സതാംപ്റ്റനെതിരെ നാലടിച്ച് ടോട്ടനത്തിനു തകർപ്പൻ ജയം

ഡെലെ അലി രണ്ടു തവണയും ഹാരി കെയിനും ഹ്യൂങ് മിനും ഓരോ തവണയും വല കുലുക്കിയപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം ടോട്ടനത്തിന്റെ കൈപ്പിടിയിലൊതുങ്ങി.

സതാംപ്റ്റനെതിരെ നാലടിച്ച് ടോട്ടനത്തിനു തകർപ്പൻ ജയം

ഹാംഷെയർ: വിർജിൽ വാൻ ദിജ്കിന്റെ രണ്ടാം മിനുറ്റിലെ ഗോളിൽ മുന്നിലെത്തിയെങ്കിലും സതാംപ്റ്റണിന് ടോട്ടനം ഹോട്ട്‌സ്പുരിന്റെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഡെലെ അലി രണ്ടു തവണയും ഹാരി കെയിനും ഹ്യൂങ് മിനും ഓരോ തവണയും വല കുലുക്കിയപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം ടോട്ടനത്തിന്റെ കൈപ്പിടിയിലൊതുങ്ങി.

ഏറെ സംഭവബഹുലമായിരുന്നു മത്സരം. 57-ആം മിനുറ്റിൽ സതാംപ്റ്റന്റെ പെനാൽറ്റി ബോക്‌സിൽ പന്തുമായെത്തിയ അലിയെ ഫൗൾ ചെയ്തതിന് റെഡ്‌മോണ്ടിന് ചുവപ്പുകാർഡ് ലഭിച്ച ശേഷം സതാംപ്റ്റൺ പത്തുപേരുമായാണ് കളിച്ചത്. ഇതിനു ശേഷം ലഭിച്ച പെനാൽറ്റി ഹാരി കെയിൻ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കടിച്ച് പാഴാക്കുകയും ചെയ്തു.


മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ സതാംപ്റ്റന് വേണ്ടി വാൻ ദിജ്ക് ആണ് ആദ്യം ഗോൾ നേടിയത്. പിന്നീട് 19-ആം മിനുറ്റിൽ അലിയാണ് ടോട്ടനത്തിന് വേണ്ടി സമനില ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിക്ക് കളി നിറുത്തുമ്പോൾ 1-1 എന്ന നിലയിൽ സമനിലയിലായിരുന്നു മത്സരം. എന്നാൽ രണ്ടാം പകുതിയിൽ മത്സരം ആരംഭിച്ച് ഏഴു മിനുറ്റിനകം ഹാരി കെയിൻ ടോട്ടനത്തെ മുന്നിലെത്തിച്ചു. പിന്നീട് ഹ്യൂങ് മിൻ സൺ 85-ആം മിനുറ്റിലും 87-ആം മിനുറ്റിൽ അലി തന്റെ രണ്ടാം ഗോളും നേടിയതോടെ ടോട്ടനം ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയത്തിലേക്ക്.