അച്ചടക്കത്തോടെ പഠിക്കാനും കോപ്പി അടിക്കാതെ പരീക്ഷയെഴുതാനും സ്‌കൂളിൽ കയറിയ കള്ളന്റെ ഉപദേശം; ഒരാഴ്ചക്കിടെ സ്‌കൂളിൽ മൂന്ന് തവണ മോഷണം; നടപടിയെടുക്കാതെ പോലീസ്

ക്രിസ്മസ് രാവിൽ മോഷണം നടത്തിയതിനു ശേഷമാണ് ബെഞ്ചിന് മുകളിലും ചുമരിലുമായി കുട്ടികൾക്കുള്ള ഉപദേശം എഴുതിവച്ച് കള്ളൻ മടങ്ങിയിരിക്കുന്നത്

അച്ചടക്കത്തോടെ പഠിക്കാനും കോപ്പി അടിക്കാതെ പരീക്ഷയെഴുതാനും സ്‌കൂളിൽ കയറിയ കള്ളന്റെ ഉപദേശം; ഒരാഴ്ചക്കിടെ സ്‌കൂളിൽ മൂന്ന് തവണ മോഷണം; നടപടിയെടുക്കാതെ പോലീസ്

കാസർഗോഡ്: തെരുവത്തെ മഡോണ എയിഡഡ് യുപി സ്‌കൂളിലെ കുട്ടികളെ അച്ചടക്കത്തോടെ പഠിക്കാനും കോപ്പി അടിക്കാതെ പരീക്ഷയെഴുതാനും ക്ലാസ് മുറികൾ വൃത്തിയായി സൂക്ഷിക്കാനും ഉപദേശിക്കുന്നത് ഒരു കള്ളനാണ്. ഒരാഴ്ചക്കിടെ മൂന്ന് തവണ മോഷണം നടത്തി ലാപ്ടോപ്പും ക്യാമറയും പണവും ഉൾപ്പെടെ കവർന്നാണ് കള്ളന്റെ ഉപദേശം.

ക്രിസ്മസ് രാവിൽ മോഷണം നടത്തിയതിനു ശേഷമാണ് ബെഞ്ചിന് മുകളിലും ചുമരിലുമായി കുട്ടികൾക്കുള്ള ഉപദേശം എഴുതിവച്ച് കള്ളൻ മടങ്ങിയിരിക്കുന്നത്, ഇതിന് മുൻപ് രണ്ടു തവണ സ്‌കൂളിൽ മോഷണം നടത്തിയ കള്ളൻ എല്ലാ ക്ലാസ് മുറികളിലും കാരുണ്യ പ്രവർത്തനത്തിനായി കുട്ടികൾ പണം സൂക്ഷിച്ചുവെക്കുന്ന പെട്ടികൾ തകർക്കുകയും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. അന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാനും അന്വേഷണം നടത്താനും തയ്യാറായില്ല.

പിന്നീട് രണ്ടു മോഷണങ്ങൾ കൂടി നടത്തിയ കള്ളൻ സയൻസ് ലാബിൽ സൂക്ഷിച്ചിരുന്ന പണവും സ്‌കൂൾ ആവശ്യത്തിനായി വാങ്ങിയ ക്യാമറയും ഓഫീസിൽ സൂക്ഷിച്ചിരുന്ന ലാപ് ടോപ്പും കൊണ്ടുപോകുകയായിരുന്നു. എല്ലാ തവണയും സ്‌കൂളിന്റെ വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തുകടന്നിട്ടുള്ളത്. മോഷണം തുടർക്കഥയായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥിരം മോഷ്ടാക്കളെയുൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു.

Story by
Read More >>