കോഴിക്കോട്‌ മനുഷ്യാവകാശ പ്രവര്‍ത്തകൻ രജീഷ് കൊല്ലങ്കണ്ടിക്കെതിരെ യുഎപിഎ

രജീഷിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും മറ്റു വകുപ്പുകളെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാവില്ലെന്നും മാനന്തവാടി എ എസ്‌ പി ജയദേവ്‌ നാരദാ ന്യൂസിനോടു പറഞ്ഞു

കോഴിക്കോട്‌ മനുഷ്യാവകാശ പ്രവര്‍ത്തകൻ രജീഷ് കൊല്ലങ്കണ്ടിക്കെതിരെ യുഎപിഎ

കോഴിക്കോട്‌: വ്യാപകപ്രതിഷേധങ്ങള്‍ക്കിടയിലും യുഎപിഎയുമായി വീണ്ടും പൊലീസ്‌. കോഴിക്കോട്ടെ മനുഷ്യാവകാശ പ്രവര്‍ത്തകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രജീഷ്‌ കൊല്ലങ്കണ്ടിക്കെതിരെയാണ്‌ യുഎപിഎ ചുമത്തിയിരിക്കുന്നത്‌.

തെരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട്‌ വയനാട്ടിലെ മാനന്തവാടിയില്‍ പോസ്‌റ്ററൊട്ടിച്ച കേസില്‍ യുഎപിഎ ചുമത്തി പോരാട്ടം പ്രവര്‍ത്തകന്‍ എം എന്‍ രാവുണ്ണിയെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇദേഹത്തെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കേസിലാണ്‌ കോഴിക്കോട്‌ ഗവ.പോളിടെക്‌നിക്കിലെ ക്ലാര്‍ക്കായ രജീഷ്‌ കൊല്ലങ്കണ്ടിക്കെതിരെ യുഎപിഎ ചുമത്തിയത്‌. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗമാണ്‌ രജീഷ്‌.


വയനാട്ടിലെ വെള്ളമുണ്ട, തലപ്പുഴ പൊലീസ്‌ സ്റ്റേഷനുകളിലാണ്‌ രജീഷിനെതിരെ കേസുള്ളത്‌. നിലമ്പൂര്‍ കാട്ടില്‍ വെടിയേറ്റ്‌ മരിച്ച കുപ്പുദേവരാജിന്റെ കുടുംബത്തിന്‌ കോഴിക്കോട്‌ സ്വകാര്യ ലോഡ്‌ജില്‍ താമസമൊരുക്കിയെന്ന കേസില്‍ ഇയാളെ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ പിന്നാലെയാണിപ്പോള്‍ വയനാട്‌ പൊലീസ്‌ യുഎപിഎ ചുമത്തിയിരിക്കുന്നത്‌. എം എന്‍ രാവുണ്ണിക്ക്‌ കോഴിക്കോട്ടെ സ്വകാര്യ ലോഡ്‌ജില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത്‌ രജീഷാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

രജീഷിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും മറ്റു വകുപ്പുകളെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാവില്ലെന്നും മാനന്തവാടി എ എസ്‌ പി ജയദേവ്‌ നാരദാ ന്യൂസിനോട്‌ പറഞ്ഞു.

വെടിയേറ്റ്‌ മരിച്ച മാവോയിസ്‌റ്റ്‌ നേതാക്കളായ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഏറ്റുവാങ്ങുന്നതിനും സംസ്‌കരിക്കുന്നതിനുമെല്ലാം നേതൃത്വം നല്‍കിയത്‌ രജീഷായിരുന്നു. ഇതാണ്‌ പൊലീസിനെ ചൊടിപ്പിച്ചത്‌. എം എന്‍ രാവുണ്ണിയ്‌ക്ക്‌ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്‌ രജീഷാണെന്ന്‌ പൊലീസ്‌ പറയുമ്പോഴും കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങുന്ന സ്ഥലത്ത്‌ വച്ച്‌ പരസ്യമായാണ്‌ അദേഹത്തെ അറസ്റ്റ്‌ ചെയ്‌തത്‌.

നിലമ്പൂരില്‍ വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണം നടത്താന്‍ എംഎന്‍ രാവുണ്ണിയും ഗ്രോ വാസുവും ഉള്‍പ്പടെയുള്ളവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പിന്നെങ്ങനെയാണ്‌ അദേഹം ഒളിവിലായിരുന്നെന്ന്‌ പറയാന്‍ കഴിയുകയെന്ന്‌ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

Read More >>