അതെ ഞങ്ങള്‍ എച്ച്ഐവി ബാധിതരാണ്; ആനന്ദം ഞങ്ങളെ വിട്ടു പോയിട്ടില്ല

എച്ച്.ഐ.വി ബാധിതര്‍ ജീവിതമേ തകര്‍ന്നവരാണെന്ന ധാരണ തെറ്റാണ്. ജീവിതത്തിന്റെ സന്തോഷം എടുത്തു കളയുന്ന ഒന്നായി ആ രോഗാവസ്ഥ മാറിയിട്ടില്ല. എയ്ഡ്സിനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളും സാമൂഹ്യതിരസ്‌ക്കാരങ്ങളും ലോകത്താകെ മാറിക്കഴിഞ്ഞു. എച്ച്.ഐ.വി ബാധ ജീവിതത്തിലെ ആനന്ദം എടുത്തുകളയാത്ത അനേകം ലോകരില്‍ ചിലരെ പരിചയപ്പെടാം- ഇന്ന് ലോക എയ്ഡ്സ് ദിനം.

അതെ ഞങ്ങള്‍ എച്ച്ഐവി ബാധിതരാണ്; ആനന്ദം ഞങ്ങളെ വിട്ടു പോയിട്ടില്ല

സ്വവര്‍ഗരതിക്കാരനായിരിക്കെ എച്ച്.ഐ.വി ബാധിതനായി: ഇസ്രായേല്‍


സ്വവര്‍ഗരതിക്കാനായിരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ അവസ്ഥകളിലൊന്ന്. അതു നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങള്‍ക്കു നഷ്ടമാകുന്നതിന് പോലും കാരണമാകാം. അത്തരമൊരു സാഹചര്യത്തില്‍ എച്ച്.ഐ.വി പോസിറ്റീവ് കൂടി സ്ഥിരീകരിച്ചാല്‍... അത്തരമൊരു അവസ്ഥയാണ് എന്റെ ജീവിതത്തിലുണ്ടായത്.

ഒരാളുമായി പുതിയൊരു ബന്ധം ഉണ്ടായതിനെത്തുടര്‍ന്നാണ് ഞാന്‍ കുറച്ചുവര്‍ഷം മുമ്പ് ആദ്യമായി രക്തപരിശോധനയ്ക്കായി ഡോക്ടറെ കണ്ടത്. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഡോക്ടറെന്നെ ഫോണില്‍ വിളിച്ച് സ്വകാര്യമായൊരിടത്ത് വച്ചു കാണാന്‍ സാധിക്കുമോയെന്നു ചോദിച്ചു. അപ്പോള്‍ത്തന്നെ ഭയം കൊണ്ട് എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. 'താങ്കളുടെ രക്തപരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റിവ് ആണെന്ന് തെളിഞ്ഞു' ഡോക്ടറുടെ വാക്കുകള്‍ ദൂരെയേതോ ഗുഹയില്‍ നിന്ന് വരുന്നതുപോലെ തോന്നി. കരഞ്ഞുകൊണ്ട് ഞാന്‍ നിലത്തേക്കിരുന്നു. ജീവിതത്തിലെ എല്ലാ ലൈംഗിക സുഖങ്ങളേയും ഞാന്‍ ആ നിമിഷം വെറുത്തു. ഡോക്ടറുടെ ആശ്വാസവാക്കുകളൊക്കെ എന്റെ കൈയില്‍ നിന്ന് തെറിച്ചുവീണ ഫോണിന്റെ റിസീവറില്‍ ആരും കേള്‍ക്കാനില്ലാതെ ചിതറി.


കുറേ നേരത്തിന് ശേഷം അച്ഛന്റെ ഫോണ്‍ കോള്‍ വന്നപ്പോഴാണ് ഞാന്‍ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്. ഞാന്‍ കരയുന്ന ശബ്ദം കേട്ട് നിനക്കെന്താണു പറ്റിയതെന്ന് അദ്ദേഹം കുറേ വട്ടം ചോദിച്ചു. ഞാന്‍ വിവരം പറഞ്ഞു. പിന്നീട് അദ്ദേഹമെന്നെ ആശുപത്രിയിലെത്തിച്ചു. സി.ഡി 4 പരിശോധനയില്‍ ഭാഗ്യത്തിനു കൗണ്ട് കുറവായിരുന്നു. പിന്നീടു ചികിത്സയുടേയും അതിജീവനത്തിന്റേയും കാലമായിരുന്നു.

എന്റെ കുടുംബം ഗേ ആയിരുന്ന എന്നെ ആ അവസ്ഥയില്‍ സ്വീകരിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ എച്ച്.ഐ.വി ബാധിതനായിട്ടുകൂടി അവരെന്നെ തള്ളിക്കളയാതെ കൂടെ നിന്നു. ഞാനെന്റെ ഗേ പങ്കാളിയുമായി ബന്ധം തുടര്‍ന്നില്ല. അയാള്‍ ഇപ്പോഴും എച്ച്.ഐ.വി നെഗറ്റീവാണ്. ഞാനിപ്പോഴും പതിവു ചെക്കപ്പിനായി രണ്ടു മാസത്തില്‍ ഒരിക്കല്‍ പോകാറുണ്ട്. സുഹൃത്തുക്കള്‍ എന്നെ പഴയതുപോലെ തന്നെയാണു പരിഗണിക്കുന്നത്. എന്റെ അവസ്ഥ അറിയാവുന്നയാളാണു പുതിയ പങ്കാളി. ഞങ്ങളെല്ലാം ഇപ്പോള്‍ സന്തോഷത്തോടെ പഴയതുപോലെ ജീവിക്കുന്നു.

മൈക്ക: എച്ച്.ഐ.വി ബാധിതയായി ജനനം15 വയസുള്ള ഞാന്‍ ജന്മനാ എച്ച്.ഐ.വി ബാധിതയാണ്. ഏഴാം വയസിലാണ്, പോസിറ്റിവ് ആണെന്നു കണ്ടെത്തിയത്.

അന്നൊക്കെ സ്ഥിരമായി മരുന്നു കഴിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ രക്തമോ വസ്തുവകകളോ ആരും സ്പര്‍ശിക്കാന്‍ ഇടവരരുതെന്ന് അമ്മ പറയുമ്പോഴും അതെന്തുകൊണ്ടാണെന്നും എനിക്ക് മനസിലായിരുന്നില്ല.

എന്നാല്‍ ഇന്നെനിക്ക് കാര്യങ്ങളറിയാം. എന്നാലെനിക്ക് ഉത്കണ്ഠയില്ല. എനിക്കു സാധാരണ പോലെ ഉറക്കമുണ്ട്. എന്റെ പ്രായത്തിലുള്ള സാധാരണ പെണ്‍കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നു. ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഞാനെന്റെ പങ്കാളിയില്‍ നിന്ന് വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചു. അവനെന്നെ ഉപേക്ഷിക്കുമെന്ന ഭയത്താലായിരുന്നു അങ്ങനെ ചെയ്തത്. ഭയം അസ്ഥാനത്തായിരുന്നില്ല. ഞാന്‍ ഒരിക്കല്‍ വിവരം അറിയിച്ചപ്പോള്‍ അവനെന്നെ വിട്ടുപോയി. എന്നാല്‍ കുറച്ചുനാളിനു ശേഷം നിന്നെ എനിക്കു തിരികെ വേണമെന്നാവശ്യപ്പെട്ട് അവന്‍ വീണ്ടും വന്നു. എന്നാല്‍ ഞാനവനെ സ്വീകരിച്ചില്ല. എന്റെ അവസ്ഥ അറിയുന്ന മറ്റൊരു പങ്കാളിയെ എനിക്കു ലഭിച്ചു. എന്റെ അവസ്ഥ അവന്‍ പ്രശ്‌നമാക്കുന്നില്ലെന്ന് പല തവണ എന്നോടു പറഞ്ഞു. ഇതെന്നെ വളരെ സന്തോഷവതിയാക്കി. എനിക്കു ധാരാളം സുഹൃത്തുക്കളുണ്ട്. എച്ച്.ഐ.വി യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ജീവിതത്തിലുണ്ടാക്കുന്നില്ല.

പോരിനു തയ്യാറായി കെയിംഎച്ച്‌ഐവി ശരീരത്തെ ബാധിച്ചിരിക്കുന്നുവെന്ന തിരിച്ചറിവ് സകല ഞെരമ്പുകളെയും തളര്‍ത്തുന്ന ഒന്നായിരുന്നു. 20 വയസു മാത്രമായിരുന്നു അന്നെനിക്ക്. ഹൃദയം പറിച്ചെടുക്കുന്ന വേദനയ്ക്കിടയിലും ആ സത്യവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ പെടാപ്പാടു പെട്ടു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പുരുഷ സുഹൃത്തുമായി ഉണ്ടായിരുന്ന ലൈംഗിക ബന്ധമാണ് എന്നെ എച്ച്‌ഐവി ബാധിതനാക്കിയത്. കണ്ണില്‍ ചോരയില്ലാത്തവനായിരുന്നു അവന്‍. കരുണയോടെ ഒരു നോട്ടം പോലും ആ അവസരത്തില്‍ അവനില്‍ നിന്ന് ഉണ്ടായതുമില്ല.

യുണിവേഴ്‌സിറ്റിയില്‍ നിന്നു പഠനം നിര്‍ത്തി വീട്ടില്‍ എത്തിയെങ്കിലും ജീവിതം സുഗമമായില്ല. ഞാന്‍ പൊന്നു പോലെ സൂക്ഷിച്ചിരുന്ന ശരീരം മെലിഞ്ഞു വികൃതമായി തുടങ്ങി. സ്വവര്‍ഗ്ഗ രതിയെ കുറിച്ചു പ്രതിപാദിക്കുന്ന ഒരു ന്യൂസ് റിപ്പോര്‍ട്ടു പോലും വായിക്കാന്‍ മനസ് അനുവദിച്ചില്ല. ക്രൂരനായ എന്റെ സുഹൃത്ത് എന്നെ ചതിക്കുകയായിരുന്നുവെന്ന ചിന്ത എന്നെ വേട്ടയാടി. ബാറുകളില്‍ പോയി കുടിച്ചു കൂത്താടി എന്റെ വേദനകള്‍ ഞാന്‍ മറക്കാന്‍ ശ്രമിച്ചു.

മദ്യം എന്റെ വേദനകള്‍ ഇല്ലാതാക്കില്ലെന്ന തിരിച്ചറിവാണ് ജീവിതത്തെ കുറിച്ചു വളരെ വ്യത്യസ്തമായി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എച്ച്‌ഐവി ഒരു രോഗമാണെന്നും അത് എന്നെ പൂര്‍ണ്ണമായി കീഴടക്കാതിരിക്കാന്‍ വഴികള്‍ തേടണമെന്നും ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. കൃത്യമായ ചികിത്സ തേടാന്‍ ഞാന്‍ ശ്രമിക്കാന്‍ തുടങ്ങി. സാമൂഹിക ജീവിതം പഴയതു പോലെയാക്കാനായിരുന്നു എന്റെ ആത്മാര്‍ത്ഥമായ ശ്രമം. 14 വര്‍ഷമായി ഈ രോഗം എന്നെ വേട്ടയാടി തുടങ്ങിയിട്ട്. മരുന്നുകള്‍ മുടക്കാതിരിക്കാനായിരുന്നു എന്റെ ആത്മാര്‍ത്ഥമായ ശ്രമം. മദ്യം ഉപയോഗിക്കുന്നത് വീണ്ടും തുടങ്ങിയെങ്കിലും കുടിച്ചു മത്തു പിടിക്കുന്നത് ഞാന്‍ വെറുക്കാന്‍ തുടങ്ങി. 160 ആയിരുന്നു എന്റെ സിഡി4 കൗണ്ട്. ഇപ്പോള്‍ അതു തികച്ചും നോര്‍മല്‍ ആയി (10). ആര്‍ക്കും എന്റെ മനോവീര്യത്തെ തകര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ ഈ രോഗം എന്നെ ശക്തനാക്കി. ഡോക്ടര്‍മാരോടു മാത്രമല്ലാതെ വേറേ ആരോടും എന്റെ രോഗത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല. വ്യായാമം ഞാന്‍ ശീലിക്കാന്‍ തുടങ്ങി. ഭക്ഷണക്രമത്തില്‍ മാറ്റമുണ്ടായി. ഈ രോഗം എന്റെ ജീവിതത്തെയും ആരോഗ്യത്തെയും കവര്‍ന്നെടുക്കാന്‍ അനുവദിക്കരുതെന്ന നിശ്ചയ ദാര്‍ഢ്യത്തിലാണ് എന്റെ ജീവിതം. ജീവിതത്തോടും രോഗത്തോടും ഒരു പോരിന് തയ്യാറാണ് ഞാന്‍.

സ്നേഹത്തോടെ പെരുമാറി ജീവിക്കുന്നു: കര്‍ട്ട്ഞാന്‍ കര്‍ട്ട്, എനിക്ക് 22 വയസ്സുണ്ട്. കഴിഞ്ഞ മാര്‍ച്ച് 28 നാണ് എച്‌ഐവി പോസിറ്റീവാണെന്നു തിരിച്ചറിഞ്ഞത്. ശാരീരികമായി സുഖം തോന്നാത്തതുകൊണ്ടു ഞാന്‍ ടെസ്റ്റിനു വിധേയമാകുകയായിരുന്നു. കൂടുതല്‍ സമയം ജോലി ചെയ്തിരുന്നയാളാണു ഞാന്‍. ജലദോഷവും പനിയുംപോലുള്ള അസുഖങ്ങള്‍ പോലും മറ്റുളളവരിലേക്കു പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണു എന്റെ പക്ഷം.

ആ ദിവസം ഒരിക്കലും മറക്കാന്‍ പറ്റില്ല. ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നു പറഞ്ഞു ഡോക്ടര്‍ എന്നെ വിളിച്ചു. രാവിലെ ഏഴുമണിക്കു തന്നെ ഞാന്‍ പോയി, അമ്മയും സഹോദരിയും എനിക്കൊപ്പം വന്നു. ഡോക്ടറുടെ മുറിയിലേക്കു ഞാന്‍ തനിച്ചാണു കയറിയത്. അദ്ദേഹം എന്തായിരിക്കും പറയുന്നത് എന്നതിനെക്കുറിച്ചു ധാരണയൊന്നും ഇല്ലായിരുന്നു, എന്തു പറഞ്ഞാലും അമ്മ കേള്‍ക്കേണ്ടാ എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഡോക്ടര്‍ എന്റെ മുഖത്തേക്കു തന്നെ കുറച്ചു നേരം നോക്കിയിരുന്നിട്ടു മെല്ലെ സംസാരിച്ചു തുടങ്ങി.
കര്‍ട്ട്, എങ്ങനെയാണു പറയേണ്ടതെന്നറിയില്ല. എല്ലാവരും ഒരു ടെസ്റ്റിനു മാത്രം നെഗറ്റീവ് പ്രതീക്ഷിക്കും. പക്ഷെ റിസര്‍ട്ട് അങ്ങനെ സംഭവക്കണമെന്നില്ലല്ലോ, നീ എച്ച്‌ഐവി പോസറ്റീവാണ്.

ഞാന്‍ തകര്‍ന്നു പോയി. എന്റെ കണ്ണിലിരുട്ടു കയറി, ജീവിതം തീര്‍ന്നുവെന്നു ഞാന്‍ വിചാരിച്ചു. ഉറക്കെ കരഞ്ഞുകൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി. ശക്തിയായി മുഖത്തിടിച്ചാണു ഞാന്‍ കരച്ചില്‍ നിര്‍ത്താന്‍ ശ്രമിച്ചത്. ആത്മഹത്യ ചെയ്യുമൊയെന്ന് അമ്മയ്ക്കു പേടിയുണ്ടായിരുന്നു. അങ്ങനെ സംഭവിക്കില്ലെന്ന് അമ്മയ്ക്ക് ഉറപ്പുകൊടുത്തു. തിരിച്ച് പോരുമ്പോള്‍ എന്റെ കാറിന്റെ മുകള്‍ഭാഗം തുറന്നു വച്ചു. റേഡിയോ വളരെ ശബ്ദത്തില്‍ വച്ചു. കാറിലിരുന്ന് ഉറക്കെക്കരഞ്ഞു. എന്റെ കണ്ണുനീരില്‍ പുറംകാഴ്ച്ചകള്‍ക്കു തിളക്കം കുറഞ്ഞു വരുന്നതുപോലെ തോന്നി. എച്‌ഐവി പോസറ്റീവാണെന്ന കാര്യം ആരോടും പറഞ്ഞില്ല. 16 മണിക്കൂറാണ് അന്നു ഞാന്‍ ജോലി ചെയ്തത്. നാലു ദിവസങ്ങള്‍ക്കു ശേഷം ആളുകളോടു പറഞ്ഞു തുടങ്ങി. കൂടുതല്‍ പേരും അകല്‍ച്ച പാലിച്ചു തുടങ്ങി.

വേദന മറക്കാന്‍ രാത്രികളില്‍ അമിതമായി മദ്യപിക്കുന്നത് ശീലമാക്കി. ഒരു രാത്രി സുഹൃത്തുക്കള്‍ ചേര്‍ന്നു മദ്യപിച്ച ശേഷം എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വീട്ടില്‍ പോയി. ഞാന്‍ കടന്നു പോകുന്ന അവസ്ഥകളെക്കുറിച്ച് അവള്‍ക്ക് അറിയാമായിരുന്നു. അവളെന്നെ ആശ്വസിപ്പിച്ചു. നീ ഇങ്ങനെ കരഞ്ഞു ജീവിക്കുകയല്ലാ വേണ്ടതെന്ന് അവളെന്നോട് പറഞ്ഞു.

പെട്ടെന്ന് എനിക്ക് അമ്മയെ കാണണമെന്ന് തോന്നി. പുലര്‍ച്ചെ മൂന്നരയായിക്കാണും. കാറിലിരുന്നു കരഞ്ഞുകരഞ്ഞു കണ്ണുകളൊക്കെ ചുവന്നു. ഞാന്‍ ചെന്നപ്പോള്‍ അമ്മ കിടക്കുകയായിരുന്നു. എല്ലാ അമ്മമാരെപ്പോലെ എന്റെ അമ്മയ്ക്കും സിഗരറ്റിന്റെയും മദ്യത്തിന്റെയും മണം ഇഷ്ടമല്ലായിരുന്നു. അമ്മയുടെ മുറിയുടെ അടുത്തുവരെ പോയിട്ട് തിരിച്ച് എന്റെ മുറിയിലിരുന്നു വീണ്ടും കരഞ്ഞു. അമ്മ എന്റെ മുറിയിലേക്കു വന്നു. അവര്‍ക്ക് വല്ലാത്ത വിഷമമായി. കര്‍ട്ട്, നിനക്കല്ലാതെ നിന്റെ അസുഖത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അമ്മ പറഞ്ഞു. അമ്മ പറഞ്ഞത് കാര്യമാക്കി എടുക്കാന്‍ തീരുമാനിച്ചു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമൊ എന്നു പേടിച്ച് സുഹൃത്തുക്കളുടെ ഒപ്പം ഒഴിവു സമയങ്ങള്‍ വരെ ഞാന്‍ ഒഴിവാക്കി തുടങ്ങി.

ഡേറ്റിങ് ചെയ്തിട്ടു കാലങ്ങളായി. ഞാന്‍ പതുക്കെ എന്റെ ജീവിതത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തി. പതുക്കെപ്പതുക്കെ എന്റെ വീട്ടുകാരും സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. ഞാന്‍ ജീവിക്കാന്‍ തന്നെ തീരുമാനിച്ചു. ജീവിതത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നു പോസിറ്റീവ് കണ്ടെത്തിയാല്‍ നമുക്കു സന്തോഷത്തോടെ ജീവിക്കാന്‍ പറ്റുമെന്നാണ് എനിക്കു മനസിലായത്. എച്ച്‌ഐവി ബാധിതരായ ആളുകളോടു സ്‌നേഹത്തോടെ പെരുമാറിയാല്‍ അവര്‍ക്കു ജീവിക്കാന്‍ തോന്നും. ഈ ലോകത്തെ പല കണ്ണിലൂടെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നീ രോഗത്തെക്കുറിച്ചു ഞാന്‍ കൂടുതല്‍ പഠിച്ചു. രോഗത്തെക്കാള്‍ കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളതു സമൂഹത്തിന്റെ മനോഭാവമാണ്. ഭാഗ്യവശാല്‍ എനിക്കു കുറെ നല്ല സുഹൃത്തുക്കളേയും ബന്ധുക്കളെയുമാണു ലഭിച്ചത്. അതുകൊണ്ടു തന്നെ ഞാന്‍ വളരെ സന്തോഷത്തോടെ, പോസിറ്റീവായിട്ടു തന്നെ ജീവിക്കുന്നു.

അതിജീവനത്തിന്റെ ആത്മധൈര്യം-എംകെഎംകെ എന്നാണ്, ഞാന്‍ അറിയപ്പെട്ടിരുന്നത്. കുതിരയോട്ട മത്സരങ്ങള്‍ എന്നും ആവേശമായിരുന്നു. 2011 ലാണ്, കുതിരയോട്ടത്തിലെ എന്റെ ആദ്യത്തെ വീഡിയോ ഞാന്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. അതോടെ ഞാന്‍ പ്രശസ്തിയിലേയ്ക്കു കുതിക്കാന്‍ തുടങ്ങി. നിരവധിയാളുകള്‍ എന്റെ സൗഹൃദത്തിനായി കാത്തുനിന്നു. നവമാധ്യമങ്ങളില്‍ ഞാന്‍ ഒരു ആവേശമായി മാറാന്‍ തുടങ്ങി. എന്നെ ഒരു തവണ നേരിട്ടു കാണാനും ലൈംഗികതയില്‍ ഏര്‍പ്പെടാനും നിരവധി പേര്‍ കാത്തു നിന്നു. ഇത്തരം ക്ഷണങ്ങളെ അവഗണിക്കുകയാണ് ആദ്യം ഞാന്‍ ചെയ്തിരുന്നത്.

എന്നാല്‍ ഫെബ്രുവരി 2012 ല്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. ഒരു പുരുഷ സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഞാന്‍ ഏര്‍പ്പെട്ടു. എന്റെ ആദ്യത്തെ ലൈംഗിക ബന്ധമായിരുന്നു അത്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ സ്വീകരിച്ചിരുന്നില്ല.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എനിക്കു ഗുരുതരമായി രോഗം ബാധിച്ചു. ഒരാഴ്ചയോളം ഞാന്‍ ആശുപത്രിയില്‍ കിടപ്പായി. രണ്ടു മാസത്തോളം റൈഡില്‍ നിന്നു ഞാന്‍ മാറി നിന്നു. എല്ലും തോലുമായാണു മാസങ്ങള്‍ക്കു ശേഷം ഞാന്‍ ജോലിയില്‍ തിരിച്ചെത്തിയത്. ചെറിയ ചുമ പോലും എന്നെ വിട്ടു മാറാതെയായി. രാത്രിയില്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി. കടുത്ത പനിയും വിറയലും എന്നെ ബാധിക്കാന്‍ തുടങ്ങി. ശരീരഭാരം ക്രമാതീതമായി കുറയാന്‍ തുടങ്ങി. എന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കാന്‍ തുടങ്ങിയെന്ന് എനിക്കു വ്യക്തമാകാന്‍ തുടങ്ങി.

ഇന്റര്‍നെറ്റില്‍ എച്ച്.ഐ.വിയുടെ ലക്ഷണങ്ങളെക്കുറിച്ചു ഞാന്‍ പരതാന്‍ തുടങ്ങി. എന്റെ ഡോക്ടര്‍ എച്ച്ഐവി പരിശോധനയും കൗണ്‍സിലിംഗും നടത്താന്‍ എന്നോടു നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും എനിക്കു മനസു വന്നിരുന്നില്ല. എന്റെ കൗണ്‍സിലറും എന്നോടോപ്പം റിസല്‍ട്ടിനു വേണ്ടി കാത്തിരുന്നു. ഞാന്‍ വീട്ടില്‍ ആയിരിക്കുമ്പോഴാണ് എന്റെ കൗണ്‍സിലര്‍ എന്നെ വിളിക്കുന്നത്. അവര്‍ക്കു റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് എനിക്ക് എതിരായിരിക്കുമെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.

എന്റെ കണ്ണുകളില്‍ നോക്കാതെയാണ് ഞാന്‍ എച്ച്ഐവി ബാധിതനാണെന്ന് അവര്‍ പറഞ്ഞത്. ശരീരം തളരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ജീവിതം അവസാനിച്ചതായി എനിക്കു തോന്നി. എന്റെ അമ്മയുമായി സംസാരിക്കാന്‍ കൗണ്‍സിലര്‍ എനിക്കവസരം ഒരുക്കി തന്നു. അമ്മ പൊട്ടിക്കരയുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ദിവസങ്ങളോളം ഞാന്‍ വിഷാദരോഗത്തിന് അടിമയായി. കടിച്ചമര്‍ത്താന്‍ പോലും സാധിക്കാത്ത വേദനയോടെ ഞാന്‍ ചികില്‍സയ്ക്കു വിധേയനായി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറച്ചൊക്കെ ശമനം വന്നു. ഞാൻ ജോലിയ്ക്കു പോകാന്‍ തുടങ്ങി. നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ടു മാത്രം ആരോഗ്യം മെച്ചപ്പെടില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഞാന്‍ എന്നെ തന്നെ സ്നേഹിക്കാന്‍ തുടങ്ങി. എന്റെ ശരീരത്തെ ഇഷ്ടപ്പെടാന്‍ ഞാന്‍ പഠിച്ചു. എച്ച്ഐവി ബാധിച്ചാലും ജീവിതം ഉണ്ടെന്നു ഞാന്‍ മനസിലാക്കി. ഇത്തരം രോഗം ഉള്ളവരുടെ ഇടയില്‍ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.