ആളിയാറില്‍ നിന്നു വെള്ളം തരില്ലെന്നു തമിഴ്‌നാട്; അടിയന്തര ഇടപെടൽ നടത്തുമെന്നു മന്ത്രി മാത്യു ടി തോമസ്

ആളിയാറില്‍ നിന്നു കരാര്‍ പ്രകാരം ജൂലൈ ഒന്നു മുതല്‍ ഇതുവരെ 3.92 ടി.എം.സി ജലമാണ് കിട്ടേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ 2.36 ടി.എം.സി ജലം മാത്രമാണു കിട്ടിയത്. ഇതുവരെ കിട്ടേണ്ട 1.56 ടി.എം.സി ജലം തരാത്തതിനു പുറമെയാണ് ഇനി കിട്ടാനുള്ള വെള്ളം കൂടി തമിഴ്‌നാടു നിഷേധിക്കുന്നത്.

ആളിയാറില്‍ നിന്നു വെള്ളം തരില്ലെന്നു തമിഴ്‌നാട്; അടിയന്തര ഇടപെടൽ നടത്തുമെന്നു മന്ത്രി മാത്യു ടി തോമസ്

പാലക്കാട്:  അന്തര്‍ സംസ്ഥാന നദീജലക്കരാര്‍ ലംഘിച്ച് ആളിയാര്‍ ഡാമില്‍ നിന്നു കേരളത്തിന് ഇനി വെള്ളം തരില്ലെന്നു തമിഴ്‌നാട് . മഴയില്ലാത്തതിനാല്‍ ഇനി വെള്ളം നല്‍കാനാവില്ലെന്നു തമിഴ്‌നാട്, കേരള ജലസേചന വകുപ്പു ചീഫ് എഞ്ചിനീയറെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഇനി തമിഴ്‌നാടുമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തിയിട്ടു കാര്യമില്ലെന്ന നിലപാടിലാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍.

എന്നാല്‍ ഭരണതലത്തിലോ മന്ത്രി തലത്തിലോ ഇക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്യാനുള്ള നടപടികളായിട്ടില്ല. ആളിയാറിൽ നിന്നു വെള്ളം കിട്ടില്ലെങ്കില്‍ ചിറ്റൂര്‍ താലൂക്കില്‍ കുടിവെള്ളം പോലും ഉണ്ടാവില്ല. ഇപ്പോഴുള്ള നെല്‍കൃഷിയും പൂര്‍ണമായി നശിക്കും. ജലക്ഷാമം രൂക്ഷമായിട്ടും കേരളം ഇതുവരെ ഒരിടപെടൽ പോലും നടത്തിയിട്ടില്ല.


വിഷയം നാരദാ ന്യൂസ് ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെടുമെന്നു ജലസേചന വകുപ്പു മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വെള്ളം വിട്ടുതരില്ലെന്ന തമിഴ്നാടിന്റെ നിലപാടു ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും പ്രശ്‌നം പരിശോധിച്ച് അടിയന്തരമായി വേണ്ടതു ചെയ്യുമെന്നും മന്ത്രി  നാരദാ ന്യൂസിനോട് പറഞ്ഞു.

ഒക്ടോബര്‍ 26 നു പാലക്കാടു നടന്ന ജലക്രമീകരണ ബോര്‍ഡ് യോഗത്തിലെ തീരുമാനം അനുസരിച്ചു സെക്കന്റില്‍ 500 ഘനയടി വെള്ളമാണു കേരളത്തിന് വിട്ടു നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍  കഴിഞ്ഞ മാസം വീണ്ടും യോഗം നടന്നപ്പോള്‍ തമിഴ്‌നാട് വെള്ളത്തിന്റെ അളവ്  210 ഘനയടിയായി കുറച്ചു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണു തമിഴ്‌നാട് തന്നെ ഏകപക്ഷീയമായി ഇതു വീണ്ടും 175 ഘനയടി വെള്ളമാക്കി കുറച്ചത്. പിന്നീട്  ഈ തീരുമാനത്തേയും അട്ടിമറിച്ചാണു വെള്ളം നല്‍കാന്‍ കഴിയില്ലെന്ന നിലപാടു തമിഴ്‌നാട് എടുത്തത്.

ആളിയാറില്‍ നിന്ന് കരാര്‍ പ്രകാരം ജൂലൈ ഒന്നു മുതല്‍ ഇതുവരെ 3.92 ടി.എം.സി ജലമാണ് കിട്ടേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ 2.36 ടി.എം.സി ജലം മാത്രമാണു കിട്ടിയത്. ഇതുവരെ കിട്ടേണ്ട 1.56 ടി.എം.സി ജലം തരാത്തതിനു  പുറമെയാണ് ഇനി കിട്ടാനുള്ള വെള്ളം കൂടി തമിഴ്‌നാടു നിഷേധിക്കുന്നത്.

കേരളത്തിനു വെള്ളം തരാന്‍ ഡാമില്‍ വെള്ളമില്ലെന്നു പറയുന്ന തമിഴ്‌നാട് അതു തിരുമൂര്‍ത്തി ഡാമിലേയ്ക്കു രാത്രി കാലങ്ങളില്‍ തിരിച്ചു വിടുന്നുണ്ട്. ആളിയാര്‍ ഡാമിനു മുകളിലൂടെയുള്ള കോണ്ടൂര്‍ കനാല്‍ വഴി പകല്‍ സമയങ്ങളില്‍ കുറഞ്ഞ രീതിയിലും രാത്രിയില്‍ ഉയര്‍ന്ന തോതിലുമാണു വെള്ളം തുറന്നു വിടുന്നത്.

തിരുമൂര്‍ത്തി ഡാമിലേക്ക്  ആളിയാര്‍ ഡാമില്‍ നിന്ന് 49 കിലോമീറ്റര്‍ ദൂരത്തിലാണു കനാല്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ കനാലിന്റെ ഇരു വശങ്ങളിലും ഇടയ്ക്കിടെ ചെറിയ ഷട്ടറുകള്‍ സ്ഥാപിച്ചു മറ്റു സംഭരണികളിലേക്കും വെള്ളം തുറന്നു വിടുന്നുണ്ട്. ഇതു വഴി കനാല്‍ പോകുന്ന പ്രദേശങ്ങളിലെ കുളങ്ങള്‍, അനധികൃത ജലസംഭരണികള്‍ ഇവയിലൊക്കെ വെള്ളം നിറയ്ക്കുന്നുണ്ട്.

പറമ്പിക്കുളം- ആളിയാര്‍ അന്തര്‍ സംസ്ഥാന നദീജല കരാര്‍ പ്രകാരം പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിലെ വെള്ളം കേരളത്തിന് അവകാശപ്പെട്ടതാണ്. കരാര്‍ പ്രകാരം ഇവിടെ ഡാമുകള്‍ നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണികള്‍ നടത്താനുമാണു തമിഴ്‌നാടിന് അവകാശമുള്ളത് . ഈ ഡാമില്‍ നിന്നും കേരളത്തിനു കിട്ടേണ്ട വെള്ളം സര്‍ക്കാര്‍ പവര്‍ഹൗസില്‍ എത്തിച്ചു കോണ്ടൂര്‍ വഴി തിരുമൂര്‍ത്തി കനാലില്‍ തമിഴ്‌നാട് എത്തിക്കുന്നുണ്ട്.

അന്തര്‍ സംസ്ഥാന നദീജല കരാര്‍ പ്രകാരം ഇരു സംസ്ഥാനങ്ങളും അറിയാതെ ഒരു നിര്‍മ്മാണ പ്രവർത്തനവും നടത്തരുതെന്നാണു ചട്ടമെന്നിരിക്കെ നിരവധി പ്രവൃത്തികള്‍ തമിഴ്‌നാടു നടത്തുന്നുമുണ്ട്. പറമ്പിക്കുളം - ആളിയാര്‍ അന്തര്‍ സംസ്ഥാന നദീജല കരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട അധിക ജലം കടത്താന്‍ അനധികൃതമായി തമിഴ്‌നാട് പുതിയ ഒരു കനാലിന്റെ നിര്‍മാണം തുടങ്ങിയിട്ടു മാസങ്ങളായി. ഈ വര്‍ഷം മാര്‍ച്ച് 16 നാണു പുതിയ സര്‍ക്കാര്‍പതിക്കു താഴെയുള്ള വിയറില്‍ നിന്നു പറമ്പിക്കുളം വരെ ആറു കിലോമീറ്റര്‍ ദൂരം കനാല്‍ നിർമ്മിക്കാന്‍ തമിഴ്‌നാട് തുടങ്ങിയത്. കരാര്‍പ്രകാരം കേരളത്തിന് അവകാശപ്പെട്ട, മണ്‍സൂണിലും മറ്റും ആനമല പുഴയിലേക്ക് ഒഴുക്കി വിടേണ്ട അധിക ജലം, കനാല്‍ വരുന്നതോടെ ആളിയാറിലേക്കു തിരിച്ചു വിടാന്‍ തമിഴ്‌നാടിനു കഴിയും.

കനാല്‍ നിര്‍മ്മാണത്തിനു മുമ്പും കേരളത്തിലേക്കുള്ള ജല സ്രോതസ്സുകള്‍ തടഞ്ഞു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് നടത്തിയിട്ടുണ്ട്. ചിറ്റൂര്‍ പുഴയുടെ കൈവഴികളായ നല്ലാര്‍ ഉള്‍പ്പടെയുള്ള പുഴകളിലെ വെള്ളം കോണ്ടൂര്‍ കനാല്‍ മുഖാന്തിരം തടഞ്ഞു തിരുമൂര്‍ത്തി ഡാമിലേക്കും തമിഴ്‌നാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കടത്തുന്നുണ്ട്.

Story by
Read More >>