ഉറപ്പ്...! അടുത്ത ചലച്ചിത്രമേള യുവാക്കളെയും വിദ്യാര്‍ത്ഥികളേയും തുരത്തും

യുവാക്കളെയും വിദ്യാര്‍ത്ഥികളേയും തുല്യപ്രാധാന്യമുള്ള പ്രതിനിധികളാക്കാതിരിക്കാന്‍ ചലച്ചിത്ര മേളയുടെ അണിയറയില്‍ നീക്കം. യഥാര്‍ത്ഥ സിനിമാ പ്രേക്ഷകരല്ല പുതിയ പ്രതിനിധികളെന്ന് പരാതി മുതിര്‍ന്നവര്‍ ഉയര്‍ത്തി. ഇത് പ്രതിഫലിക്കുന്നത് അടുത്ത മേളയില്‍ അനാവശ്യ തരംതിരിവുകള്‍ സൃഷ്ടിച്ചാവും

ഉറപ്പ്...! അടുത്ത ചലച്ചിത്രമേള യുവാക്കളെയും വിദ്യാര്‍ത്ഥികളേയും തുരത്തും

അടുത്തവര്‍ഷം അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുകയാണെങ്കില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുല്യപ്രാധാന്യമുള്ള പ്രതിനികളാകാന്‍ അവസരമുണ്ടാകില്ല. സദാചാര ഗുണ്ടായിസം അടിസ്ഥാനമാക്കിയ ഗൂഢാലോചനയില്‍ മേള നടത്തിപ്പുകാരായ പ്രധാനികളുണ്ടെന്നത് തുല്യപ്രാധാന്യം നഷ്ടപ്പെടാന്‍ കാരണമാകും.

'യഥാര്‍ത്ഥ സിനിമാ പ്രേക്ഷകര്‍ക്ക്' യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും വമ്പിച്ച പങ്കാളിത്തം മൂലം രജിസ്റ്റർ ചെയ്യാന്‍ പോലും സാധിച്ചില്ലെന്ന പരാതിയുയര്‍ത്തിയത് കേരളത്തിലെ ഏറെ പ്രശസ്തനായ മാധ്യമ പ്രവര്‍ത്തകനാണ്. മേളയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ യുവാക്കളുടെ പങ്കാളിത്തത്തെ അസഹിഷ്ണുതയോടെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററിനുള്ളില്‍ പ്രധാന സീനുകള്‍ വരുമ്പോള്‍ ഉയരുന്ന കയ്യടികളും ഒച്ചകളും ഗൗരവമില്ലാത്ത കാഴ്ചക്കാരുടേതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സിനിമ എങ്ങനെ വീക്ഷിക്കണമെന്ന ആസ്വാദന ക്ലാസുകള്‍ പുതിയ പ്രതിനിധികള്‍ക്ക് നല്‍കണമെന്നും രണ്ടു ദിവസത്തില്‍ കൂടുതല്‍ പാസ് നല്‍കരുതെന്നും പത്രസമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ചലച്ചിത്ര മേള സന്ദര്‍ശിക്കാന്‍ മാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് വിസിറ്റിങ് പാസ് മാത്രം നല്‍കിയാല്‍ മതി. എല്ലാം കണ്ട് മനസിലാക്കിയിട്ടു സിനിമ കാണട്ടെ എന്നാണ് നിര്‍ദ്ദേശം. ചലച്ചിത്ര അക്കാദമിയിലെ ഉന്നതര്‍ വളരെ നല്ല നിര്‍ദ്ദേശമാണ് ഇതെന്ന് അവിടെ വെച്ചു തന്നെ പറഞ്ഞു.

ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെയും യുവതികളുടേയും വിദ്യാര്‍ത്ഥിനികളുടേയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു മേള. സീറ്റുകളുടെ എണ്ണക്കുറവു മൂലം രജിസ്റ്റർ ചെയ്തതില്‍ പകുതിയിലേറെപ്പേരും തിയറ്ററുകള്‍ക്ക് പുറത്തായ കാഴ്ചയായിരുന്നു മേളയില്‍ നിറയെ. മുഴുവന്‍ സമയവും ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് സൗഹൃദാന്തരീക്ഷത്തിലായിരുന്നു മേളയുടെ ഓരോ നിമിഷവും. ലിംഗവ്യത്യാസമില്ലാത്ത ഇടപെടലുകള്‍ ഇഷ്ടപ്പെടാത്ത സദാചാര മനസുകാളാണ് മേളയിലെ യുവാക്കളുടെ പങ്കാളിത്തത്തെ, ഗൗരവമില്ലാത്ത ആള്‍ക്കൂട്ടമായി ചുരുക്കി കാണുന്നത്.ഇത്രയധികം സ്ത്രീകളുടെ പങ്കാളിത്തമുണ്ടായിട്ടും ഒരു വുമണ്‍സ് സെല്‍ പ്രവര്‍ത്തിച്ചില്ല എന്ന പോരായ്മകള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നിരുന്നു.

'സദാചാരികളായ' ചില പ്രതിനിധികള്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ സാന്നിധ്യത്തിനെതിരെ പരാതിപ്പെട്ടു. അവരിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് അരോചകമാണെന്നായിരുന്നു സംഘാടകയോട് പരാതിപ്പെട്ടത്. സംഘാടകയ്ക്ക് പ്രതിനിധികളോട് ലിംഗനീതിയെപ്പറ്റി ക്ലാസെടുക്കേണ്ടി വന്നു.രജിസ്‌ട്രേഷന്‍ തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതീക്ഷിച്ചതിലും കൂടുതലാളുകള്‍ രജിസ്റ്റർ ചെയ്തു. ഇതിലേറെയും ഓണ്‍ലൈന്‍ ഫ്രണ്ടലി ആയ യുവാക്കളാണ്. മുതിര്‍ന്നവര്‍ക്ക് അതിനുള്ള അവസരം കിട്ടിയില്ല. കംപ്യൂട്ടര്‍ സാക്ഷരതയില്ലാത്തതാണ് ഇവരുടെ കുഴപ്പം.

ഫിലിം സ്‌കൂളുകള്‍ വര്‍ദ്ധിച്ചതും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നതിനുള്ള കാരണമാണ്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമുള്ള ഫിലിം- മീഡിയ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന്റെ ഭാഗമായി മേളയിലെത്തി. ഓരോ ദിവസവും സിനിമ കാണുന്ന ഇവരെയാണ് യാഥാര്‍ത്ഥ പ്രേക്ഷകരല്ലെന്ന് മുതിര്‍ന്നവര്‍ ആക്ഷേപിക്കുന്നത്.
വൊളന്റിയേഴ്‌സിനു പകരം ഇത്തവണ സ്വകാര്യ സെക്യൂരിറ്റിക്കാര്‍ക്ക് നിയന്ത്രണം ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഇവര്‍ തികച്ചും അപമര്യാദയായി യുവക്കളോട് പെരുമാറിയിരുന്നത്. ഇത് മിക്കപ്പോഴും തിയേറ്ററുകളില്‍ കടുത്ത വാക്കു തര്‍ക്കങ്ങള്‍ക്കിടയാക്കി. മേളയുടെ ചരിത്രത്തിലാദ്യമായി ഷോ മുടങ്ങി. ക്ലാഷ് പ്രദര്‍ശിപ്പിച്ചപ്പോള്‍.


ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള തിയേറ്ററില്‍ എല്ലാ പ്രതിനിധികള്‍ക്കും പ്രവേശനമില്ലാത്ത ഷോ ഒരുക്കി വിവേചനം സൃഷ്ടിച്ചെന്ന പരാതി ഈ മേളയെ കുറിച്ച് പൊതുവായുണ്ട്. അടുത്ത വര്‍ഷം കൂടുതല്‍ വിവേചനങ്ങളുണ്ടാകുമെന്നും സീറ്റു പോകുന്നത് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണെന്ന് ഉറപ്പിക്കാം. സാംസ്‌ക്കാരിക വിനിമയം എന്നാല്‍ മിണ്ടാതിരുന്ന് സിനിമ കാണലാണ് എന്നും അതിനു ശല്യമായവരെ പടിക്കു പുറത്തു നിര്‍ത്താനുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നുറപ്പ്.

കാണികളെ ഭയമുള്ളവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളിലൂടെ സ്വന്തം ഭയം വെളിപ്പെടുത്താനേ സാധിക്കൂ- തുല്യപ്രാധാന്യമില്ലാത്ത പാസുകള്‍ മേളയുടെ അന്ത:സത്തയെ ഇല്ലാതാക്കുകയേയുള്ളു.

ചിത്രങ്ങൾ: സാബു കോട്ടപ്പുറം, പ്രതീഷ് രേമ