എംജിആര്‍, ശോഭന്‍ ബാബു: ജയലളിതയുടെ പുരുഷന്മാര്‍

ജയലളിതയുടെ പിആര്‍ഒ ആയിരുന്ന ഫിലിം ന്യൂസ് ആനന്ദന്‍ ജയലളിതയുടെ ജീവിതത്തിലെ രണ്ടു പുരുഷന്മാരേയും അവര്‍ തമ്മിലുള്ള നിമിഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രണയവും പിണക്കവും വെല്ലുവിളികളുമെല്ലാം നിറഞ്ഞ തീവ്രമായ ഒരു ത്രികോണ ജീവിതകഥ അതിലുണ്ട്.

എംജിആര്‍, ശോഭന്‍ ബാബു: ജയലളിതയുടെ പുരുഷന്മാര്‍

ജയലളിതയോട് തനിക്കുള്ള മമത എംജിആര്‍ പരസ്യമായി പ്രകടമാക്കുന്നതില്‍ മടി കാണിച്ചിരുന്നില്ല. തന്റെ എല്ലാ ചിത്രങ്ങളിലും ജയലളിത ഉണ്ടാകണമെന്ന് ഒരു ഘട്ടത്തില്‍ എംജിആര്‍ സംവിധായകരോട് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു.

ഥാര്‍ മരുഭൂമിയില്‍ ചിത്രീകരിച്ച 'അടിമപ്പെണ്ണ്' എന്ന ചിത്രത്തില്‍ ഒരു അടിമയുടെ വേഷമായിരുന്നു ജയലളിതയ്ക്ക്. അതിനാല്‍ മരുഭൂമിയിലെ ഷൂട്ടിംഗിനിടയില്‍ അവര്‍ക്ക് ചെരുപ്പിടാനും അനുവാദം ഉണ്ടായിരുന്നില്ല. മണല്‍ ചുട്ടുപഴുക്കുമ്പോള്‍ കാലിനുണ്ടായ അസ്വസ്ഥത ജയലളിതയ്ക്ക് കഠിനമായിരുന്നു. മറ്റാരും അത് ശ്രദ്ധിച്ചില്ലെങ്കിലും എംജിആര്‍ തന്റെ അമ്മു അനുഭവിക്കുന്ന പ്രയാസം അവര്‍ പറയാതെ മനസ്സിലാക്കി. യൂണിറ്റ് പാക്ക്അപ്പ് ചെയ്യാന്‍ അപ്പോള്‍ തന്നെ എംജിആര്‍ ഉത്തരവിട്ടു.'നരകയാതനയായിരുന്നു അത്'- ജയലളിത പില്‍ക്കാലത്ത് ഓര്‍മ്മിച്ചു. 'കാര്‍ പാര്‍ക്കിംഗിലേക്ക് നടക്കുവാന്‍ ഏറെ ദൂരമുണ്ടായിരുന്നു. അവിടേയ്ക്ക് പോകും വഴി ഒരു വേള ഞാന്‍ ബോധരഹിതയാകുന്നത് പോലെ തോന്നി. ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞില്ല പക്ഷെ അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ സാധിച്ചു.
പെട്ടെന്ന് എന്റെ പിന്നിലൂടെയെത്തി അദ്ദേഹമെന്നെ കൈകളില്‍ കോരിയെടുത്തു കാറിനരികിലേക്ക് പോയി. ഓഫ് സ്‌ക്രീനിലും അദ്ദേഹം ഒരു ഹീറോ ആയിരുന്നു.

താന്‍ എംജിആറിന് കടപ്പെട്ട സമാനമായ മറ്റൊരു അനുഭവവും ഒരിക്കല്‍ ജയലളിത പങ്കിട്ടു. കഠിനമായ ഡയറ്റിംഗിനെത്തുടര്‍ന്ന് ജയലളിത തന്റെ വീട്ടില്‍ ബോധംക്കെട്ടു വീണപ്പോഴായിരുന്നു അത്. ബോധമറ്റു വീണ അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയപ്പോള്‍ ജയലളിതയുടെ മാനേജര്‍ എംജിആറിനെ വിവരമറിയിച്ചു. ഒട്ടും വൈകാതെ എംജിആര്‍ അവിടെയെത്തി.

ബോധശ്യൂനയായ ജയലളിതയുടെ അരികില്‍ താക്കോല്‍ കൂട്ടത്തിനായി അവളുടെ അമ്മായിമാര്‍ കലഹം കൂടി നില്‍ക്കുന്നതാണ് എംജിആര്‍ കണ്ടത്. അവരോട് താക്കോല്‍ക്കൂട്ടം പിടിച്ചുവാങ്ങി അദ്ദേഹം ജയലളിതയെ വേഗത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

സുഖപ്പെട്ടു വന്ന അമ്മുവിന്റെ കൈയിലേക്ക് എംജിആര്‍ ആ താക്കോലുകള്‍ മടക്കി നല്‍കി. ധനമോഹികളായ ബന്ധുക്കളെ മനസ്സിലാക്കാനും 21 മത് വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട തന്നോടുള്ള എംജിആറിന് കരുതല്‍ പിന്നെയും ആഴത്തില്‍ അനുഭവിക്കാനും ഇത് ജയലളിതയെ സഹായിച്ചു.

എംജിആര്‍- ജയലളിത

രാത്രിയില്‍ യാത്ര ചെയ്യേണ്ടി വരുമ്പോഴെല്ലാം അമ്മുവിനായി എംജിആര്‍ എസ്‌കോര്‍ട്ട് ഒരുക്കിയിരുന്നു. തെന്നിന്ത്യന്‍ നടിമാരില്‍ ദിവസവേതനത്തിന് പിആര്‍ഓ യെ നിയമിച്ച ആദ്യ ചലചിത്ര നടി കൂടിയാണ് ജയലളിത. 1970 കളില്‍ മൊട്ടിട്ട ഈ അപൂര്‍വ്വ ബന്ധം കാലാനുസൃതമായി ഇണങ്ങുകയും പിണങ്ങുകയുമൊക്കെ ചെയ്തിരുന്നു. ജയലളിതയേക്കാള്‍ ചെറുപ്പക്കാരികളായ ലതയും മഞ്ജുളയും പോലെയുള്ളവര്‍ എംജിആറിന്റെ നായികമാരായി വെള്ളിത്തിരയിലെത്തി. കൂടാതെ എംജിആര്‍ കരുണാനിധിയൊടൊപ്പം ചേര്‍ന്നു രാഷ്ട്രീയക്കളരിയിലേക്കും ചുവടുവച്ചു.

1972 അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടി രൂപീകരിച്ചു എംജിആര്‍ സജീവ രാഷ്ട്രീയം തിരഞ്ഞെടുത്തതും ജയലളിതയുമായുള്ള ബന്ധത്തിന് ഒരു ഇടവേള തോന്നിപ്പിച്ചു. ഇത് ജയലളിതയെ സംബന്ധിച്ച് മറ്റ് നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കുവാനുള്ള സ്വാതന്ത്ര്യമാണ് തുറന്നു കൊടുത്തത്.

പോയസ് ഗാര്‍ഡനിലെക്കുള്ള ഗൃഹപ്രവേശന ചടങ്ങില്‍ എംജിആറിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണ് എന്ന വാര്‍ത്ത അതോടെ വളരെ വേഗത്തില്‍ പരന്നു.

തൊട്ടടുത്ത ദിവസം തന്നെ ജയലളിതയ്ക്ക് ഷൂട്ടിംഗ് സംബന്ധമായി കാശ്മീരില്‍ പോകേണ്ടതുണ്ടായിരുന്നു. വിമാനത്തില്‍ കയറിയപ്പോഴാണ് അവര്‍ എംജിആറിനെ തൊട്ടടുത്ത സീറ്റില്‍ കാണുന്നത്. അദ്ദേഹത്തിനും കാശ്മീരില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ജയലളിതയുടെ ഈ സിനിമയിലെ നായകന്‍ പക്ഷെ ശിവാജി ഗണേശന്‍ ആയിരുന്നു.

ഇരുവരുടെയും ഷൂട്ടിംഗ് ലോക്കേഷനുകള്‍ തമ്മില്‍ 40 മൈല്‍ ദൂരമുണ്ടായിരുന്നെങ്കിലും, കാശ്മീരില്‍ എത്തിയുടന്‍ എംജിആര്‍ ജയലളിതയെ അവരുടെ ലോക്കേഷനില്‍ എത്തിച്ചതിന് ശേഷമാണ് മടങ്ങിയത്. ഇത് ജയലളിതയ്ക്ക് ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നിട്ടു കൂടി എംജിആറിനോട് 'വേണ്ട' എന്നു പറയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. തലൈവര്‍ ഒന്നു നിശ്ചയിച്ചാല്‍ അത് നടത്താനുള്ളതാണ്!

എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എംജിആറിന്റെ കരുതലില്‍ മേധാവിത്വവും സ്വാര്‍ത്ഥതയും ജയലളിതയ്ക്ക് അനുഭവപ്പെട്ടു തുടങ്ങി. അവള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ പോലും എംജിആറിന്‍റെ മാത്രം തീരുമാനങ്ങളായി മാറി. ജയലളിതയുടെ സാമ്പത്തിക കാര്യങ്ങളിലും എംജിആര്‍ തന്നെയായി തീരുമാനക ശക്തി. ആവശ്യങ്ങള്‍ അറിയിച്ചാല്‍ വേണ്ട തുക മാത്രം കൈമാറി നല്‍കും.

ജയലളിത സ്വാതന്ത്ര്യം ആഗ്രഹിക്കുവാന്‍ തുടങ്ങി.

എംജിആറിനൊപ്പം ഒരു സിംഗപ്പൂര്‍ യാത്ര നിഷേധിച്ചത് വഴി അവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായി. ലോകമെമ്പാടും പര്യടനം നടത്തുന്ന കാവേരി കലൈശെല്‍വി എന്ന നൃത്ത പരിപാടിയിലേക്ക് ജയലളിത ക്ഷണിക്കപ്പെടുകയും അവര്‍ അതിനായി തയ്യാറെടുക്കുകയും അഡ്വാന്‍സ് കൈപറ്റുകയുംചെയ്തു.

അപ്പോഴാണ് എംജിആര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന തമിഴ് കോണ്‍ഫറന്‍സ് സിംഗപ്പൂരില്‍ നടക്കുന്നത്. തന്നോടൊപ്പം സിംഗപ്പൂരിലേക്ക് പോരാനും അവിടെ നിന്നും നൃത്തസംഘത്തോടൊപ്പം ചേരാമെന്നും എംജിആര്‍ ജയലളിതയോട് നിര്‍ദ്ദേശിച്ചു. എംജിആര്‍ അന്ന് മുഖ്യമന്ത്രിയാണ്. ആകെ നിരാശയും അമര്‍ഷവും പൂണ്ട ജയലളിത തന്റെ നൃത്ത പരിപാടി തന്നെ റദ്ദാക്കി. അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും അവര്‍ തിരിച്ചൊടുക്കി.

എംജിആറിനോട് എല്ലാ കാര്യത്തിലും അനുവാദത്തിനായി കെഞ്ചാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ഈ ഇടവേളയിലായിരുന്നു ജയലളിതയുടെ ജീവിതത്തില്‍ ശോഭന്‍ ബാബു എന്ന അദ്ധ്യായം ഉണ്ടാകുന്നതും.

കൗമാരപ്രായക്കാരനായ ഒരു മകനുള്ള ശോഭന്‍ ബാബുവുമായി ജയലളിത മാനസികമായി അടുത്തു. ഒരു വേള ലേഖകനെയും ജയലളിത അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം ആകര്‍ഷണീയനായ ഒരു പുരുഷനായിരുന്നു. നല്ല വായനാശീലവും വിവേകവുമുള്ള ശോഭന്‍ ബാബുവിനോട് ജയലളിതയ്ക്ക് അടുപ്പം തോന്നുന്നതും സ്വാഭാവികമായിരുന്നു.

[caption id="attachment_65550" align="aligncenter" width="483"]sobhan-babu
ശോഭന്‍ ബാബു-ജയലളിത[/caption]

അവര്‍ തങ്ങളുടെ സംഭാഷണത്തില്‍ പുസ്തകങ്ങളെ കൗതുകപൂര്‍വ്വം ചര്‍ച്ച ചെയ്തു. ശോഭന്‍ ബാബു മിതഭാഷിയായിരുന്നു, പക്ഷെ ജയലളിതയെ പോലെ ആശയപരമായ സംഭാഷണമായിരുന്നു അദ്ദേഹത്തിന്റെയും ശൈലി. ജയലളിത ഒരിക്കലും പ്രേമമലോലുപമായ രീതിയില്‍ പെരുമാറുന്ന ഒരു സ്ത്രീയായിരുന്നില്ല, തന്റെ സൗഹൃദങ്ങളില്‍ കണിശത പാലിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അവര്‍.

നേരത്തെ വിവാഹിതനായിരുന്ന ഡോ.ബാലിയെ വിവാഹം ചെയ്ത വൈജയന്തിമാലയെ പോലെ തനിക്കു പരമ്പരാഗത അയ്യങ്കാര്‍ രീതിയില്‍ വിവാഹിതയാകണം എന്ന് ജയലളിതയും ആഗ്രഹിച്ചിരുന്നു.
ഒരു അയ്യങ്കാര്‍ മംഗല്യസൂത്രം (താലി) പണിയിക്കണമെന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നു.

അധികമാരെയും അറിയിക്കാതെ തന്റെ വീട്ടില്‍ വച്ച് ശോഭന്‍ ബാബുവുമായുള്ള വിവാഹം നടക്കുമെന്നും ഞാന്‍ അതില്‍ പങ്കെടുക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. നല്ലിയില്‍ നിന്നും വിവാഹസാരി ഉള്‍പ്പടെയുള്ള ചേലകള്‍ വാങ്ങിയ സന്തോഷവും അവര്‍ പങ്കുവച്ചു.

അടുത്ത ദിവസം രാവിലെ ആറ് മണിക്ക് ജയലളിത എന്നെ ഫോണില്‍ വിളിച്ചു. വിവാഹം മാറ്റി വച്ചെന്നും ഇനിയത് നടക്കില്ല എന്നും അവര്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് തിരക്കിയ ശ്രീമതിയോട് ശോഭന്‍ ബാബുവിന്റെ ഭാര്യ ചില തടസ്സങ്ങള്‍ ഉണ്ടാക്കിയെന്ന് ജയലളിത പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ശോഭന്‍ ബാബുവിനെ വിവാഹം ചെയ്യാന്‍ ജയലളിത തീരുമാനിച്ചിരുന്നോ എന്നുള്ള കാര്യത്തില്‍ ലേഖകന് സംശയമുണ്ട്. എന്നാല്‍ താന്‍ ജയലളിതയുടെ പിആര്‍ഒ ആയിരുന്ന സമയത്ത് പോയ്‌സ് ഗാര്‍ഡനിലെ നിത്യ സന്ദര്‍ശകനായിരുന്ന ശോഭന്‍ ബാബു ജയലളിതയുടെ പ്രിയപ്പെട്ടവനായിരുന്നു എന്നുള്ളതിന്ന് യാതൊരു സന്ദേഹവുമില്ല.

ശോഭന്‍ ബാബുവുമായുള്ള ജയലളിതയുടെ വിവാഹത്തിന്റെ പ്രതിരോധി എംജിആര്‍ ആണെന്ന് പറയപ്പെടുന്നുണ്ട്. എംജിആര്‍ തൃണവല്‍ക്കരിക്കുവാന്‍ കഴിയുന്ന ഒരു തടസ്സമായിരുന്നില്ല. എം ജി ആറിന് എല്ലാം സാധ്യമായിരുന്നു!

ശോഭന്‍ ബാബുവുമായുള്ള ബന്ധം പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ ചാട്ടുളി പോലെ ജയലളിതയ്ക്ക് നേരെ തിരിച്ചടിച്ചു.

വാസന്തി എഴുതിയ 'അമ്മ' എന്ന ജീവചരിത്രഗ്രന്ഥത്തിലെ ഒരധ്യായത്തില്‍ നിന്ന്-

പരിഭാഷ : ഷീജ അനില്‍