'നരച്ച ജീന്‍സ് ധരിക്കരുത്; അതു പാവങ്ങളെ അപമാനിക്കും':കോളേജ് മാനേജ്‌മന്റ്‌ വിദ്യാര്‍ഥികളോട്

നരച്ച നിറവും പിഞ്ഞിപ്പറിഞ്ഞ ഫാഷനുമുള്ള ജീന്‍സിന് ഈ കോളേജിലേക്ക് പ്രവേശനമില്ല. കാരണവും കോളേജ് അധികൃതര്‍ തന്നെ വിവരിക്കുന്നുണ്ട്- 'ഇത്തരം വേഷങ്ങള്‍ പാവങ്ങളെ അപമാനിക്കുമത്രേ.

ലെഗ്ഗിങ്ങ്സ്, ജീന്‍സ്, ചുരിദാര്‍ നിരോധനങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും ഇപ്പോള്‍ രാജ്യത്ത് പുത്തരിയല്ല. എന്നാല്‍ ജീന്‍സിന്‍റെ ഫാഷനിലാണ് മുംബൈയിലെ പ്രശസ്തമായ സെന്റ്‌ സേവിയേര്‍സ് കോളേജ് പിടിമുറുക്കിയിരിക്കുന്നത്. ഇവിടെ ജീന്‍സ് അനുവദനീയമാണ്, പക്ഷെ അതില്‍ വലിയ ഫാഷന്‍ പണികള്‍ ഒന്നും വേണ്ടാ എന്ന നിലപാടാണ് കോളേജ് അധികൃതര്‍ക്ക്.

നരച്ച നിറവും പിഞ്ഞിപ്പറിഞ്ഞ ഫാഷനുമുള്ള ജീന്‍സിന് ഈ കോളേജിലേക്ക് പ്രവേശനമില്ല. കാരണവും കോളേജ് അധികൃതര്‍ തന്നെ വിവരിക്കുന്നുണ്ട്- 'ഇത്തരം വേഷങ്ങള്‍ പാവങ്ങളെ അപമാനിക്കുമത്രേ.

പാവങ്ങളുടെ കുത്തകയാണ് നിറം മങ്ങിയതും കീറിയതുമായ വസ്ത്രങ്ങള്‍ എന്ന് കോളേജ് ഭാരവാഹികളോട് പറഞ്ഞത് ആരാണ് എന്ന് അറിയില്ല, പക്ഷെ സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

കാരണമുണ്ടാക്കാന്‍ വേണ്ടി കാരണം കണ്ടുപിടിച്ചതാണ് ഈ ചേതോവികാരം എന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

"പെട്ടെന്ന് പ്രഖ്യാപിച്ചു, ഉടനടി നടപ്പിലാക്കിയ ഒരു പരിഷ്ക്കരമാണിത്. ഞങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇത്തരത്തില്‍ കടന്നുകയറ്റം നടത്താന്‍ മാനേജ്മെന്റിന് അധികാരമില്ലെലോ.

സഭ്യതയെ അവര്‍ക്ക് നിരീക്ഷിക്കാം, നിയന്ത്രിക്കാം. എന്നാല്‍ ഒരു വസ്ത്രം പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്ന് ആജ്ഞാപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? മുബൈ സര്‍വ്വകലാശാലയില്‍ പോലും ഇങ്ങനെയൊരു നിയമമില്ല" ഒരു ഡിഗ്രി വിദ്യാര്‍ഥി പ്രതികരിച്ചു.

ഇപ്പോള്‍ സെന്റ്‌ സേവിയേര്‍സ് കോളേജിന് സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ മാനെജ്മെന്ടിന് എന്തു തീരുമാനവും എടുക്കാം എന്നൊരു ധാരണയുണ്ടായിരിക്കാം എന്ന് മറ്റൊരു വിദ്യാര്‍ഥിയും പറയുന്നു.

എന്നാല്‍ ചില കുട്ടികളെ നിരീക്ഷിച്ചപ്പോള്‍ തന്നെ ഇത്തരത്തിലൊരു വസ്ത്രധാരണം അരോചകമായി അനുഭവപ്പെട്ടിരുന്നു എന്നും അതിനാലാണ് കോളേജ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആഞ്ജലോ മെനെസ് പ്രതികരിച്ചു.

ഇറക്കം കുറഞ്ഞതും സ്ലീവ് ലെസ്സുമായ വസ്ത്രങ്ങള്‍ നേരത്തെ തന്നെ ക്യാമ്പസില്‍ നിരോധിച്ചിരുന്നു. മാത്രമല്ല, കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ പാവങ്ങളെ അപമാനിക്കലാണ് എന്നും പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു.