ജയലളിതയുടെ പ്രതികാരത്തിന്റെ ആസിഡ് മുഖങ്ങള്‍

ഓഹരിവില്‍പനയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ 'സൗന്ദര്യമാണ് മാനദണ്ഡമെങ്കില്‍ തനിക്കും മുഖ്യമന്ത്രിയാകാമെന്ന്' ജലയളിതയോട് പറഞ്ഞ വ്യവസായ സെക്രട്ടറി വി.എസ് ചന്ദ്രലേഖ ഐഎഎസിന്റെ മുഖത്ത് തൊട്ടടുത്ത ദിവസം വന്നുവീണത് ആസിഡ് ബള്‍ബാണ്- സമാനതകളില്ലാത്തതാണ് ജയലളിതയില്‍ ആരോപിക്കപ്പെട്ട പ്രതികാരങ്ങള്‍.

ജയലളിതയുടെ പ്രതികാരത്തിന്റെ ആസിഡ് മുഖങ്ങള്‍

തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഒരേടാണ് പുരട്ചി തലവി (വിപ്ലവ നായിക) എന്ന് തമിഴ്മക്കള്‍ ആരാധനയോടെ വിളിച്ച ജയലളിതയുടെ മരണത്തോടെ ഇല്ലാതായത്. അഴിമതിക്കേസുകളിലടക്കം നിരവധി കേസുകളില്‍പ്പെട്ടെങ്കിലും അവസാന കാലത്ത് സംസ്ഥാനത്ത് നടത്തിയ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ജയലളിതയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് തെരുവിലിറങ്ങിയ സാധാരണക്കാര്‍ കുറഞ്ഞ വിലയ്ക്ക് അരിയും ഭക്ഷണവുമൊക്കെ നല്‍കുന്ന 'അമ്മ'യോടുള്ള സ്‌നേഹമാണ് നെഞ്ചത്തടിച്ച് നിലവിളിയായ് പ്രകടിപ്പിച്ചത്. എന്നാല്‍ ഭക്ഷണത്തിലും കേവലം പാര്‍പ്പിടത്തിലും തങ്ങളുടെ അവകാശങ്ങളുടെ പരിധി അവസാനിക്കുന്നുവോ എന്ന ചോദ്യം ചോദിക്കാനുള്ള ഭൗതിക വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത വലിയൊരു ജനവിഭാഗം തമിഴ്‌നാട്ടിലുണ്ട്. ഇക്കാര്യങ്ങളൊക്കെ ഫലപ്രദമായി ഉപയോഗിച്ച ജയലളിത ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ ഏകാധിപത്യ സ്വഭാവത്തിലാണ് ഭരിച്ചതെന്ന് പറയേണ്ടി വരും. അതുകൊണ്ടാണല്ലോ ജയലളിതയുടെ അഭാവത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍ശെല്‍വമടക്കമുള്ളവര്‍ അവരെക്കാണുമ്പോഴൊക്കെ ഓച്ഛാനിച്ചുനിന്നതും നിലത്തുവീണു കിടന്ന് വിധേയത്വം കാണിച്ചതുമൊക്കെ.


[caption id="" align="alignleft" width="228"] വി. എസ് ചന്ദ്രലേഖ [/caption]

എതിര്‍ക്കുന്നവരെ ദ്രോഹിച്ചും (ഉദ്യോഗസ്ഥരാണെങ്കില്‍) സ്ഥലം മാറ്റിയും ശാരീരികമായി ആക്രമിച്ചുമൊക്കെ ശത്രുത തീര്‍ക്കുന്ന ഒരു ഏകാധിപതിയും ജയയിലുണ്ടായിരുന്നുവെന്ന് ചില സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. ഇതില്‍ ഏറ്റവും പ്രധാനം ഒരുകാലത്ത് ജയയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയും ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമിയുടെ അനുയായിയുമായ വി. എസ് ചന്ദ്രലേഖയ്ക്കുണ്ടായ ദുരനുഭവമാണ്. ജയലളിത ഗവണ്‍മെന്റ് 1992ല്‍ സ്പിക്കിന്റെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനമെടുത്തു. എന്നാല്‍ തീരുമാനത്തെ അന്ന് വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല. ഇക്കാര്യത്തില്‍ ജയലളിതയും ചന്ദ്രലേഖയും തമ്മില്‍ കടുത്ത തര്‍ക്കത്തിലായി. ഒടുവില്‍ ഇരുവരുടേയും തര്‍ക്കം 'സൗന്ദര്യ'ത്തില്‍ വരെയെത്തിയത്രേ. 'സൗന്ദര്യമാണ് മാനദണ്ഡമെങ്കില്‍ എനിക്കും മുഖ്യമന്ത്രിയാകാന്‍ കഴിയും' എന്ന് ചന്ദ്രലേഖ പറഞ്ഞത്രേ.

പിന്നീട് ചന്ദ്രലേഖ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. മുംബൈയില്‍ നിന്ന് വാടകയക്കെടുത്ത സുര്‍ലയെന്ന ഗുണ്ട നടത്തിയ ആസിഡ് ബള്‍ബാക്രമണത്തില്‍ അവരുടെ മുഖം പൊള്ളിയടര്‍ന്നു. ശാരീരികവും മാനസികവുമായി തകര്‍ന്ന ചന്ദ്രലേഖ അഭയം തേടിയത് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ക്യാമ്പില്‍. എന്നാല്‍ അതുകൊണ്ടൊന്നും അവര്‍ക്ക് നീതി ലഭിച്ചില്ല. വാടക ഗുണ്ടയെ അറസ്റ്റുചെയ്ത് ജയിലിലടച്ചല്ലാതെ ആക്രമണത്തിലേക്കുള്ള കാരണങ്ങള്‍ തേടിപ്പോകാന്‍ പോലീസ് തയ്യാറായില്ല. സുപ്രീം കോടതി വരെ ചന്ദ്രലേഖ കേസിനുപോയെങ്കിലും ജയലളിതയുടെ സ്വാധീനം കൊണ്ടും വിലപേശല്‍ രാഷ്ട്രീയം കൊണ്ടും ഫലമുണ്ടായില്ലത്രേ. സി.ബി.ഐ അന്വേഷിച്ചിട്ടുപോലും കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താനായില്ല. സുര്‍ലയെ വിചാരണത്തടവുകാരനായി വെച്ചാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഇതിനിടെ രോഗബാധിതനായി സുര്‍ല മരിച്ചതോടെ കേസ് എങ്ങുമെത്താതെ അവസാനിച്ചു.

[caption id="" align="alignleft" width="478"]sasikala pushpa എന്നതിനുള്ള ചിത്രം ശശികല പുഷ്പ (രാജ്യസഭ എം.പി) [/caption]

ജയലളിതയ്‌ക്കെതിരേ ശാരീരികമായി അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തൊരു ആരോപണമുണ്ടായി. എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എം.പി ശശികല പുഷ്പയാണ് തന്നെ ജയലളിത കരണത്തടിച്ചതായി ആരോപിച്ച് രംഗത്തുവന്നത്. താന്‍ ഡി.എം.കെ എം.പി ശിവയുടെ കരണത്തടിച്ചത് ചോദ്യം ചെയ്യുന്നതിനിടെ ജയലളിത കരണത്തടിച്ചതായി ശശികല തന്നെയാണ് പേര് പരാമര്‍ശിക്കാതെ രാജ്യസഭയില്‍ പറഞ്ഞത്. ഈ സംഭവത്തെത്തുടര്‍ന്ന് ജയലളിത ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും രാജ്യസഭാംഗത്വം രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാജി ആവശ്യം നിരാകരിച്ച ശശികല ഇപ്പോഴും രാജ്യസഭാംഗമാണ്.

[caption id="" align="alignleft" width="215"]gangai amaran എന്നതിനുള്ള ചിത്രം ഗംഗൈ അമരന്‍[/caption]

[caption id="" align="alignright" width="196"]ബന്ധപ്പെട്ട ചിത്രം ടി.എന്‍ ശേഷന്‍ [/caption]

സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന് ഓള്‍ഡ് മഹാബലിപുരം റോഡില്‍ ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു. തന്റെ സംഗീതജോലികള്‍ ചെയ്യാനായാണ് അദ്ദേഹം പലരില്‍ നിന്നായി വാങ്ങിയ 23 ഏക്കര്‍ സ്ഥലത്ത് ഫാം ഹൗസ് പണിതത്. ഫാം ഹൗസ് കണ്ടിഷ്ടപ്പെട്ട ജയലളിത ആദ്യം നയത്തിലും പിന്നീട് ഭീഷണിയിലും അത് വാങ്ങിയെടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ശല്യം സഹിക്കാനാവാതെ കോടികള്‍ വിലവരുന്ന ഫാം ഹൗസ് വെറും 13.1 ലക്ഷം രൂപയ്ക്കാണേ്രത ഗംഗൈ അമരന്‍ ജയലളിതയ്ക്ക് വിറ്റത്.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷനെതിരേയായിരുന്നു അടുത്ത അങ്കം. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തണമെന്ന് വാശിപിടിച്ചതിന് അദ്ദേഹത്തിന് താമസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസ് അനുവദിക്കാതെയാണ് ജയലളിത പകരം വീട്ടിയത്. പിന്നീട് ശേഷന്‍ താമസിച്ച താജ് ഹോട്ടല്‍ ജയയുടെ ഗുണ്ടകളെത്തി തല്ലിത്തകര്‍ക്കുകയും ചെയ്തു.

[caption id="" align="alignleft" width="522"]jayalalitha and sasikala എന്നതിനുള്ള ചിത്രം ജയലളിതയും തോഴി ശശികലയും [/caption]

[caption id="" align="alignright" width="374"]p chidambaram എന്നതിനുള്ള ചിത്രം പി. ചിദംബരം [/caption]

തനിക്കെതിരായ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് എ.ആര്‍ ലക്ഷ്മണനോട് ജയലളിത ചെയ്തതായി പറയുന്ന പ്രതികാരം കുറച്ചുകടന്ന കൈയായിപ്പോയി. ജഡ്ജിയുടെ മരുമകന്റെ കാറില്‍ പോലീസ് കഞ്ചാവുവെച്ച ശേഷം കഞ്ചാവുകേസില്‍ കുടുക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തന്റെ ഇഷ്ടത്തിന് വിധി പറയാതിരുന്ന ജസ്റ്റിസ് എം. ശ്രീനിവാസന്റെ വീട്ടിലേക്ക് ജയ ഗുണ്ടകളെ അയച്ച് വീട് തല്ലിത്തകര്‍ത്തതായും ആരോപണമുണ്ട്. 1996ല്‍ ജയലളിതയ്‌ക്കെതിരേ പ്രസംഗിച്ചതിന് പി. ചിദംബരത്തേയും എംഎല്‍എമാരേയും റോഡില്‍ തടഞ്ഞുനിര്‍ത്തി ജയയുടെ ഗുണ്ടകള്‍ ആക്രമിച്ച സംഭവവുമുണ്ടായി. ഓഡിറ്ററായിരുന്ന രേജശേഖറിനെ ജയലളിതയും ശശികലയും ചേര്‍ന്ന് പോയസ് ഗാര്‍ഡന്റെ മുറ്റത്തിട്ട് ക്രൂരമായ മര്‍ദ്ദിച്ച സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. 2001ല്‍ നടന്ന സംഭവത്തില്‍ ജയലളിതയെയാണ് കുറ്റപത്രത്തില്‍ ഒന്നാം പ്രതിയായി ചേര്‍ത്തത്. ശശികലയായിരുന്നു രണ്ടാം പ്രതി. കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിനും രാഷ്ട്രീയ എതിരാളികളെ വിവിധ കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനും പുറമേയാണ് അധികാര ദുര്‍വിനിയോഗം നടത്തി ജയ ഈ കൃത്യങ്ങള്‍ ചെയ്തത്.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ നടത്തിയ എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ മുതല്‍ പ്രതികാര കഥകളുടെ ചുരുളഴിയുമ്പോള്‍ ജനാധിപത്യത്തിലെ ഭരണാധികാരിയായിരുന്നില്ല അധികാരമോഹിയും ശത്രുസംഹാരിണിയുമായ ഏകാധിപതിയായി ജയലളിതയെ ചരിത്രം വിലയിരുത്തും. ജയലളിത ഇല്ലാതായതോടെ ആ കഥകളെല്ലാം കൂടുതല്‍ വെളിപ്പെടും. ഇരകള്‍ക്ക് അവരനുഭവിച്ച ദുരന്തങ്ങള്‍ പറയാനുള്ള അവസരം ജയലളിത ഇല്ലാതായതോടെ ഉണ്ടായിക്കഴിഞ്ഞു.