പരിധിയില്‍ കൂടുതല്‍ അവധി; 900 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു

89 ദിവസം തുടര്‍ച്ചയായി ജോലിക്കു ഹാജരാകാതിരുന്നവര്‍ക്കെതിരെയാണ് കോര്‍പറേഷന്റെ നടപടി. കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഇതു സംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കി. നേരത്തെ, പരിധിയില്‍കവിഞ്ഞ് അവിധിയെടുത്ത് ജോലിക്കുവരാതിരിക്കുന്നവര്‍ ഡിസംബര്‍ ഒന്നിനു മുമ്പ് ഹാജരാകണമെന്നു കാട്ടി എംഡി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ലംഘിച്ച 900 പേര്‍ക്കെതിരെയാണ് കെഎസ്ആര്‍ടിസി പിരിച്ചുവിടല്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്.

പരിധിയില്‍ കൂടുതല്‍ അവധി; 900 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു

തിരുവനന്തപുരം: പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന 900 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു. 89 ദിവസം തുടര്‍ച്ചയായി ജോലിക്കു
ഹാജരാകാതിരുന്നവര്‍ക്കെതിരെയാണ് കോര്‍പറേഷന്റെ നടപടി. കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഇതു സംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കി.

നേരത്തെ, പരിധിയില്‍ കവിഞ്ഞ് അവിധിയെടുത്ത് ജോലിക്കു വരാതിരിക്കുന്നവര്‍ ഡിസംബര്‍ ഒന്നിനു മുമ്പ് ഹാജരാകണമെന്നു കാട്ടി എംഡി ഉത്തരവിറക്കിയിരുന്നു. 1200 പേരായിരുന്നു ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഉത്തരവിനെ തുടര്‍ന്ന് 300 പേര്‍ ഹാജരായിരുന്നു. ഉത്തരവ് ലംഘിച്ച 900 പേര്‍ക്കെതിരെയാണ് കെഎസ്ആര്‍ടിസി പിരിച്ചുവിടല്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് വിഭാഗത്തിലുള്ളവരാണ് ഇവര്‍. ഇതില്‍കൂടുതല്‍ പേരും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ്.


89 ദിവസമെന്നത് ഒരു യൂണിറ്റ് അധികാരിക്ക് പരമാവധി അനുവദിക്കാന്‍ കഴിയുന്ന അവധിയാണ്. ഇതു മുഖവിലയ്‌ക്കെടുക്കാതെ പലരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സംസ്ഥാനത്തും വിദേശത്തും ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ശന നടപടി കൈക്കൊള്ളാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കൂടി ഉറപ്പാക്കിയ ശേഷമാണ് ഇത്തരക്കാര്‍ അവധി നീട്ടി മറ്റു ജോലിയിലേക്കു പോവുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ അവധി എടുത്ത് മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ നിന്നു ശമ്പളം ലഭിക്കില്ലെങ്കിലും മറ്റ് ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും ലഭിക്കുമെന്നതാണ് ഇത്തരക്കാരെ ഇതിനു പ്രേരിപ്പിക്കുന്നത്.

അതേസമയം, ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നതോടെ കെഎസ്ആര്‍ടിസി മറ്റൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുക. നിലവില്‍ പ്രതിമാസം 120 കോടിയോളം രൂപയുടെ നഷ്ടത്തില്‍ ഉഴറുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നു 900 ജീവനക്കാര്‍ കൂടി പോവുന്നതോടെ ദിനേനയുള്ള സര്‍വീസുകള്‍ക്കും ഷെഡ്യൂളുകള്‍ക്കും തിരിച്ചടിയാവും.

Read More >>