വിജിലന്റാക്കാന്‍ ന്യൂജെന്‍ മാര്‍ഗം; അഴിമതിയെ പറ്റി അറിയിക്കാന്‍ രണ്ട് മൊബൈല്‍ ആപ്പുമായി വിജിലന്‍സ്

എറൈസിങ് കേരള, വിസില്‍ നൗ എന്നീ ആപ്പുകളാണ് വകുപ്പ് പുറത്തിറക്കിയത്. ഇതോടൊപ്പം അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് 'വിസില്‍ ബ്ലോവര്‍ അവാര്‍ഡ്' നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

വിജിലന്റാക്കാന്‍ ന്യൂജെന്‍ മാര്‍ഗം; അഴിമതിയെ പറ്റി അറിയിക്കാന്‍ രണ്ട് മൊബൈല്‍ ആപ്പുമായി വിജിലന്‍സ്

തിരുവനന്തപുരം: ജനങ്ങളെ അഴിമതിയെ പറ്റി കൂടുതല്‍ വിജിലന്റാക്കാന്‍ ന്യൂജെന്‍ ആശയവുമായി വിജിലന്‍സ്. കേരളത്തിലെ എല്ലാ മേഖലകളിലേയും അഴിമതി സംബന്ധിച്ച് വിവരം അറിയിക്കാന്‍ രണ്ട് ആപ്പുകള്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ. എറൈസിങ് കേരള, വിസില്‍ നൗ എന്നീ ആപ്പുകളാണ് വകുപ്പ് പുറത്തിറക്കിയത്. ഇതോടൊപ്പം അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് 'വിസില്‍ ബ്ലോവര്‍ അവാര്‍ഡ്' നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.


വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട അഴിമതി ദിനാഘാഷത്തിലാണ് ആപ്ലിക്കേഷനുകള്‍ ലോഞ്ച് ചെയ്തത്. ഈ ആപ്ലിക്കേഷനുകളിലൂടെ പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ-ഓഡിയോ, ചിത്രങ്ങള്‍ തുടങ്ങിയവ അപ് ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍വഴി ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ഇത് ഒരു വലിയ മുന്നേറ്റം കുറിക്കും. ഇത്തരത്തില്‍ അപ് ലോഡ് ചെയ്യുന്ന അഴിമതി വിരുദ്ധമായ പോസ്റ്റുകളില്‍ പൊതുജനങ്ങള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങളെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള സൗകര്യം ഈ മൊബൈല്‍ ആപ്പുകള്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ വര്‍ഷവും ഡിസംബര്‍ 9നാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംസ്ഥാനതല 'വിസില്‍ ബ്ലോവര്‍ അവാര്‍ഡ്' നല്‍കുന്നത്. വലിയ അഴിമതികള്‍ മൂടിവെയ്ക്കപ്പെടാന്‍ ഇടയുള്ളതുകൊണ്ടും അത്തരം അഴിമതിക്കാര്‍ കൂടുതല്‍ ശക്തരാകാനിടയുള്ളതുകൊണ്ടും പലവിധ വെല്ലുവിളികള്‍ സധൈര്യം നേരിട്ടുവേണം അഴിമതി പുറത്തുകൊണ്ടുവരാന്‍. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ളതാണ് 'വിസില്‍ ബ്ലോവര്‍' അവാര്‍ഡെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Read More >>