രുചിയിടങ്ങളിലേയ്ക്ക് വഴി കാട്ടിയതിന് മലയാളികളുടെ സ്റ്റാര്‍ട്ട്അപ്പിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് നടപ്പിലാക്കുന്ന 'എഫ്ബി സ്റ്റാര്‍ട്ട്' എന്ന ഇന്റര്‍നാഷണല്‍ പ്രോഗ്രാമിലേക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടേസ്റ്റീസ്പോട്ടിനെ തെരഞ്ഞെടുത്തു.

രുചിയിടങ്ങളിലേയ്ക്ക് വഴി കാട്ടിയതിന് മലയാളികളുടെ സ്റ്റാര്‍ട്ട്അപ്പിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

കേരളത്തിലെ മികച്ച ഭക്ഷണശാലകളെ കണ്ടെത്താനും വൈവിധ്യവും രുചിവൈഭവവും നിറഞ്ഞ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന മൊബൈല്‍ ആപ്ലിക്കേഷനായ ടേസ്റ്റീ സ്‌പോട്‌സിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം. സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് നടപ്പിലാക്കുന്ന 'എഫ്ബി സ്റ്റാര്‍ട്ട്' എന്ന ഇന്റര്‍നാഷണല്‍ പ്രോഗ്രാമിലേക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടേസ്റ്റീസ്പോട്ട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിലൂടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളും ഫെയ്‌സ്ബുക്കിലെ മുതിര്‍ന്ന മാനേജ്മെന്റ് വിദഗ്ദ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേരിട്ടുള്ള മാര്‍ഗനിര്‍ദേശവും ടേസ്റ്റീസ്പോട്ടിന് ലഭിക്കും. ഫെയ്‌സ്ബുക്ക് നടത്തുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് പ്രത്യേക ക്ഷണവും ഉണ്ടായിരിക്കും.


മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി നാലു മാസത്തിനുള്ളില്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. ഭക്ഷണപ്രിയരായിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ആപ്ലിക്കേഷന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ ഏതു ഹോട്ടലില്‍ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും പറഞ്ഞു തരുന്നു. എല്ലാ ഹോട്ടലുകളും ലിസ്റ്റ് ചെയ്യുന്ന ഒരു ആപ്പ് അല്ല ടേസ്റ്റി സ്‌പോട്‌സ് മറിച്ച് പല ഘടകങ്ങള്‍ പരിഗണിച്ച് വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകള്‍ മാത്രം ആണ് ഇതില്‍ ലിസ്റ്റ് ചെയ്യുന്നത്. 2015 ജനുവരിയിലാണ് മൊബൈല്‍ അധിഷ്ടിത സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഫെയ്‌സ്ബുക്ക് എഫ്ബിസ്റ്റാര്‍ട്ട് എന്ന പ്രോഗ്രാം ആഗോളതലത്തില്‍ ആരംഭിക്കുന്നത്. ഇതിനോടകം തന്നെ 50 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സേവനങ്ങളാണ് ഫെയ്‌സ്ബുക്ക് വിവിധ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

ഓരോ ഹോട്ടലിനെ കുറിച്ചുളള വിവരങ്ങള്‍ കൂടാതെ, ആപ്പ് ഉപയോഗിച്ച മറ്റു ആളുകള്‍ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളും, ചിത്രങ്ങളും ആപ്പില്‍ കാണാം. ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവര്‍ക്കു അറിയുന്ന നല്ല ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ പങ്കുവെക്കാനും കഴിയും.

ഭക്ഷണ പ്രിയരും, ഫോട്ടോഗ്രാഫേഴ്സും, വീഡിയോ ഫോട്ടോഗ്രാഫേഴ്സും ഒക്കെ അടങ്ങുന്ന ഒരു സംഘം ഓരോ സ്ഥലങ്ങളിലും നേരിട്ടു സന്ദര്‍ശിച്ചാണ് ഈ ആപ്പിലേക്ക് വേണ്ട വിവരങ്ങള്‍ തയ്യാറാക്കുന്നത്.ആന്‍ഡ്രോയിഡ് ഐഒഎസ് ആപ്പുകള്‍ കൂടാതെ വെബ് പോര്‍ട്ടല്‍ രൂപത്തിലും ടേസ്റ്റിസ്പോട്‌സ് ലഭ്യമാണ്.

Story by
Read More >>