപ്പണർ മുരളി വിജയും ചേർന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും ചേർന്ന് 112 റൺസാണ് അടിച്ചെടുത്തത്.


ടോട്ടൽ സ്‌കോർ 262ൽ എത്തിയപ്പോഴാണ് മുരളി വിജയിനെ സ്വന്തം പന്തിൽ പിടിച്ചുപുറത്താക്കി റഷീദ് കൂട്ടുകെട്ട് തകർത്തത്. 282 പന്തുകളിൽ നിന്നും പത്തു ബൗണ്ടറികളും മൂന്നു സിക്‌സറും ഉൾപ്പെടെ ഇതിനകം ഈ ഇന്ത്യൻ ഓപ്പണർ 136 റൺസ് നേടിയിരുന്നു. വിജയ്ക്ക് ശേഷം ക്രീസിലെത്തിയ കരുൺ നായർക്ക് പക്ഷെ ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. 13 റൺസെടുത്ത കരുണിനെ മോയിൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതിനു ശേഷം ആർ. അശ്വിൻ എത്തിയെങ്കിലും റൺസെടുക്കും മുൻപേ ജെന്നിങ്‌സിന്റെ കൈകളിലെത്തിച്ച് റൂട്ട് മടക്കി. ആറു വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എന്ന നിലയിലായിരുന്നു ഈ സമയം ടീം ഇന്ത്യ.

അശ്വിന് ശേഷം ക്രീസിലെത്തിയ ജഡേജയുമൊത്ത് (25) ക്യാപ്റ്റൻ കോഹ്ലി അർദ്ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ബട്ട്‌ളറുടെ കൈകളിൽ എത്തിച്ച് റഷീദ്, ജഡേജയെ മടക്കി. പിന്നീടെത്തിയ യുവ ഓൾ റൗണ്ടർ ജയന്ത് യാദവും(30 നോട്ടൗട്ട്) കോഹ്ലിയും ചേർന്നാണ് സ്‌കോർ 400 കടത്തിയത്. ഇരുവരും ചേർന്നുള്ള അപരാജിത കൂട്ടുകെട്ടിൽ ഇതിനകം 87 റൺസ് പിറന്നിട്ടുണ്ട്. കളി അവസാനിക്കുമ്പോൾ 51 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ നേടിയിട്ടുണ്ട്.