ബസ് കാത്തു നിന്നയാളെ സ്റ്റേഷനിൽ  കൊണ്ടുപോയി മർദ്ദിച്ചു; മോഷ്ടാവെന്നാരോപിച്ചു പിടിച്ചയാളുടെ പണം പൊലീസ് അപഹരിച്ചെന്നു പരാതി

ആക്ഷൻ ഹീറോ ബിജു ബാധ പൊലീസിനെ വിട്ടൊഴിയുന്നില്ല. ആലുവയിൽ ബസ് കാത്തു നിന്ന ഷിബു എന്നയാളെ മോഷ്ടാവെന്നാരോപിച്ചാണ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചത്. തുണി ചുറ്റിയ ഇടിക്കട്ട കൊണ്ട് എസ്ഐ ഹണി കെ ദാസ് ഇടിക്കുകയായിരുന്നുവെന്ന് ഷിബു നാരദാന്യൂസിനോട് പറഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന 1200 രൂപ പൊലീസുകാരനായ യാക്കൂബ് അപഹരിച്ചെന്നും ഷിബു പറയുന്നു.

ബസ് കാത്തു നിന്നയാളെ സ്റ്റേഷനിൽ  കൊണ്ടുപോയി മർദ്ദിച്ചു; മോഷ്ടാവെന്നാരോപിച്ചു പിടിച്ചയാളുടെ പണം പൊലീസ് അപഹരിച്ചെന്നു പരാതി

പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ചു വ്യാപക പരാതികൾ ഉയർന്നിട്ടും മർദ്ദനങ്ങൾ തുടരുകയാണ്. ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തു നിന്ന കൂലിപ്പണിക്കാരനും സിപിഐഎം പ്രവർത്തകനുമായ പീടികപറമ്പിൽ ഷിബുവിനാണ് മോഷണക്കുറ്റമാരോപിച്ചു പൊലീസിന്റെ മർദ്ദനം നേരിടേണ്ടി വന്നത്.  നട്ടെല്ലിനു പരിക്കേറ്റ ഷിബു കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇടിക്കട്ട കൊണ്ടിടി...

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അളിയന്റെ അടുത്തു നിന്ന് കരുമാല്ലൂരിലെ വീട്ടിലേക്കു പോകാനാണ് ഷിബു ആലുവ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. അവിടെയെത്തിയ പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അൽപസമയം സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഇരുത്തിയ ശേഷം വാഹനം വിളിച്ചുവരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.


സ്റ്റാൻഡിൽ പോക്കറ്റടി വ്യാപകമാണെന്നും നിന്നെയും സംശയമുണ്ടെന്നും സ്റ്റേഷനിലെത്തിച്ച ശേഷം എസ്ഐ ഹണി കെ ദാസ് പറഞ്ഞു. ഷിബുവിനു പുറമെ മറ്റു മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിൽ ഓരോരുത്തരെയായി വിളിച്ച് എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്നു ഷിബു നാരദാന്യൂസിനോടു പറഞ്ഞു. തുണി ചുറ്റിയ ഇടിക്കട്ട ഉപയോഗിച്ചായിരുന്നു മർദ്ദനം.

കയ്യിലുണ്ടായിരുന്ന പണം, മകളുടെ ആഭരണം കരുമാല്ലൂർ സർവ്വീസ് ബാങ്കിൽ പണയം വച്ചു കിട്ടിയതാണെന്ന് ഷിബു പൊലീസിനോടു പറഞ്ഞു. തുടർന്നു ഷിബുവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.

പൊലീസിന്റെ പോക്കറ്റടി...

സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഷിബു സിപിഐഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.  അരമണിക്കൂറിനുള്ളിൽ ആശുപത്രിയിൽ ഷിബുവിനെ തേടി വീണ്ടും പൊലീസെത്തി. ആശുപത്രിയിൽ നിന്ന് പിടിച്ചു വലിച്ച് പൊലീസ് ഷിബുവിനെ വീണ്ടും കൊണ്ടുപോയി. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന 1200 രൂപയും പൊലീസ് പിടിച്ചെടുത്തു.

ഓട്ടോറിക്ഷയിലാണ് ഷിബുവിനെ വീണ്ടും സ്റ്റേഷനിലെത്തിച്ചത്. അവിടെയെത്തിയതും യാക്കൂബ് എന്ന പൊലീസുദ്യോഗസ്ഥൻ തന്നെ അടിച്ചെന്നു ഷിബു പറയുന്നു. അപ്പോഴേക്കും കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു, സിപിഐഎം നേതാവായ എം കെ ബാബു തുടങ്ങിയവർ പ്രതിഷേധവുമായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ഇവരുടെ മുമ്പിൽ വച്ച് ' സാർ ആക്ഷൻ ഹീറോ ബിജു'വിലെ പോലെയല്ലേ എന്നോട് പെരുമാറിയതെന്ന് എസ്ഐയോട് ചേദിച്ചിരുന്നെങ്കിലും മറുപടിയുണ്ടായില്ലെന്നു ഷിബു പറയുന്നു.

അന്വേഷിച്ചു നടപടിയെടുക്കാമെന്ന് ഡിവൈഎസ്പി, സിഐ അടക്കമുള്ളവർ ഉറപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. എസ്ഐയെ സസ്പെൻഡ് ചെയ്യും വരെ സ്റ്റേഷനിൽ കുത്തിയിരിക്കുമെന്ന ഭീഷണിയ്ക്ക് മുമ്പിൽ പൊലീസ് ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നു.  ഐജി എസ് ശ്രീജിത്തിന്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.

എസ്ഐയ്ക്ക് സസ്പെൻഷൻ

ശനിയാഴ്ച പുലർച്ചെ നാലു മണിയോടെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഹണി കെ ദാസിന്റെ താമസസ്ഥലത്തെത്തി സസ്പെൻഷൻ നോട്ടീസ് കൈമാറി.  പോക്കറ്റിലുണ്ടായിരുന്ന പണം അപഹരിച്ചതായി ഷിബു ഐജിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥനായ യാക്കൂബിനെതിരെയാണു പരാതി നൽകിയിട്ടുള്ളത്. ഇയാൾക്കെതിരെയുള്ള നടപടി ഉടനുണ്ടാകുമെന്നാണു സൂചന. ഭർത്താവിനെ മർദ്ദിച്ചെന്നാരോപിച്ച് ഷിബുവിന്റെ ഭാര്യ സിജിയും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണു കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ഷിബു ബഹളമുണ്ടാക്കിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്ന് ആലുവ ഡിവൈഎസ്പി കെ ജി ബാബുകുമാർ നാരദയോടു പറഞ്ഞു. സ്റ്റേഷനിൽ എത്തിച്ചവരുടെ അഡ്രസ്സ് എഴുതിയെടുക്കുന്നതിനിടെ ഷിബു പറയാതെ സ്റ്റേഷനിൽ നിന്നിറങ്ങി പോകുകയായിരുന്നു. ഇതിനാലാണു വീണ്ടും ഷിബുവിനെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും ബാബുകുമാർ പറയുന്നു.