നോട്ടു നിയന്ത്രണത്തിനു പകരം നിരോധനം എന്തിനെന്ന് സുപ്രീം കോടതി;സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ്

സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ തീരുമാനവും സുപ്രീംകോടതി വിമർശിച്ചു. സഹകരണ ബാങ്കുകളോടു കാണിക്കുന്ന വിവേചനം തെറ്റാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

നോട്ടു നിയന്ത്രണത്തിനു പകരം നിരോധനം എന്തിനെന്ന് സുപ്രീം കോടതി;സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ്

1000, 500 രൂപ നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. നോട്ട് നിയന്ത്രിക്കുന്നതിനു പകരം നിരോധനം ഏർപ്പെടുത്തിയത് എന്തിനെന്നും കോടതി ചോദിച്ചു.

എപ്പോഴാണ് നോട്ട് അസാധുവാക്കാനുള്ള തീരുമാനം എടുത്തതെന്നും തീരുമാനം രഹസ്യമായിരുന്നോ എന്നും സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്തുകൊണ്ട് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുമതി നല്‍കി. ഒരു വ്യക്തിക്ക് ഇത്രയും തുക മാത്രം മതിയാകുമോ തുടങ്ങി ഒന്‍പതു ചോദ്യങ്ങളാണ് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചത്. ബുധനാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കേന്ദ്രത്തോടാവശ്യപ്പെട്ടു.


സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജിയും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജിയും പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ തീരുമാനവും സുപ്രീംകോടതി വിമർശിച്ചു. സഹകരണ ബാങ്കുകളോടു കാണിക്കുന്ന വിവേചനം തെറ്റാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

പഴയ നോട്ടുകൾക്ക് പകരം സാധുവായ നോട്ടുകൾ നൽകുന്നതിൽ നിന്നും  രാജ്യത്തെ സഹകരണ ബാങ്കുകളെ കേന്ദ്രം ഒഴിവാക്കിയിരുന്നു. കള്ളനോട്ട് കണ്ടെത്താൻ സഹകരണ ബാങ്കുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുളള കേന്ദ്രത്തിന്റെ  വിശദീകരണം.

ഇതിനെതിരെ സഹകരണ ബാങ്കുകൾ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കള്ളനോട്ട് കണ്ടുപിടിക്കാന്‍ സഹകരണ ബാങ്കുകള്‍ സംവിധാനമുണ്ടെന്നു സത്യവാങ്മൂലം നൽകി. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡും സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Story by
Read More >>