വാജ്പേയിയുടെ ജന്മദിനത്തിൽ വൈറലാകുന്ന സന്ദേശം; രാജധർമ്മം പാലിക്കാൻ മോദിയോട് വാജ്പേയി

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി നടത്തിയ പരാമർശം അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 25ന് നവമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. രാജധർമ്മം പാലിക്കുകയാണ് ഭരണാധികാരിയുടെ ചുമതലയെന്നാണ് മോദിയോടൊപ്പമുള്ള പത്രസമ്മേളനത്തിൽ വാജ്പേയി പറഞ്ഞത്. വാജ്പേയിയുടെ മറുപടിയിൽ അസ്വസ്ഥനാകുന്ന മോദിയേയും വീഡിയോയിൽ കാണാം.

വാജ്പേയിയുടെ ജന്മദിനത്തിൽ വൈറലാകുന്ന സന്ദേശം; രാജധർമ്മം പാലിക്കാൻ മോദിയോട് വാജ്പേയി

ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രിൽ നാലിന്  ഗുജറാത്ത് സന്ദർശിച്ച അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന പത്രസമ്മേളനമാണ് വേദി. ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടർമാർക്കിടയിൽ നിന്ന് ചോദ്യമുയർന്നു. ഭരണാധികാരി രാജ്യധർമ്മം പാലിക്കണം, ജാതിയോ മതമോ ജനനമോ ജനങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കരുതെന്നായിരുന്നു വാജ്പേയിയുടെ മറുപടി.


ഇതിനിടയിൽ അസ്വസ്ഥനാകുന്ന  മോദിയെ വീഡിയോയിൽ കാണാൻ കഴിയും. രാജധർമ്മത്തെക്കുറിച്ച് വാജ്പേയി വിശദീകരിക്കുന്നതിനിടയിൽ ' അതാണ് ഞങ്ങളിവിടെ ചെയ്യുന്നത്' എന്ന് മോദി പറയുന്നുണ്ട്.  ഒരു നിമിഷം നിശബ്ദനായ ശേഷം വാജ് പേയി  ഇങ്ങനെ പറയുന്നു. 'അങ്ങനെയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു' എന്ന്. ഇതിന് ശേഷം നന്ദി പറഞ്ഞ് പത്ര സമ്മേളനം അവസാനിക്കുന്നു.
https://www.youtube.com/watch?v=x5W3RCpOGbQ

വാജ്പേയിയുടെ മോദിയോടുള്ള ഉപദേശം 2014 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രചരണായുധമാക്കിയിരുന്നു. എന്നാൽ ഗുജറാത്തിൽ രാജധർമ്മം അനുസരിച്ചുള്ള ഭരണമാണ് നടക്കുന്നതെന്നാണ് വാജ്പേയി പറഞ്ഞതെന്നായിരുന്നു മോദിയുടെ വാദം.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം വലിയ തെറ്റായിരുന്നെന്ന് അന്നത്തെ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി കരുതിയിരുന്നുവെന്ന് റോയുടെ മുന്‍മേധാവി എ.എസ്. ദൗളത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു.

Read More >>