ജയലളിതയുടെ ആരോഗ്യസ്ഥിതി; എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്?

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന ഗവര്‍ണറോട് ആവശ്യപ്പെട്ടതായി 'നക്കീരന്‍' റിപ്പോര്‍ട്ടുചെയ്യുന്നു.

ജയലളിതയുടെ ആരോഗ്യസ്ഥിതി; എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്?

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ എല്ലാവരുടേയും ശ്രദ്ധ രാജ്ഭവനിലേക്ക് തിരിയുന്നതായി വാര്‍ത്തകള്‍. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള നിര്‍ദ്ദശമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് നക്കീരന്‍ പത്രം പറയുന്നു. ഇതാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ജനങ്ങളുടെ ശ്രദ്ധ രാജ്ഭവനിലേക്ക് തിരിയാന്‍ കാരണമായത്. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദശപ്രകാരം സംസ്ഥാന ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു മുംബൈയില്‍ നിന്ന് ചെന്നൈക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുമ്പ് ഇപ്പോഴത്തെ തെലങ്കാനായിലെ കരിംനഗര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ജയിച്ച് ലോക്‌സഭയിലെത്തിയ റാവുവിന് ബി.ജെ.പി നേതൃത്വവുമായി വളരെയടുത്ത ബന്ധമാണുള്ളത്.
അതേസമയം, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി നേതാക്കള്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇന്ന് രാവിലെ എല്ലാ പാര്‍ട്ടി എംഎല്‍എമാരോടു അടിയന്തരമായി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജയലളിതയോടൊപ്പം ആശുപത്രിയിലുള്ള അവരുടെ വിശ്വസ്ത ശശികല നടരാജനെ പാര്‍ട്ടി തീരുമാനങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുണ്ട്.