നഖത്തിന്റെ ആരോഗ്യം പ്രധാനമാണ്

നിര്‍ജ്ജീവകോശങ്ങളായ നഖങ്ങള്‍ ഇത്തരത്തില്‍ ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് കൊണ്ടുള്ള അസ്വസ്ഥതകള്‍ ശരിയായ പരിചരണം കൊണ്ട് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.

നഖത്തിന്റെ ആരോഗ്യം പ്രധാനമാണ്

നഖം മേല്‍ചര്‍മ്മം തുളച്ചു മാംസത്തിനുള്ളിലേക്ക് വളര്‍ന്നിറങ്ങുന്നത് ഇപ്പോള്‍ സാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. അതികഠിനമായ വേദനയുള്ള ഈ അവസ്ഥയില്‍ വിരലുകളില്‍ രോഗാണുബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങളും ഏറെയായിരിക്കും.

ശരിയായ അളവില്‍ അല്ലാത്ത ഷൂസ് ധരിക്കുകയോ കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോഴോ അതുമല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അപകടമോ ഇത്തരമൊരു സാഹചര്യത്തിന് വഴിതുറന്നേക്കാം.

നിര്‍ജ്ജീവകോശങ്ങളായ നഖങ്ങള്‍ ഇത്തരത്തില്‍ ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് കൊണ്ടുള്ള അസ്വസ്ഥതകള്‍ ശരിയായ പരിചരണം കൊണ്ട് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.

ചര്‍മ്മത്തിന് സമാന്തരമായി വേണം എപ്പോഴും നഖങ്ങള്‍ വെട്ടാന്‍. ചരിച്ചു മുറിക്കുന്നത് നഖങ്ങള്‍ ചര്‍മ്മത്തിലേക്ക് തുളച്ചിറങ്ങാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കും.

നഖങ്ങളില്‍ ചെറിയ തോതില്‍ അണുബാധ ഉണ്ടായാല്‍ അവയെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ് അണുബാധയുള്ള നഖത്തിനരികില്‍ ഒരു കഷണം വെള്ളുത്തുള്ളി ചതച്ചു നേര്‍ത്ത തുണി കൊണ്ട് പൊതിഞ്ഞുകെട്ടി വയ്ക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് ഊരിമാറ്റാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഇങ്ങനെ ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും..

അണുബാധയുള്ള വിരലുകള്‍ അരമണിക്കൂര്‍ നേര്‍പ്പിച്ച ഉപ്പുലായനിയില്‍ മുക്കിവയ്ക്കുന്നതും നല്ലതാണ്.

വരണ്ടുണങ്ങി വിണ്ടുകീറുന്നതാണ് നഖങ്ങളെ ബാധിക്കുന്ന മറ്റൊരു രോഗാവസ്ഥ. ശരീരത്തില്‍ ആവശ്യമായ ഈര്‍പ്പം ലഭിക്കാതെയിരിക്കുക, പോഷകാഹാരത്തിന്‍റെ കുറവ്, ഉറക്കമില്ലായ്മ, ടെന്‍ഷന്‍, രാസവസ്തുക്കളുമായുള്ള സംസ്സര്‍ഗ്ഗം എന്നിവയും നഖം വിണ്ടുകീറുന്നതിന് കാരണമായേക്കാം.

കാത്സ്യം, വിറ്റാമിന്‍ A, വിറ്റാമിന്‍ B, വിറ്റാമിന്‍ D എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നഖം വിണ്ടുകീറുന്നത് തടയാന്‍ നല്ലതാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും പഴവും പച്ചക്കറികളും ധാരാളമായി കഴിക്കുകയും വേണം. കാപ്പി കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.

നിലവാരം കുറഞ്ഞ നെയില്‍ പോളിഷ് ഉപയോഗിക്കരുത്. ഇത് നഖത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.

നഖം വിണ്ടുകീറുന്നത് ഒരു പരിധിയില്‍ അധികമാകുകയാണെങ്കില്‍ ഡോക്ടറിന്‍റെ സഹായം തേടാന്‍ മടിക്കരുത്.