മലയാളസിനിമയിലെ ആദ്യനായികയുടെ കഥ

സിനിമ എന്തെന്നു കേട്ടറിവുപോലുമില്ലാത്ത റോസി വഴുതക്കാടുവഴി നടന്ന് പട്ടത്ത് ഷൂട്ടിംഗിനെത്തുന്നു. ഇലയില്‍ പൊതിഞ്ഞ ചോറും കറിയുമായാണ് നായിക ദിവസവും വന്നിരുന്നത്. അതിരാവിലെ തുടങ്ങുന്ന ഷൂട്ടിംഗ് വെയിലണയുമ്പോള്‍ നിര്‍ത്തും, കാലത്തെപ്പോലെ നടന്ന് നായിക വീട്ടിലേക്കു മടങ്ങും; ഒറ്റയ്ക്ക്, നഗ്‌നപാദയായി. ആരവങ്ങളില്ല, വാഹനമില്ല, അകമ്പടിക്കാരില്ല.

മലയാളസിനിമയിലെ ആദ്യനായികയുടെ കഥ

സുധീര്‍ പരമേശ്വരന്‍

ഒന്നാംലോകമഹായുദ്ധാനന്തരമുള്ള വറുതിക്കാലം. ഇന്ത്യയെ അടക്കിഭരിക്കുന്ന ബ്രിട്ടീഷ് ഭരണകൂടം. അക്കാലത്ത്, തിരുവിതാംകൂറില്‍ ഒരു സിനിമാപിടുത്തത്തിന്റെ ആരവമുയര്‍ന്നു. തമിഴ്നാടിന്റെ അതിരുകളിലാണതിന് ഉരുവമുണ്ടായത്. അന്നത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. മെഡിക്കല്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന സോമസുന്ദരത്തിന്റെ മകന്‍ അഗസ്തീശ്വരംകാരന്‍ ജെ.സി. ഡാനിയേല്‍ തിരുവനന്തപുരത്താണ് പഠിച്ചത്. അക്കാലത്തിനിടെ പുതിയ നൂറ്റാണ്ടിന്റെ കലയായ സിനിമയെ അറിഞ്ഞ ഡാനിയേല്‍ കളരിപ്പയറ്റിനെപ്പറ്റി ഒരു സിനിമയെടുക്കാനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീടത് കഥാചിത്രമെന്നു മാറ്റി. ദന്തവൈദ്യം പഠിച്ച അദ്ദേഹം കുടുംബസ്വത്തു വിറ്റുകിട്ടി അന്‍പതിനായിരം രൂപയുമായി സിനിമാനിര്‍മാണത്തിനിറങ്ങി. 1926ല്‍ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് തുടങ്ങി. പലകഥകള്‍ ആലോചിച്ച്, ഒടുവില്‍ പറഞ്ഞുകേട്ട ഒരു സംഭവകഥയാണ് ഇഷ്ടമായത്. തിരുവനന്തപുരത്തെ ഒരു ധനികന്റെ പുത്രനായ ചന്ദ്രകുമാറിനെ സിലോണി (ശ്രീലങ്ക) ലേക്ക് തട്ടിക്കൊണ്ടുപോകുകയും അവിടെ വളര്‍ന്നയാള്‍ സമ്പന്നനാകുകയും പിന്നീട്, സ്വന്തം ദേശത്ത് തിരിച്ചെത്തുകയും സരോജിനി എന്ന യുവതിയുമായി പ്രേമത്തിലാകുകയും സരോജിനി സ്വന്തം സഹോദരിയാണെന്നു തിരിച്ചറിയുകയും ചെയ്യുന്നതാണ് വിഗതകുമാരന്‍ എന്ന ആ സിനിമയുടെ കഥ.


അക്കാലത്തിന്റെ പ്രത്യേകത കൊണ്ട് സിനിമയില്‍ നായികയാകാന്‍ ഒരു പെണ്‍കുട്ടിയെ കിട്ടിയില്ല. പത്രങ്ങളില്‍ പരസ്യം കൊടുത്തിട്ടുപോലും. മുംബൈയില്‍നിന്ന് ഒരു നടിയെ വരുത്തിയെങ്കിലും അവര്‍ രണ്ടുദിവസം കൊണ്ട് മടങ്ങി. സ്ത്രീകള്‍ നൃത്തരംഗത്തു സജീവമായിരുന്നെങ്കിലും സിനിമാഭിനയം മോശമായി കരുതപ്പെട്ട കാലത്തിന്റെ പ്രതിസന്ധിയായിരുന്നു അത്. തിരുവനന്തപുരം നഗരത്തിലും പ്രാന്തത്തിലുമായി, തൈക്കാട്- മുതുകാടുകള്‍ക്കിടയില്‍ കാക്കാരിശ്ശി നാടകനടിയായ ഒരു പെണ്‍കുട്ടിയുണ്ടെന്നറിഞ്ഞ് ഡാനിയേല്‍ അവിടെയെത്തി. ദലിത് വിഭാഗത്തില്‍പ്പെട്ട അവളുടെ പേര് റോസിയെന്നായിരുന്നു. സിനിമ എന്തെന്നു കേട്ടറിവുപോലുമില്ലാത്ത റോസി വഴുതക്കാടുവഴി നടന്ന് പട്ടത്ത് ഷൂട്ടിംഗിനെത്തുന്നു. ഇലയില്‍ പൊതിഞ്ഞ ചോറും കറിയുമായാണ് നായിക ദിവസവും വന്നിരുന്നത്. അതിരാവിലെ തുടങ്ങുന്ന ഷൂട്ടിംഗ് വെയിലണയുമ്പോള്‍ നിര്‍ത്തും, കാലത്തെപ്പോലെ നടന്ന് നായിക വീട്ടിലേക്കു മടങ്ങും; ഒറ്റയ്ക്ക്, നഗ്‌നപാദയായി. ആരവങ്ങളില്ല, വാഹനമില്ല, അകമ്പടിക്കാരില്ല.
1928 നവംബര്‍ ഏഴാംതീയതി. ഇന്നത്തെ മരയ്ക്കാര്‍ മോട്ടോഴ്സ് നിലകൊള്ളുന്ന സ്ഥലത്താണ് വിഗതകുമാരന്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്; ദ ക്യാപിറ്റോള്‍ എന്ന തിയറ്ററില്‍. അക്കാലത്ത പ്രശസ്തവക്കീല്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ളയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. നായികയായി അഭിനയിച്ച റോസിയുടെ ജാതിയും കഥാപാത്രത്തിന്റെ ജാതിയും തമ്മിലുള്ള വൈരുദ്ധ്യം തിരുവനന്തപുരത്ത് ചര്‍ച്ചാവിഷയമായി. സിനിമ രണ്ടാഴ്ച പ്രദര്‍ശനം തുടര്‍ന്നെങ്കിലും നായികയെ ഒരുവിഭാഗം സവര്‍ണര്‍ വേട്ടയാടി. ജാതിബാധയേറ്റ സമീപവാസികള്‍ റോസിയുടെ വീടുവളഞ്ഞു കല്ലെറിഞ്ഞു. റോസി ഒരു മാറാപ്പുമായി വീട്ടില്‍നിന്നിറങ്ങിയോടി. ഒരു ലോറിക്കു കൈകാണിച്ചു. ഭാഗ്യവശാല്‍ അതുനിര്‍ത്തി. അങ്ങനെ, അജ്ഞാതനായ, നല്ലവനായ ആ ലോറിഡ്രൈവര്‍ക്കൊപ്പം മലയാളസിനിമയിലെ ആദ്യനായിക നാടുവിട്ടുപോയി.
അങ്ങനെ ചരിത്രം സൃഷ്ടിച്ച റോസി, ആ ചരിത്രരഥ്യയില്‍നിന്ന് സ്വയം ഒഴിഞ്ഞ് ഇല്ലാതെയായി.  പാവം റോസി!