പ്രസവത്തിനിടെ ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

ആറളം 13ാം ബ്ലോക്കിലെ മോഹിനി (20)യും കുഞ്ഞുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. തുടര്‍ന്ന് 20 മണിക്കൂറിനു ശേഷമാണ് പായയില്‍കെട്ടി ചുമന്ന് മൃതദേഹങ്ങള്‍ വനത്തിനുള്ളില്‍ നിന്നു പുറത്തെത്തിച്ചത്.

പ്രസവത്തിനിടെ ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി യുവതിയും കുഞ്ഞും പ്രസവത്തിനിടെ ചികിത്സ
കിട്ടാതെ മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനത്തിനുള്ളില്‍ ഇന്നലെയാണ് സംഭവം. ആറളം 13ാം ബ്ലോക്കിലെ മോഹിനി (20)യും കുഞ്ഞുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. തുടര്‍ന്ന് 20 മണിക്കൂറിനു ശേഷമാണ് പായയില്‍കെട്ടി ചുമന്ന് മൃതദേഹങ്ങള്‍ വനത്തിനുള്ളില്‍ നിന്നു പുറത്തെത്തിച്ചത്.

വിവരം വനംവകുപ്പിനേയും പോലീസിനേയും അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് ആദിവാസികള്‍ പറയുന്നു. ഇതോടെ, നാട്ടുകാരും ആദിവാസികളും ചേര്‍ന്ന് മോഹിനിയുടേയും കുഞ്ഞിന്റേയും മൃതദേഹം പായയില്‍ പൊതിഞ്ഞ് വനത്തിനു പുറത്തെത്തിക്കുകയും തുടര്‍ന്ന് ആംബുലന്‍സിന്റെ സഹായത്തോടെ ആറളത്തെത്തിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് യുവതിയും കുഞ്ഞും മരിച്ചത്. സംഭവം അറിഞ്ഞതോടെ പ്രദേശവാസികള്‍ കര്‍ണാടക വനംവകുപ്പിനേയും ഇരിട്ടി പോലീസിനേയും അറിയിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. ഇതോടെയാണ് ആദിവാസികളും നാട്ടുകാരും ഇടപെട്ടത്.


കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശം ആയതിനാലാണ് കര്‍ണാടക വനംവകുപ്പും കേരള പോലീസും ഇടപെടാതിരുന്നതെന്നാണ് പറയപ്പെടുന്നത്. അധികൃതരുടെ നിസംഗത മൂലം മൃതദഹേം യഥാസമയം വീട്ടിലെത്തിക്കാന്‍ പോലും സാധിക്കാതെവരികയായിരുന്നു. അതേസമയം, വിവരം അറിഞ്ഞിരുന്നതായി സമ്മതിക്കുന്ന ഇരിട്ടി പോലീസ് ഇക്കാര്യത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്ന വിശദീകരണമാണ് നല്‍കിയത്.

കഴിഞ്ഞവര്‍ഷമാണ് ആറളത്തു നിന്നും കര്‍ണാടകയിലെ മാക്കൂട്ടം കോളനിയിലേക്ക് മോഹിനി വിവാഹിതയായി പോയത്. തുടര്‍ന്ന് ആറുമാസം മുമ്പ് ഇവര്‍ ഉള്‍വനത്തിലെ കുടിലിലേക്കു താമസം മാറുകയായിരുന്നു. ഗര്‍ഭിണിയായതോടെ കൂട്ടുപുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സ വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും വീണ്ടും വനത്തിനുള്ളിലേക്ക് മടങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് പ്രസവം നടക്കുന്നതിനിടെ ചികിത്സ കിട്ടാതെ മരണപ്പെട്ടത്.

Read More >>