സുരേന്ദ്രന്റെ പോസ്റ്റിന്റെ തമിഴ് പരിഭാഷ വന്നു; തമിഴ്‌നാട്ടില്‍ നിന്നും പൊങ്കാലക്ക് സാധ്യത

'അമ്മയുടെ മരണത്തിനായി ബി.ജെ.പി കാത്തിരിക്കുകയായിരുന്നോ?' എന്ന തലക്കെട്ടിലാണ് സുരേന്ദ്രന്റെ പോസ്റ്റ് തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ടുള്ളത്‌.

സുരേന്ദ്രന്റെ പോസ്റ്റിന്റെ തമിഴ് പരിഭാഷ വന്നു; തമിഴ്‌നാട്ടില്‍ നിന്നും പൊങ്കാലക്ക് സാധ്യത

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചയുടന്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനിട്ട വിവാദ പോസ്റ്റിന് തമിഴ് പരിഭാഷ. 'അമ്മയുടെ മരണത്തിനായി ബി.ജെ.പി കാത്തിരിക്കുകയായിരുന്നോ?' എന്ന തലക്കെട്ടാണ് പരിഭാഷയുടെ മുകളിലായി കൊടുത്തിരിക്കുന്നത്. 'ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാററങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്രെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീര്‍ശെല്‍വത്തിന്രെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എ. ഐ. ഡി. എം. കെ ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാം' എന്നാണ് പോസ്റ്റ്. പോസ്റ്റ് അനൗചിത്യമായെന്ന വിമര്‍ശനവുമായി നിരവധിപ്പേര്‍ സുരേന്ദ്രനെതിരേ വന്നെങ്കിലും ഇടക്കുചെയ്യാറുള്ളതുപോലെ അദ്ദേഹം പോസ്റ്റ് ഇതുവരെ മുക്കിയിട്ടില്ല. തുടര്‍ച്ചയായി ഫെയ്‌സ്ബുക്കിലൂടെ അബദ്ധങ്ങള്‍ ചെയ്യുന്ന സുരേന്ദ്രനെ ബി.ജെ.പി പുറത്താക്കുമെന്ന് സൂചനയുളളതായി നാരദ ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയലളിതയുടെ ആശുപത്രിവാസത്തിന് ശേഷം ബി.ജെ.പി രാഷ്ട്രീയമായും അല്ലാതെയും നിരവധി വിലപേശലുകള്‍ നടത്തിയിരുന്നു. ബി.ജെ.പി പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സുരേന്ദ്രന്‍ വിവാദ പോസ്റ്റിട്ടത്.