പിണറായിയും മന്ത്രി ബാലനും താരങ്ങളായ 40 ഹോഡിങ്ങുകള്‍ മേളയുടെ 'തമാശപ്പടം'

ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ചലച്ചിത്രമേളയുടെ ഹോഡിങ്ങുകളില്‍ 'തല വെച്ചത്' അനാവശ്യ ചര്‍ച്ചയ്ക്കിടയാക്കി. നഗരത്തില്‍ ഇരുപതോളം സ്ഥലങ്ങളിലാണ് ഹോഡിങ്ങുകളുള്ളത്.

പിണറായിയും മന്ത്രി ബാലനും താരങ്ങളായ 40 ഹോഡിങ്ങുകള്‍ മേളയുടെ

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഹോഡിങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലന്റേയും ചിത്രങ്ങള്‍ പതിച്ചത് ചര്‍ച്ചയാകുന്നു. കഴിഞ്ഞ 22 വര്‍ഷങ്ങളിലും ചെയ്യാതിരുന്ന ഈ നടപടി തികച്ചും അനാവശ്യമായെന്ന ചര്‍ച്ചകള്‍ക്കും ഇത് ഇടയാക്കി. നഗരത്തില്‍ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് വേറെയും ഹോഡിങ്ങുകളുണ്ടെങ്കിലും പ്രധാനയിടങ്ങളിലെല്ലാം പിണറായിയും ബാലനുമുണ്ട്.

സോഷ്യല്‍ മീഡിയയും ഈ ഹോഡിങ്ങുകള്‍ക്കെതിരെ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാകില്ല ഇതെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

മേളയുടെ നടത്തിപ്പില്‍ അനാവശ്യ ഇടപെടല്‍ നടത്താതെ മാറി നില്‍ക്കുകയായിരുന്നു സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്. അതിനു പകരം ഹോഡിങ്ങുകളില്‍ സ്വയം പ്രകാശിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കി. വരും വര്‍ഷങ്ങളിലും ഇത് തുടരുന്നത് അനാവശ്യ ചെലവാണെന്നതും കണക്കിലെടുക്കേണ്ടി വരും.വിദേശ പ്രതിനിധികള്‍ നഗരത്തിലുള്ള ഈ ഹോഡിങ്ങുകള്‍ കണ്ടു അമ്പരന്നതായും ഹോഡിങ്ങുകളില്‍ ആഘോഷിക്കപ്പെടുന്ന ഈ ഡയറക്ടര്‍മാരുടെ സിനിമകള്‍ ഏതെന്നു അന്വേഷിച്ച് തിയേറ്ററുകളിലേയ്ക്ക് പ്രവേശനത്തിനായി പരക്കം പായുന്നതായും തമാശകളും പ്രചരിച്ചു.രാജാവിനെക്കാളും രാജഭക്തി കാണിക്കുന്ന ചലച്ചിത്ര മേളയിലെ ഏതെങ്കിലും സംഘാടകരുടെ അല്‍പ്പ ബുദ്ധിയില്‍ തോന്നിയതാണോ ഈ ഹോഡിങ്ങ്‌സ് മേളയെന്നേ അറിയേണ്ടതുള്ളു.

മാതൃകാപരമായി ഹോഡിങ്ങുകള്‍ അടുത്തവര്‍ഷമെങ്കിലും ഒഴിവാക്കുകയാണ് നല്ല തീരുമാനമെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. അല്ലെങ്കില്‍ സിഗ്നേച്ചര്‍ ഫിലിമിലടക്കം മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും തലകള്‍ കാണേണ്ടി വരും. ഹോഡിങ്ങുകളെ തമാശയായാണ് പ്രതിനിധികള്‍ കണ്ടത്.