ദക്ഷിണ നൈജീരിയയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് 70ഓളം പേര്‍ മരിച്ചു

അക്വാ ഇബോം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഉയോയിലെ ദ റെയ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ച് ഇന്റര്‍നാഷണലിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ചര്‍ച്ചില്‍ ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായി എത്തിയവരാണ് കൊല്ലപ്പെട്ടത്.

ദക്ഷിണ നൈജീരിയയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് 70ഓളം പേര്‍ മരിച്ചു

ലാഗോസ്: ദക്ഷിണ നൈജീരിയയില്‍ ക്രിസ്ത്യൻ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് 70ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. അക്വാ ഇബോം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഉയോയിലെ ദ റെയ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ച് ഇന്റര്‍നാഷണലിന്റെ മേല്‍ക്കൂരയാണു തകര്‍ന്നുവീണത്. ചര്‍ച്ചില്‍ ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായി എത്തിയവരാണ് കൊല്ലപ്പെട്ടത്.

അപകടസമയം സ്റ്റേറ്റ് ഗവര്‍ണര്‍ ഉദോം ഇമ്മാനുവല്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളിക്കകത്തുണ്ടായിരുന്നു. ഗവര്‍ണര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 70ഓളം പേര്‍ കൊല്ലപ്പെട്ടിരിക്കാം എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും 200ഓളം പേര്‍ മരണപ്പെട്ടതായാണ് നൈജീരിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. സ്ഥലത്തു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അനുശോചനം രേഖപ്പെടുത്തി.
ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ചില നിര്‍മാണ ജോലികള്‍ ദേവാലയത്തിൽ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് മേല്‍ക്കൂര നിലംപൊത്തിയത്. നിർമാണം വേഗത്തില്‍ തീര്‍ക്കാനായി പണിയില്‍ കൃത്രിമം കാണിച്ചിരുന്നോ എന്നും പണി ഏറ്റെടുത്തവരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു സാധ്യതകളും അന്വേഷണത്തിൽ ആരായും.

2015 സെപ്തംബറില്‍ ലാഗോസില്‍ തന്നെ മറ്റൊരു ദേവാലയം തകര്‍ന്നുവീണിരുന്നു. 84 ദക്ഷിണാഫ്രിക്കക്കാരടക്കം 115 പേരാണ് അന്നു കൊല്ലപ്പെട്ടത്.