'സൈലന്റ് നൈറ്റ് ഹോളി നൈറ്റ്' കാരോള്‍ഗാനം പിറന്നതിങ്ങനെ...

സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനത്തിന് ഇത്രയധികം ശാന്തത ഉണ്ടായതിന്റെ പിന്നില്‍ കൌതുകരമായ ഒരു കഥയുണ്ട്- ഒരു ഓര്‍ഗന്‍ പണിമുടക്കിയ കഥ!

"അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം"

വാനവൃന്ദത്തിൽ സ്തുതിഗീതങ്ങൾ പാടി കർത്താവിന്റെ ജനനം മാലാഖമാർ ലോകത്തോട് വിളിച്ചു പറഞ്ഞു എന്നാണ് ബൈബിളിൽ വിവരിച്ചിരിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കരോൾ ഗാനങ്ങൾ ഉണ്ടായതെന്നും പറയപ്പെടുന്നു.

'ആടി പാടി ആഘോഷിക്കുക' എന്നർത്ഥം വരുന്ന കഹോള് എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് കരോൾ എന്ന പദം ഉണ്ടായത്.


ഒരു പക്ഷെ കരോൾ ഗാനങ്ങളിൽ ഏറ്റവുമധികം നൊസ്റ്റാൽജിയ ഉണർത്തുന്നതും ഏറെ ശാന്തതയോടും കൂടെ ആലപിക്കുന്നതും സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനമായിരിക്കും. വാദ്യോപകരണങ്ങളുടെ അമിതമായ ബഹളങ്ങൾ ഇല്ലാതെയാണ് ഈ ഗാനം ആലപിക്കപ്പെടുക.

ചിലപ്പോൾ ഗിറ്റാറിലോ, ഓർഗനിലൊ താളം പിടിക്കുന്നത് മാത്രമായിരിക്കും പശ്ചാത്തലത്തിൽ സംഗീതമായി ഉണ്ടാവുക. ഈ ഗാനത്തിന് ഇത്രയധികം ശാന്തത ഉണ്ടായതിന്റെ പിന്നില്‍ കൌതുകരമായ ഒരു കഥയുണ്ട്.

1918 ഡിസംബര്‍ 23നാണ് സൈലന്റ് നൈറ്റ്‌ എന്ന ഗാനം ആദ്യമായി ക്രിസ്തുമസ് കരോളിനു പാടുന്നത്. ഓസ്ട്രിയയിലെ ഒബന്‍ഡോര്‍ഫ് സെന്റ്‌.നിക്കോളാസ് ദേവാലയത്തിലെ പുരോഹിതനായ ഫാ: ജോസഫ്‌ മോര്‍ തന്നാണ്ടിലെ ക്രിസ്തുമസ് കരോളിനു ഒരു സര്‍പ്രൈസ് വേണമെന്നു ആഗ്രഹിച്ചിരുന്നു. ഇതിനായി ഇദ്ദേഹം ദേവാലയത്തിലെ കുട്ടികളെ കൂട്ടിവരുത്തി, താന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡയറിയില്‍ കുത്തിക്കുറിച്ചിരുന്ന വരികള്‍ ക്രമപ്പെടുത്തി അവരെ പഠിപ്പിച്ചു.

പള്ളിയുടെ തന്നെ സ്കൂളില്‍ ഓര്‍ഗന്‍ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ഫ്രാന്‍സ് ഗ്രബര്‍ എന്ന യുവാവിനോട് ഈ വരികള്‍ക്ക് ഓര്‍ഗനിനോടൊപ്പം ഗിറ്റാറിലും സംഗീതം ചിട്ടപ്പെടുത്തി നല്‍കണം എന്ന് ഫാദര്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ കരോള്‍ സര്‍വീസ് നടക്കേണ്ടതിന് തൊട്ടുമുന്‍പുള്ള പരിശീലനത്തിനിടയില്‍ ഓര്‍ഗന്‍ പണിമുടക്കി. എന്തെല്ലാം ചെയ്തിട്ടും ഓര്‍ഗനില്‍ നിന്നും അപശബ്ദം മാത്രമാണ് പുറപ്പെട്ടത്‌. അങ്ങനെ ഗിറ്റാറിന്റെ മാത്രം ശബ്ദത്തില്‍ സൈലന്റ് നൈറ്റ്‌ എന്ന കരോള്‍ ഗാനം ആദ്യമായി ആലപിക്കപെട്ടു.

നാളതു വരെ ഓര്‍ഗനിന്‍റെ താളത്തിനനുസരിച്ച് പരിശീലനം ലഭിച്ചിരുന്ന കുട്ടികള്‍ ഏതായാലും അധികം പരിഭ്രമം ഏതുമില്ലാതെ മനോഹരമായ രീതിയില്‍ ഈ പാട്ട് പാടി. വാദ്യോപകരണങ്ങളുടെ അകമ്പടി ഇല്ലാതെയുള്ള അവരുടെ പ്രകടനം മാതാപിതാകള്‍ക്ക് ഫാ.ജോസഫ്‌ മോര്‍ ആഗ്രഹിച്ചതിലും അധികം മധുരമുള്ള ഒരു സര്‍പ്രൈസ് നല്കി.

ഈ ഗാനം ആലപിച്ച രീതിയ്ക്കും ഉണ്ടായിരുന്നു പ്രത്യേകത. ഫാ. ജോസഫും, ഫ്രാന്‍സ് ഗ്രബറും ആറു വരികള്‍ വീതം പാടുകയും ക്വയര്‍ അതേറ്റു പാടുകയുമായിരുന്നു ഈ രീതി. ഓര്‍ഗന്‍ വായിക്കാതെയുള്ള ഗാനങ്ങള്‍ അതുവരെ പരിചിതമല്ലാതിരുന്നവര്‍ക്ക് അതിന്‍റെ പോരായ്മ ശ്രദ്ധിക്കുവാന്‍ അനുവദിക്കാന്‍ കഴിയാത്ത വിധം മനോഹരമായിരുന്നു ഈ അവതരണം.

ഈ ഓര്‍ഗന്‍ നന്നാക്കാന്‍ വന്ന കാള്‍ മോറെഷയര്‍ പിന്നീട് പോയ സ്ഥലങ്ങളില്‍ എല്ലാം ഈ മനോഹര സംയോജനവും കൂടെകൊണ്ടു പോയി. ഇത് കേള്‍ക്കാന്‍ ഇടയായ രണ്ടു മ്യുസിക്ക് ട്രൂപുകള്‍ അവരുടെ പരിപാടിയുടെ ഭാഗമായി ഈ ഗാനം അതേ ഭാവത്തില്‍ അവതരിപ്പിക്കുകയും ചെയ്തതോടെ സൈലന്റ് നൈറ്റ്‌ ആഗോളതലത്തില്‍ കരോള്‍ ഗാനമായി പ്രശസ്തി നേടി.


'സൈലന്റ് നൈറ്റ്‌' പ്രശസ്തി നേടിയപ്പോഴേക്കും ഫാ.ജോസഫ്‌ മോര്‍ മരണപ്പെട്ടിരുന്നു. ഈ ഗാനത്തിന്‍റെ സംഗീതം തന്റെതാണ് എന്ന് ഫ്രാന്‍സ് ഗ്രബര്‍ ബെര്‍ലിന്‍ അധികൃതര്‍ക്ക് എഴുതിയെങ്കിലും ആദ്യം ഈ അവകാശവാദം അംഗീകരിക്കപ്പെട്ടിരുന്നില്ല.

മനോഹരമായ ഈ മ്യുസിക്ക് പീസ്‌ ബീഥോവൻ, മൊസാര്‍ട്ട് എന്നിവരുടെ ആരുടെയെങ്കിലും സൃഷ്ടിയാണ് എന്നായിരുന്നു പരക്കെയുണ്ടായിരുന്ന ധാരണ.

എന്നാല്‍ ഫാ.ജോസഫ്‌ മോര്‍ എഴുതിയ ഒരു കയ്യെഴുത്ത് ലിഖിതത്തില്‍ നിന്നാണ് ഫ്രാന്‍സ് ഗ്രബറിന്‍റെ അവകാശവാദം പില്‍ക്കാലത്ത് അംഗീകരിക്കപ്പെട്ടത്.

ഫാ.ജോസഫ്‌ മോര്‍ ജര്‍മ്മന്‍ ഭാഷയില്‍ എഴുതിയ പാട്ടിന്‍റെ വരികള്‍ ഇംഗ്ലീഷിലേക്ക് ആദ്യം മൊഴി മാറ്റിയത് ഇങ്ങനെയായിരുന്നു
Silent night, holy night,
Bethlehem sleeps, yet what light,
Floats around the heavenly pair;
Songs of angels fills the air.
Strains of heavenly peace

140ലധികം ഭാഷയിലേക്ക് ഈ ഗാനം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുമധികം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ക്രിസ്തുമസ് ഗാനമെന്ന ഖ്യാതി സൈലന്റ് നൈറ്റ്‌ ഹോളി നൈറ്റിന് സ്വന്തം!

Read More >>