നിലമ്പൂര്‍ വനാന്തരങ്ങള്‍ ഇപ്പോഴും തണ്ടര്‍ബോള്‍ട്ടിന്റെ വലയത്തില്‍; നിരീക്ഷണവും പരിശോധനയും ശക്തം

കോളനിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരോട്‌ അകലം പാലിക്കണമെന്നും എല്ലാകാര്യങ്ങളും തുറന്നുപറയരുതെന്നും പൊലീസ്‌ നിര്‍ദേശമുള്ളതായി പുഞ്ചക്കൊല്ലിയിലെ ഒരു ആദിവാസി മധ്യവയ്‌സകന്‍ തന്നെ തുറന്നുപറഞ്ഞു. പൊലീസിന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങേണ്ട അവസ്ഥയിലാണ്‌ പലപ്പോഴും ആദിവാസികള്‍. ഒറ്റുക്കൊടുക്കുന്നവരോടു പ്രതികാരം ചെയ്യുമെന്ന മാവോയിസ്‌റ്റുകളുടെ ഭീഷണിയും വേറയെും. ഫലത്തില്‍ മാവോയിസ്‌റ്റുകള്‍ക്കും സേനയുടെയും ഇടയില്‍ ഞെരിഞ്ഞമരുന്ന ജീവിതാവസ്ഥയിലാണ്‌ നിലമ്പൂര്‍ കാട്ടിലെ ആദിവാസികളെന്ന്‌ ചുരുക്കം.

നിലമ്പൂര്‍ വനാന്തരങ്ങള്‍ ഇപ്പോഴും തണ്ടര്‍ബോള്‍ട്ടിന്റെ വലയത്തില്‍; നിരീക്ഷണവും പരിശോധനയും ശക്തം

നിലമ്പൂര്‍: മാവോയിസ്‌റ്റ്‌ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലമ്പൂര്‍ വനാന്തരങ്ങള്‍ തണ്ടര്‍ബോള്‍ട്ട്‌ വലയത്തില്‍. നിലമ്പൂര്‍, നോര്‍ത്ത്‌-സൗത്ത്‌ വനം ഡിവിഷനവുകളില്‍ വരുന്ന ആദിവാസി കോളനികള്‍ പൂര്‍ണ്ണമായും തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണിപ്പോള്‍.   ആദിവാസികൾ ഉള്‍പ്പെടെ ഉള്ളവരെ പരിശോധിച്ച ശേഷം മാത്രമാണ് വനത്തിലേക്ക് കടത്തി വിടുന്നത്.

മലപ്പുറം ജില്ലയില്‍ വനമേഖലയിലും വനാതിര്‍ത്തികളിലുമായി 52 ആദിവാസി കോളനികളാണുള്ളത്‌. ഇതെല്ലാം തന്നെ പൊലീസ്‌ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്‌.


നിലമ്പൂര്‍ സൗത്ത്‌ ഡിവിഷനിലാണ്‌ നവംബര്‍ 24ന്‌ രണ്ടു സിപിഐ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകര്‍ വെടിയേറ്റ്‌ മരിച്ചത്‌. കൂടുതല്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്‌തതും സൗത്ത്‌ ഡിവിഷനില്‍ത്തന്നെയാണ്‌. അതുകൊണ്ടുതന്നെ ഇവിടെയുള്ള ആദിവാസി കോളനികളാണ്‌ പൂര്‍ണ്ണമായും സേനയുടെ നിയന്ത്രണത്തിലുള്ളത്‌. ഒരു ഊരില്‍ നിന്നു മറ്റൊരു ഊരിലേയ്ക്ക്‌ വരുന്ന ആദിവാസികളെപ്പോലും ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്‌. പണിയരും പ്രാക്തന ഗോത്ര വര്‍ഗ്ഗമായ കാട്ടുനായ്‌ക്ക, ചോലനായ്‌ക്ക വിഭാഗങ്ങളുമാണ്‌ നിലമ്പൂര്‍ വനമേഖലയിലെ ആദിവാസി ജനസംഖ്യയില്‍ ഭൂരിഭാഗവും.

സൗത്ത്‌ വനംഡിവിഷനിലുള്ള കരുളായി, കാളികാവ്‌ റെയ്‌ഞ്ചുകളില്‍ രണ്ടിടങ്ങളിലാണു വനത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ ഫോറസ്‌റ്റ്‌ ചെക്ക്‌ പോസ്‌റ്റുകളുള്ളത്‌. നെടുങ്കയത്തേക്കുള്ള ചെറുപുഴയിലും പൂളക്കപ്പാറയിലുമാണ്‌ പ്രവേശനകവാടങ്ങള്‍. ഇതുവഴി വനത്തിലേയ്ക്ക്‌ പ്രവേശിക്കണമെങ്കില്‍ സാധാരണ നിലയിലുള്ള വനംവകുപ്പിന്റെ പ്രത്യേക അനുമതിയും തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധനയും വേണം. അകത്തേയ്ക്ക്‌ പ്രവേശിക്കുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ തണ്ടര്‍ബോള്‍ട്ട്‌ ശേഖരിക്കുന്നുണ്ട്‌.

ആദിവാസി കോളനികളില്‍ പ്രവേശിക്കണമെങ്കിലും അനുമതി ആവശ്യമാണ്‌. വനത്തിനു പുറത്തിറങ്ങുമ്പോഴും അകത്തു പ്രവേശിക്കുമ്പോഴും തണ്ടര്‍ബോള്‍ട്ട്‌ രേഖപ്പെടുത്തുന്നുണ്ട്‌. പൂളക്കപ്പാറ ആദിവാസി കോളനിക്ക്‌ സമീപമാണ്‌ രണ്ടു മാവോയിസ്‌റ്റുകള്‍ വെടിയേറ്റു മരിച്ചത്‌. ഈ ഭാഗത്തേയ്ക്കു ആദിവാസികള്‍ക്കു പോലും ഇപ്പോഴും പ്രവേശനമില്ല. നോര്‍ത്ത്‌ ഡിവിഷനില്‍ വഴിക്കടവ്‌ റെയ്‌ഞ്ച്‌ ഗൂഡല്ലൂര്‍ വനമേഖലയുമായാണ്‌ അതിരിടുന്നത്‌. നെല്ലിക്കുത്തും പോത്തുകല്‍-ആനമറി ഫോറസ്‌റ്റ്‌ ചെക്ക്‌ പോസ്‌റ്റുകള്‍ വഴിക്കടവ്‌ റെയ്‌ഞ്ചിലാണുള്ളത്‌. ഇവിടെയും കര്‍ശന പരിശോധന നടത്തുന്നുണ്ട്‌.

തണ്ടര്‍ബോള്‍ട്ടും പരിശീലനം പൂര്‍ത്തിയാക്കിയ ലോക്കല്‍ പൊലീസും കൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ച്‌, ഇന്റലിജന്‍സ്‌ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളും ഇവിടെ സദാസമയവുമുണ്ട്‌. വിനോദസഞ്ചാരികളാണെങ്കില്‍പോലും സംശയം തോന്നുന്നവരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാനുള്ള അനുമതി ഇവര്‍ക്കുണ്ട്‌. ആദിവാസി കോളനികളിലെല്ലാം തന്നെ സേനാംഗങ്ങളും രഹസ്യാന്വേഷണവിഭാഗങ്ങളും സന്ദര്‍ശനം നടത്താറുണ്ട്‌.

അറുപതോളം തണ്ടര്‍ബോള്‍ട്ട്‌ സേനാംഗങ്ങളാണ്‌ നിലമ്പൂര്‍ സൗത്ത്‌, നോര്‍ത്ത്‌ വനം ഡിവിഷനുകളില്‍ ഇപ്പോഴുള്ളത്‌. രണ്ടു മാവോയിസ്‌റ്റുകള്‍ വെടിയേറ്റു മരിച്ചശേഷം കരുളായി, പടുക്ക പ്രദേശങ്ങളില്‍ സിപിഐ മാവോയിസ്‌റ്റ്‌ നാടുകാണി ദളത്തിന്റെ പേരില്‍ തിരിച്ചടിക്കുമെന്നുള്ള രീതിയില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രദേശത്തു നാടുകാണി ദളത്തിന്റെ പ്രവര്‍ത്തനം ഇപ്പോഴുമുണ്ടെന്നു തന്നെയാണ്‌ ഇതു സൂചിപ്പിക്കുന്നതെന്ന്‌ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നാരദാ ന്യൂസിനോട്‌ പറഞ്ഞു. ആദിവാസികളുടെ സഹായത്തോടെ ചിലയിടങ്ങളില്‍ മാവോയിസ്‌റ്റുകളെ നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്‌.

അജ്ഞാതരെ നിരീക്ഷിക്കാൻ ആദിവാസി യുവാക്കള്‍ക്ക്‌ പൊലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പൊലീസ്‌ ആവശ്യപ്പെടുന്ന കാര്യം ചെയ്യാതിരിക്കാൻ കഴിയുമോ എന്നാണ്  പടുക്കയിലെ ഒരു ആദിവാസി യുവാവ്‌ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചത്‌. ഓരോ ആദിവാസി കോളനികളിലും എത്തുന്ന ആളുകളുടെ പൂര്‍ണ്ണവിവരങ്ങള്‍ പൊലീസ്‌ ശേഖരിക്കുന്നുണ്ട്‌.

കോളനിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരോട്‌ അകലം പാലിക്കണമെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയരുതെന്നും പൊലീസ്‌ നിര്‍ദേശമുള്ളതായി പുഞ്ചക്കൊല്ലിയിലെ ഒരു ആദിവാസി മധ്യവയ്‌സകന്‍ തന്നെ തുറന്നുപറഞ്ഞു. പൊലീസിന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങേണ്ട അവസ്ഥയിലാണ്‌ പലപ്പോഴും ആദിവാസികള്‍. ഒറ്റുക്കൊടുക്കുന്നവരോട്‌ പ്രതികാരം ചെയ്യുമെന്ന മാവോയിസ്‌റ്റുകളുടെ ഭീഷണിയും വേറയെും. ഫലത്തില്‍ മാവോയിസ്‌റ്റുകള്‍ക്കും സേനയുടെയും ഇടയില്‍ ഞെരിഞ്ഞമരുന്ന ജീവിതാവസ്ഥയിലാണ്‌ നിലമ്പൂര്‍ കാട്ടിലെ ആദിവാസികളെന്ന്‌ ചുരുക്കം.

Read More >>